Renit Alex Standsfor Jesus
കൃപാസനത്തെയും മരിയൻ ഉടമ്പടിയെയും ജോസഫ് അച്ചൻ എഴുതിയ ബുക്കിനെയും വിശദീകരിച്ചുകൊണ്ടുള്ള ഒരു ലേഖനം നമ്മിൽ പലരും വായിക്കുകയുണ്ടായി. എന്നാൽ ആ ലേഖനത്തിൽ, മറ്റു ധ്യാനഗുരുക്കന്മാരെയും അവരെഴുതിയ പുസ്തകങ്ങളെയും ഇകഴ്ത്തികാണിക്കുന്ന ഭാഗങ്ങൾ കാണുകയുണ്ടായി. കൃപാസനത്തെ ഉയർത്തിക്കാണിക്കുവാൻ ഈ താഴ്ത്തികെട്ടൽ അവിടെ ആവശ്യമായിരുന്നോ..?
പുതിയതായി രൂപമെടുത്ത ചില സഭാസമൂഹങ്ങൾ, അവരുടെ മേന്മ കാണിക്കുവാൻ ചില തിന്മയുടെ വഴി തിരഞ്ഞെടുക്കാറുണ്ട്. അതിലൊന്നാണ് കത്തോലിക്കാ സഭയെയും മാതാവിനെയും കുറ്റം പറയുകയും ചീത്തവിളിക്കുകയും ചെയ്യുക എന്നത്!മേന്മയില്ലാത്തതുകൊണ്ട്, സ്വന്തം മേന്മ കാണിക്കുവാൻ പരാജയപ്പെടുമ്പോൾ, മേന്മയുള്ളവരുടെ മേന്മയെ ഇകഴ്ത്തികാണിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമാണത്.
പക്ഷേ ഈ രീതി, കൃപാസനത്തിന്റെ മേന്മയെ പ്രകീർത്തിക്കുന്ന ഒരു ലേഖനത്തിൽ ഒരുതരത്തിലും വന്നുകൂടാൻ പാടില്ലായിരുന്നു. ഒത്തിരിപ്പേർക്ക് അത് വിഷമത്തിനും അതിരുവിട്ട ചർച്ചകൾക്കും കാരണമായി. ഭിന്നിപ്പിന്റെ ആത്മാവിന്റെ പ്രവർത്തനം വ്യക്തമായി സോഷ്യൽമീഡിയയിൽ കാണുവാൻ സാധിച്ചു. ‘മറ്റുള്ളവരിൽ തിന്മയുള്ളതുകൊണ്ട്, കൃപാസനത്തിൽ നന്മയുണ്ട്’ എന്നല്ല പറയേണ്ടത്. മറ്റു ധ്യാനകേന്ദ്രങ്ങളെയും ധ്യാനഗുരുക്കന്മാരെയും ചെറുതാക്കി ചിത്രീകരിച്ചുകൊണ്ടാണോ, തനിക്കിഷ്ടപെട്ട സ്ഥലത്തെയും ആളുകളെയും ഉയർത്തികാണിക്കേണ്ടത്..?
ഓരോ ധ്യാനകേന്ദ്രവും ദൈവം സ്ഥാപിച്ചിരിക്കുന്നത് വിവിധങ്ങളായ പരിശുദ്ധാത്മവരങ്ങളോടെയാണ്. അതുകൊണ്ടുതന്നെ ഒരു ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടുമ്പോൾ ലഭിക്കുന്ന അഭിഷേകമായിരിക്കില്ല മറ്റൊരു ധ്യാനം കൂടുമ്പോൾ നമുക്ക് ലഭിക്കുന്നത്. ദൈവം ഉയർത്തിയതിനെ ദൈവം ഉയർത്തിയവരെ നാം താഴ്ത്തികാണിക്കുന്നതെന്തിന്? അതുകൊണ്ട് നേട്ടം ശത്രുവിന് മാത്രം. ഭിന്നിപ്പിന്റെ ആത്മാവിനെയല്ല, മറിച്ച് ഐക്യത്തിന്റെ ആത്മാവിനെ പരിശുദ്ധമാവിനെയാണ് നാം പകർന്നുനൽകേണ്ടത്.
ഇത് വായിക്കുമ്പോൾ കൃപാസനത്തെ എതിർക്കുന്ന ലേഖനമായി ചിലപ്പോൾ തോന്നിയേക്കാം. തീർച്ചയായും അല്ല. അവിടെ നൂറുകണക്കിന് അത്ഭുതങ്ങൾ ദിനംപ്രതി സംഭവിക്കുന്നു. ചില സാക്ഷ്യങ്ങൾ ബാലിശമായി ചിലർക്ക് തോന്നുന്നു. വെറും തട്ടിപ്പായി സാക്ഷ്യങ്ങൾ ചിത്രീകരിക്കപ്പെടുന്നു. വിഗ്രഹാരാധന നടത്തുന്ന സ്ഥലമായി ചിലർക്ക് തോന്നുന്നു. അങ്ങനെയെങ്കിൽ അവിടെ ദൈവം ഉണ്ടാവില്ലല്ലോ..? അപ്പോൾ പിശാചായിരിക്കുമോ അവിടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്..?
അല്ല എന്നുറപ്പിച്ചുപറയുവാൻ സാധിക്കും. കാരണം ഉടമ്പടി എന്നത്, പൂർണമായും വിശുദ്ധജീവിതം നയിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്ന നിർദേശങ്ങൾമാത്രം ഉൾക്കൊള്ളുന്നതാണ്. (ഉടമ്പടിയിലെ നിർദേശങ്ങൾ ആത്മാവിനെ നശിപ്പിക്കുന്നതാണെന്ന് തെളിയിക്കുവാൻ വിമർശകരെ ക്ഷണിക്കുന്നു…) അതുവഴി എത്രയോപേർക്ക് കൂടുതൽ വിശുദ്ധിയിൽ ജീവിക്കുവാൻ സാധിക്കുന്നു. ദുശീലങ്ങളും പാപജീവിതവും ഉപേക്ഷിക്കുന്നവരുടെ സാക്ഷ്യങ്ങളും നാം കേൾക്കുന്നുണ്ടല്ലോ. എങ്കിലും ഭൗതികാനുഗ്രഹങ്ങളുടെ സാക്ഷ്യങ്ങളായിരിക്കും നാം കൂടുതൽ കേൾക്കുന്നത്.
ഭൂരിപക്ഷവും അവിടെ വരുന്നത് അതിനുവേണ്ടിത്തന്നെയാണ് എന്നതുതന്നെ കാരണം. പക്ഷേ ഭൗതിക അപ്പം ചോദിച്ചുവരുന്നവർക്ക് ജീവന്റെ അപ്പം അവിടെനിന്ന് ലഭിക്കുന്നു…!! അവർ വിശുദ്ധിയുടെ പടവുകൾ ചവിട്ടി ദൈവത്തിലേയ്ക്കടുക്കുന്നു. എന്നാൽ പൂർണതയിൽ ലഭിച്ച ഭൗതികാനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തുന്നതുപോലെ, “ഞാൻ വിശുദ്ധിയിൽ ജീവിക്കുന്നു..” എന്ന് സാക്ഷ്യപ്പെടുത്തുവാൻ ആർക്കും സാധിക്കില്ല. പരിശുദ്ധനായ ദൈവം ആവശ്യപ്പെടുന്ന പരിശുദ്ധിയിലെത്തുവാൻ നമുക്ക് സാധിക്കില്ല എന്നതുതന്നെ കാരണം. പൂർണതയിലെത്താത്ത സാക്ഷ്യം പറയുവാൻ തീർച്ചയായും നമുക്ക് മടി വരുമല്ലോ.
പിന്നെ ചില സാക്ഷ്യങ്ങൾക്ക് സ്റ്റാൻഡേർഡ് പോരാ എന്നുപറയുന്നവരോട് ഒന്നേ പറയാനുള്ളൂ.. ഇക്കാര്യത്തിൽ നമ്മുടെ കർത്താവിനും ഒട്ടും സ്റ്റാൻഡേർഡ് പോരായിരുന്നു. !! അൽപ്പമെങ്കിലും ‘സ്റ്റാൻഡേർഡ്’ ഉണ്ടായിരുന്നേൽ സ്വന്തം തുപ്പൽകൊണ്ട് ചെളിയുണ്ടാക്കി വേറൊരു മനുഷ്യന്റെ കണ്ണിൽ പുരട്ടുമായിരുന്നോ..? സൗഖ്യം ലഭിച്ച ആ അന്ധൻ സാക്ഷ്യം പറഞ്ഞാൽ നിങ്ങൾ അതിനെയും കളിയാക്കില്ലേ..?
കൃപാസനത്തിൽ ആളുകൂടുന്നത് അത്ഭുതങ്ങൾ നടക്കുന്നുള്ളതുകൊണ്ടുതന്നെയാണ്. 2000 വർഷങ്ങൾക്കുമുമ്പും കർത്താവ് തന്റെ ചുറ്റും ആളുകളെ കൂട്ടിയത് അത്ഭുതങ്ങൾ പ്രവർത്തിച്ചുതന്നെയാണ്. അതേ കർത്താവ്, മാതാവിന്റെ ശക്തമായ മധ്യസ്ഥത്താൽ കൃപാസനത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിൽ നിങ്ങളെത്തിന് പിശാചിനെപ്പോലെ അസ്വസ്ഥനാകുന്നു .? ആത്മീയതയിൽ ജീവിക്കുന്നു എന്ന് നടിക്കുന്ന പലരും, അവഹേളിക്കുന്ന വാക്കുകൾ പറയുന്നതുകേൾക്കുമ്പോൾ, പരിശുദ്ധാത്മാവിന്റെ അത്ഭുതപ്രവർത്തനത്തെ നിന്ദിക്കുന്ന പാപത്തിന്റെ ശിക്ഷാവിധിയെക്കുറിച്ച് ചിന്തിക്കാതെ, പൂർണമായും ആത്മീയ അഹങ്കാരത്തിന്റെ പിടിയിൽ ഇവർ പെട്ടുപോയി എന്ന് പറയേണ്ടിയിരിക്കുന്നു.
ദൈവം നട്ടതെങ്കിൽ ദൈവം വളർത്തും. നശിപ്പിക്കുവാൻ നിങ്ങളുടെ വായിൽനിന്നും വരുന്ന ദൂഷണങ്ങൾക്കാവില്ല. ചോദിക്കുന്ന നിസാരകാര്യങ്ങൾപോലും കൊടുക്കാൻ ദൈവം തയ്യാറാണെങ്കിൽ, ചോദിക്കരുതെന്നു പറയുവാനോ, കൊടുക്കരുതെന്ന് ദൈവത്തോട് ആജ്ഞാപിക്കുവാനോ നിങ്ങൾ ആരാണ്..? “അപ്പസ്തോലന്മാർവഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു. വിശ്വസിച്ചവർ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.” (അപ്പ. 2 :43-44).
അത്ഭുതങ്ങളും അടയാളങ്ങളും ഇപ്പോഴും സംഭവിക്കുന്നു. എന്നാൽ നാം ഒറ്റ സമൂഹമാണോ..? അല്ല എന്നുറപ്പിച്ചുപറയുവാൻ സോഷ്യൽമീഡിയ മാത്രം നോക്കിയാൽ മതി.. ഭിന്നിപ്പിന്റെ ആത്മാവിന്റെ കള വിതറികൊണ്ട് പരിശുദ്ധാത്മാവിന്റെ ഫലം കൊയ്യുവാൻ എങ്ങനെ സാധിക്കും..? സ്വന്തം കുറവുകൾ ആദ്യം പരിഹരിക്കുവാൻ ശ്രമിക്കാം.
ദൈവനാമം മഹത്വപ്പെടട്ടെ… ആമേൻ!