അഗസ്റ്റിൻ ക്രിസ്റ്റി
ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഐപിഎൽ കാണാൻ കൊച്ചിയിൽ പോയിട്ടുണ്ട്. ഫ്രണ്ട്സും ഒന്നിച്ചാണ് പോയത്. ഞാൻ എത്തിയപ്പോൾ അൽപ്പം വൈകി. ബാക്കിയെല്ലാവരും ആദ്യമേ കയറി സീറ്റ് പിടിച്ചു. അകത്തുകയറിയപ്പോഴാണ് അവിടുത്തെ തിരക്ക് നേരിൽക്കണ്ടത്. എന്റെ ഫ്രണ്ട്സ് ഇരിക്കുന്നിടത്തേക്ക് എങ്ങനെയെത്തുമെന്ന് ഒരു എത്തുംപിടിയുമില്ലാതായി.
ഫോൺ വിളിച്ചിട്ടു അവർ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നുമില്ല. ടിക്കറ്റ് വലിച്ചെറിഞ്ഞു തിരിച്ചുപോയാലോ എന്നുവരെ ഞാൻ അന്നേരം ചിന്തിച്ചു. ഏതായാലൂം അവസാനം കുറേ അലഞ്ഞശേഷം ഒരു വിധത്തിൽ അവരെല്ലാവരെയും ഞാൻ കണ്ടെത്തി. അവരോടൊപ്പം ഞാനും കളികണ്ടു.nഇതുപോലെതന്നെ നമ്മൾ എല്ലാവരും ഉണ്ടായിരിക്കുകയും നമുക്ക് പ്രിയപ്പെട്ടവർ മാത്രം ഇല്ലാതിരിക്കുകയും ചെയ്യുന്ന സമയവും സന്ദർഭവും ജസ്റ്റ് ഒന്ന് ഇമാജിൻ ചെയ്തു നോക്കിക്കേ.
ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ഭാവനയിൽക്കാണാമോ?
അതിങ്ങനെയാണ് – സ്വർഗ്ഗത്തിൽ നമുക്കോരോരുത്തർക്കും ഓരോ മുറികളുണ്ട്. അതിൽ നമ്മുടെ കൂടെയിരുന്നു പഠിച്ചവർ, യാത്രയിൽ പരിചയപ്പെട്ടവർ, ബന്ധുക്കൾ, വീട്ടുകാർ, നമ്മുടെ അയൽവക്കത്ത് താമസിച്ചവർ, കൂട്ടുകാർ എല്ലാവരുമുണ്ട്. നമ്മുടെ അപ്പനും മൂത്തചേട്ടനും മാത്രം ഇല്ല. അവരുടെ മുറികൾ അടഞ്ഞുകിടക്കുന്നു. ഇനി അനിയത്തി മാത്രം ഇല്ലെങ്കിൽ, ചേച്ചിയും അനിയനും മാത്രമേ ഉള്ളുവെങ്കിൽ, കൂടെപ്പഠിച്ചവരിൽ രണ്ടുപേർ മാത്രം ഇല്ലായെങ്കിൽ, നമ്മുടെ ഫ്രണ്ട്സിൽ ഏറ്റവും പാവമായിരുന്നു ആ ഫ്രണ്ട് മാത്രം ഇല്ലായെങ്കിൽ – അങ്ങനെ ഓരോരുത്തരും.
പ്രിയപ്പെട്ടതെന്നു നമുക്ക് മനസ്സിലറിയാവുന്ന ആ ഒരാൾ മാത്രം അവർക്ക് നിശ്ചയിക്കപ്പെട്ടിരുന്ന മുറിയിൽ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ നമുക്ക് എന്തുതോന്നും? മാത്രവുമല്ല അവരെല്ലാവരും ഇനിയൊരിക്കലും അകത്തേക്കുവരാനാകാത്തവിധം ഭയാനകമായ ദുരിതക്കയത്തിൽ – അതിന്റെ വാതിൽക്കൽ നിന്നുകൊണ്ട് എന്നെക്കൂടി അവിടേക്ക് വിളിക്കാമായിരുന്നില്ലേ എന്നു നമ്മോടുപറയുന്ന സന്ദർഭംകൂടി ഒന്ന് ഭാവനയിൽ കണ്ടുനോക്കൂ.
ഞാനൊരു സത്യം പറയട്ടെ, ഭാവനയിൽ നിന്നും യാഥാർഥ്യത്തിലേക്ക് അധികം ദൂരമില്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനെയാകും നമ്മുടെയും അവസാനം. അതുകൊണ്ടു വ്യർഥതയുടെ പിന്നാലെയുള്ള ഓട്ടം നിർത്തി ഇന്നുതന്നെ സ്വർഗ്ഗം ലക്ഷ്യമാക്കിയുള്ള ഓട്ടം തുടങ്ങാം. ഓരോ സ്റ്റെപ്പും സ്വർഗ്ഗോന്മുഖമാകട്ടെ. നാമും നമ്മുടെ വേണ്ടപ്പെട്ടവരും. അവരെക്കൂടി അവിടെയെത്തിക്കാൻ വേണ്ടിയാണു നിന്നോടിത് കർത്താവ് പറയുന്നത്.
വീണ്ടുംവീണ്ടും പറയുന്നത്. മതിയാക്കുക. യേശുവിൽ അനുതപിക്കുക, യേശുവിൽ വിശ്വസിക്കുക, യേശുവിനെ ഏറ്റുപറയുക. ഇത്രയും ചെയ്താൽ മതി. നമുക്ക് ഒരുമിച്ചു സ്വർഗ്ഗം സ്വന്തമാക്കാം. ശ്രദ്ധിക്കണേ നമ്മൾ ഒരാളും ഒഴിയാതെ എല്ലാവരും അവിടെവേണം.
ടിക്കറ്റ് കീറിക്കളയുന്നതിനെക്കുറിച്ചു ദയവുചെയ്തു ഇനിമുതൽ ചിന്തിക്കരുത്. ഇപ്പോൾ നാം പോകുന്ന ലൈൻ കറക്ടാണു. ഒന്ന് ലെവലാക്കിയാൽ മതി. സഹായിക്കാം.
അവിടുന്ന് അവനെ മരുഭൂമിയില്‍, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെത്തി; അവനെ വാരിപ്പുണര്‍ന്നു, താത്പര്യപൂര്‍വം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.
നിയമാവർത്തനം 32:10 നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്.
ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. വിശുദ്ധ യോഹന്നാൻ 14:1-3.