Sajeev Antony Chackalackal
അപ്പന്റെ ഓർമ്മദിവസം…
മക്കൾക്ക് അരികിലില്ലാത്ത അപ്പനെക്കുറിച്ച് മാത്രം ഓർക്കുവാനായി ഒരുദിനം.
അപ്പന്റെ സ്നേഹം, കരുതൽ……
കുടുംബത്തെ ഉറപ്പിച്ചുനിർത്താൻ, വളർത്താൻ അപ്പൻ ചെയ്ത കഠിനാധ്വാനം.
ആ നല്ല ഓർമ്മകൾ നാളെയുടെ നന്മക്കു പ്രചോദനമാവാൻ…
തോമാശ്ലീഹാ…
ഭാരതത്തിന്റെ അപ്പസ്തോലൻ
മാർത്തോമാ നസ്രാണികൾ എന്നപേരും, ഈശോയിലുള്ള വിശ്വാസവും പകർന്നുതന്ന പിതാവ്.
നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ എന്ന ഗുരുവചനം അനുസരിച്ചു അതി വിദൂരതയിൽനിന്നും ഭാരതമണ്ണിലെത്തിയ ധീരൻ .ഭാരത മണ്ണിലൂടെ പ്രേഷിത യാത്ര നടത്തി അനുഭവിച്ച ഗുരുവിനെ പൂർവ്വികർക്ക് പകർന്നുകൊടുത്ത് ഉറപ്പിച്ച്നിർത്തിയ സ്നേഹപിതാവ്.
കൂടെയുള്ളവർ ലോകത്തെയും സാഹചര്യങ്ങളെയും ഭയപ്പെട്ടു നിന്നപ്പോൾ അവനോടൊപ്പം മരിക്കാൻ നമ്മുക്കും പോകാം എന്നുപറഞ്ഞുകൊണ്ട് ഗുരുവിനെ സ്നേഹിച്ച് ഒപ്പം ചേർന്ന്നിന്ന ശിഷ്യൻ… ഇന്നത്തെ ലോകസാഹചര്യങ്ങളിൽ തിരുസഭയും വിശ്വാസങ്ങളും അവഹേളിക്കപ്പെടുമ്പോൾ, ചോദ്യം ചെയ്യപ്പെടുമ്പോൾ ഇന്നത്തെ മക്കളായ നമ്മൾ ചേർന്ന് നിൽക്കുന്നുവോ? നിസ്സംഗരാകുന്നുവോ? ആ അപ്പൻ നമ്മോടു ചോദിക്കുന്നുണ്ടാവാം……
ശിഷ്യർക്കു ഗ്രഹിക്കാൻ കഴിയാഞ്ഞ ദിവ്യ വചസ്സുകൾ ഗുരു പകർന്നപ്പോൾ,മറ്റുള്ളവർ മനസ്സിലാക്കാതെ നിശബ്ദരായപ്പോൾ കർത്താവേ നീ എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല; പിന്നെ വഴി എങ്ങനെ അറിയും. എന്ന് നിഷ്കളങ്കതയോടെ ചോദിച്ച ശിഷ്യൻ…….
ആ ചോദ്യം ഗുരുവിനെ വലിയൊരു സത്യം വെളിപ്പെടുത്താൻ പ്രേരിതനുമാക്കി… ഞാൻ വഴിയും സത്യവും ജീവനുമാകുന്നു, എന്നിലൂടെ അല്ലാതെ ആർക്കും പിതാവിന്റെ പക്കലേക്കു പോകുക സാധ്യമല്ല.
സഭയെക്കുറിച്ച്, വിശ്വാസ സത്യങ്ങളെക്കുറിച്ച് ഒക്കെ ചുറ്റുപാടുകളിനിന്നും ആക്രോശങ്ങൾ, ആക്രമണങ്ങൾ ഉണ്ടാവുമ്പോൾ നമ്മൾ സത്യം മനസ്സിലാക്കുവാൻ ശ്രമിക്കാറുണ്ടോ? അതിനായുള്ള സാഹചര്യം സൃഷ്ടിക്കുമോ? അതോ ഭൂരിപക്ഷത്തെപ്പോലെ നിശബ്ദരാകുമോ?
കൂടെയുള്ളവർ പറഞ്ഞത് അതേപടി വിശ്വസിക്കാതെ, നേരിൽ കാണണമെന്ന് സ്നേഹപൂർവം വാശി പിടിക്കുന്ന ശിഷ്യനും; ആ സ്നേഹത്തിനുമുൻപിൽ തന്നെ സ്വയം വെളിപ്പെടുത്തുകയും ചെയ്ത ഗുവിനെയും നമ്മൾ കാണുന്നു.
ഇന്ന് നമ്മുക്കും ഇതുപോലെ തീഷ്ണതയോടെ നിലപാടെടുക്കാനാവുന്നുണ്ടോ?
നിലപാടിൽ ഉറച്ചുനിന്ന് ജീവിതം സമർപ്പിക്കാനാവുന്നുണ്ടോ?
അവിടെ അതാ തോമാ ശ്ലീഹാ കാണിച്ചു തരുന്നു…
പൂർണ്ണ സമർപ്പണം…
എന്റെ കർത്താവേ, എന്റെ ദൈവമേ.
പിന്നീട് ശ്ലീഹാ തിരിഞ്ഞു നോക്കിയിട്ടില്ല, ഉറച്ച കാൽവെയ്പോടെ മുൻപോട്ടുതന്നെ നീങ്ങി… പ്രാണൻ നമ്മുടെ മണ്ണിൽ സമർപ്പിക്കുവോളം.
ആദിമ സഭയിൽ അപ്പസ്തോലൻ എന്ന പദവിക്ക് 3 യോഗ്യതകൾ വേണമെന്ന് കണക്കാക്കിയിരുന്നതായി പറയപ്പെടുന്നു…
യേശുവിനെ സ്നേഹിക്കുന്നവൻ, ഉയിർത്തെഴുനേറ്റവനെ ദർശിച്ചവൻ, കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്തവന് സാക്ഷ്യം വഹിക്കുന്നവൻ. ഈ യോഗ്യതകൾ നമ്മുടെ തോമ്മാശ്ലീഹായിൽ നിറഞ്ഞ് നിന്നിരുന്നു.
ഈ ഓർമ്മ ദിനത്തിൽ നമ്മുക്കും നമ്മുടെ തോമാശ്ലീഹായെപോലെ, അവിടുന്ന് പകർന്നു തന്നതുപോലെ, ജീവിതത്തിൽ എല്ലാറ്റിലും ഉപരിയായി ഈശോയെ, അവിടുത്തെ നിറസാന്നിധ്യമായ സഭയെ സ്നേഹിക്കാം, ജീവിതത്തിന്റെ ഏത് അവസ്ഥയിലും സഭയോടും ചേർന്ന് നിൽക്കാം; അനുദിനം ഈശോയെ ദർശിക്കാം, അവിടുത്തേയ്ക്കായ് നമ്മേ സമർപ്പിക്കാം, സഭയോട് ചെന്ന് ജീവിക്കാം. ഒപ്പം മുൻപോട്ടുള്ള ജീവിതത്തിൽ സാക്ഷികളും; പ്രേഷിതരുമായി മാറാം.
വി. തോമ്മാശ്ലീഹായുടെ മാധ്യസ്ഥം മക്കളായ നമ്മോടൊപ്പം എപ്പോഴും ഉണ്ടാവട്ടെ.