ലഹരി മാഫിയ വലവീശിപ്പിടിക്കുന്നത് ക്ലാസ് മുറികളിലെ മിടുക്കികളെ, നമ്പർ വൺ വീമ്പുപറയുന്ന കേരളത്തിന്റെ ദയനീയ മുഖം ഇതാണ് .നമ്പർ വൺ കേരളത്തിലെ പ്രധാന നഗരമായ കൊച്ചി നഗരം സാധാരണക്കാർക്കു അപകടകരമായ നിലയിലേക്ക് മാറി കൊണ്ടിരിക്കുന്നു.പനമ്പിള്ളിനഗർ വെടിവെപ്പ് കേസ് 2018 ഇൽ ആണുണ്ടായത്. ഈയടുത്തു ഉണ്ടായ പുരാവസ്തു മാവുങ്കൽ കേസ്, ബൈപാസിലെ മോഡലുകളുടെ അപകടമരണം, ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ കഥകൾ എന്നിവയെല്ലാം സാധാരണക്കാരെ ബാധിക്കാത്ത കേസുകൾ എന്നായിരുന്നു പൊതുധാരണ.
എന്നാൽ ഇക്കഴിഞ്ഞ ദിവസം കലൂര് റോഡിലുണ്ടായ വാഹനാപകടം, മരണം, അതുമായി ബന്ധപ്പെട്ട സ്കൂൾ പെൺകുട്ടികൾ, കൊച്ചു കുട്ടികളുമായി ചേർന്ന് പകൽ സമയത്തു പോലും ലഹരി എത്തിച്ചുകൊടുത്ത സംഭവങ്ങൾ എല്ലാം വലിയ ഒരു പ്രശ്നമായി സമൂഹത്തെ ഭയപ്പെടുത്തുന്നു . നഗരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന സ്റ്റാർഹോട്ടൽ ഡാൻസ് പാർട്ടികൾ, ഒഴിഞ്ഞ ദ്വീപുകളിൽ ഉണ്ടാകുന്ന ഡ്രഗ് റേവ് പാർട്ടികൾ എന്നിവയിൽ നാമോ നമ്മുടെ കുട്ടികളോ പോകുന്നില്ലല്ലോ, പിന്നെ നാം എന്തിനു അവയെ കുറിച്ച് ആകാംക്ഷപെടണം എന്നാണ് പൊതുവെ എല്ലാവരും ചിന്തിക്കുന്നത് . എന്നാൽ ചില കാര്യങ്ങൾ അങ്ങിനെ അല്ല.
ഇന്ന് ഏഴു എട്ടു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ പോലും അപരിചിതരായ ആളുകളോട് സോഷ്യൽ മീഡിയ വഴി സൗഹൃദം ഉണ്ടാക്കുന്നു. ഇൻസ്റ്റഗ്രാംലും ഫേസ്ബുക്കിലും കുറച്ചു ലൈക്കും കമെന്റും കൂടുതൽ കിട്ടാനും സമയം ചിലക്കഴിക്കാനും മാത്രം തുടങ്ങുന്ന ഇവ പൂർണമായും Fake ഐഡന്റിറ്റി ഉള്ള ക്രിമിനലുകളുമായി പെട്ടെന്ന് ഇവരെ ബന്ധപ്പെടുത്തുന്നു. എല്ലാവർക്കും വരാവുന്ന പോപ്പുലർ ആയ ജ്യൂസ് / ഷവർമ കടകളിൽ വന്നു തുടങ്ങി പിന്നെ വാഹനങ്ങളിലും ഉൾപ്രദേശങ്ങളിലും എല്ലാം ആകുന്നു. സൈക്കിൾ, ബൈക്ക് ക്ലബുകൾ, ഷോർട്ഫിലിം / ഫോട്ടോഗ്രാഫി ജോയിന്റുകൾ എന്നിങ്ങനെ ഒരു എതിർപ്പും ഒരു പാരന്റ്സിനും പറയാൻ പറ്റാത്ത ന്യായീകരണം ഇവർ ഉണ്ടാക്കും.
വീടുകളിലും ഫ്ളാറ്റുകളിലും കുട്ടികൾ മാത്രമായി നടക്കുന്ന Birthday പാർട്ടികൾ. ഇതൊന്നും നമ്മുടെ കുട്ടികൾ വഴിപിഴച്ചു എന്ന് പറയാൻ പറ്റുന്ന കാര്യങ്ങൾ അല്ല. എന്നാൽ വിലകൂടിയ സ്പീഡ് ബൈക്കുകൾ, വസ്ത്രങ്ങൾ, വിദേശ ഷൂ, കൂടിയ മൊബൈൽ ഫോൺ, വാച്ച് ഇതൊക്കെ നമ്മുടെ മക്കൾക്കു എങ്ങിനൊയൊ ആരോ വഴി നിസ്സാരമായി കിട്ടുമ്പോഴും പരെന്റ്സ് അത് വാങ്ങി കൊടുക്കാൻ നിര്ബന്ധിതരാകുമ്പോഴും നമ്മുടെ കുട്ടികളുടെ Birthday പാർട്ടികൾ വലിയ ചിലവിൽ മറ്റാരോ വഴി നടത്തപെടുമ്പോഴും ചില അപകട സൂചനകൾ ഉയരുന്നുണ്ട്. എന്തിനു ഇവർ നമ്മുടെ കുട്ടികൾക്കായി വെറുതെ പണം മുടക്കണം?
രാത്രി 9 – 10 മണി കഴിയുമ്പോൾ നഗരത്തിലും പരിസരസ്ഥലങ്ങളും ഇന്ന് കുട്ടികൾ സഞ്ചരിക്കുന്ന ബൈക്കുകളും കാറുകളും ഏറെ ഉണ്ട്. ഇവര് എവിടേക്കു പോകുന്നു? അവർ വഴിയരികിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നു. ആർക്കും അവരെ ചോദ്യം ചെയ്യാനാവില്ല. പരസ്യമായി ഒരു നിയമലംഘനവും പോലീസിനും പറയാനാവില്ല. പക്ഷെ ഇത് കാണുന്ന ഏതു അച്ഛനമ്മമാർക്കും ഉള്ളൊന്നു പിടക്കും. എന്റെ മോൻ? എന്റെ മോൾ? അവർ ഇതിന്റെ അപകടം തിരിച്ചറിയുന്നില്ലല്ലോ! ഇതിനെ കുറിച്ച് സംസാരിച്ചാൽ എന്തേ ഞങ്ങളെ വിശ്വാസമില്ലേ എന്നാണ് മറുചോദ്യം.
നമുക്കുത്തരമില്ല. പേയിങ് ഗസ്റ്റ്, ഹോസ്റ്റൽ എന്നിവയുടെ ഗേറ്റിനു സമീപം നിർത്തിയിട്ട കാറുകളുടെ നീണ്ട നിര. ഏതോ ഗ്രാമങ്ങളിൽ ഈ കുട്ടികളുടെ അച്ഛനമ്മമാർ ഇവരുടെ ജീവിതത്തിനായി കടം വാങ്ങി കഷ്ടപ്പെട്ട് ഭാവി സ്വപ്നം കണ്ടു പ്രാർത്ഥിച്ചു ഇരിക്കുന്നുണ്ടാകും. ഇവിടെ രാത്രി 12 മണിക്ക് റോഡരികിൽ ബൈക്കിനു മുകളിൽ നേരെ നേരെ ഇരുന്നു അവനും അവളും കട്ടൻ ചായയും കൊത്തു പൊറോട്ടയും കാട ഫ്രൈയും കഴിക്കുന്നു. സ്വാതന്ത്ര്യം, ശരിയാണ്, ഇതിൽ ഒരു തെറ്റുമില്ല, പക്ഷെ ഇത് നല്ലതിനല്ല. രാവിലെ എഴുന്നേൽക്കുന്നത് 11 മണിക്ക്. രാത്രി അവസാനിക്കുന്നത് 2 മണിക്ക്. പുതിയ സമയക്രമങ്ങൾ. എന്തേ ചില ഇടങ്ങളിൽ എന്നും ഇത്ര തിരക്ക്? ആരുടെ മക്കളാണ് ഇതിൽ നിന്ന് മാറി നില്കുന്നത്? വളരെ അപൂർവം.
സംസ്ഥാനത്തെ ലഹരിമാഫിയയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി ലഹരിക്ക് അടിമകളാക്കുകയും പിന്നീട് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും അതിനും ശേഷം തങ്ങളുടെ സംഘത്തിലെ ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് കൊച്ചിയിലെ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്. നന്നായി പഠിക്കുന്ന ഒരു പെൺകുട്ടിയെയാണ് ലഹരി മാഫിയ ടാർജറ്റ് ചെയ്തത്. സ്കൂൾ ടോപ്പായ വിദ്യാർത്ഥിനി ഈ സംഘത്തിന്റെ വലയിൽ അകപ്പെട്ടു. പിന്നീട് ലഹരി ഉപയോഗം ആരംഭിച്ചു. ലൈംഗിക ചൂഷണത്തിന് ഇരയായി.
ലഹരിക്കടത്ത് സംഘങ്ങൾക്കൊപ്പം കൊച്ചി നഗരത്തിലൂടെ കാറിൽ ചീറിപ്പാഞ്ഞു. ഇതൊന്നും രക്ഷകർത്താക്കൾ അറിഞ്ഞില്ല. സ്കൂൾ അധികൃതരോ അധ്യാപകരോ അറിഞ്ഞില്ല. സംസ്ഥാനത്തെ രഹസ്യ പൊലീസോ ഭരണകൂടമോ പോലും അറിഞ്ഞില്ല. ലഹരി മാഫിയ സംസ്ഥാനത്തെ സ്കൂളുകളുടെ പരിസരത്ത് തമ്പടിച്ച ലഹരി സംഘങ്ങളെ കുറിച്ച് മുന്നേ തന്നെ വാർത്തകൾ വന്നിരുന്നു. ലഹരി മാഫിയ തമ്പാക്കും ഹാൻസും കഞ്ചാവും വിട്ട് മാരക രാസലഹരിയിലേക്ക് കടന്നതും ഇവിടുത്തെ അധികാരികൾക്ക് അറിവുള്ളതാണ്.
പക്ഷേ ഈ ക്രൂര കൊലയാളി സംഘങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എന്തെങ്കിലും പദ്ധതികൾ തയ്യാറാക്കുവാൻ 2014 -16ൽ ക്ലീൻ കാമ്പസ് സേഫ് കാമ്പസ് എന്ന പരിപാടി ഭരണകൂടം വിഭാവനം ചെയ്തെങ്കിലും രണ്ടോ മൂന്നോ വർഷത്തെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ. പൊലീസും രഹസ്യപ്പൊലീസും നിഴൽപ്പൊലീസും എക്സൈസുമെല്ലാമുള്ള ഈ സംസ്ഥാനത്ത് ക്ലാസ്മുറികളിലെത്തി ബോധവത്ക്കരണ ക്ലാസുകൾ നടത്തുന്നതിലൂടെ മാത്രം ഈ ദുരന്തത്തെ നേരിടാൻ നമുക്ക് കഴിയില്ല. ലഹരിമരുന്ന് കേസുകളിൽ ശിക്ഷ കർശനമാക്കുകയും പരിശോധന ശക്തമാക്കുകയുമാണ് ആദ്യം വേണ്ടത്.
സ്റ്റുഡന്റ് പൊലീസ്, എൻസിസി, സ്കൗട്ട്, ജൂനിയർ റെഡ്ക്രോസ് എന്നിവ സ്കൂളുകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ അവരെ നോക്കുകുത്തിയാക്കി നിർത്തുക മാത്രമാണ് ചെയ്യുന്നത്. അവരെ കൂടി വിശ്വാസത്തിലെടുത്ത് മറ്റ് കുട്ടികളെ നിരീക്ഷിക്കാൻ പൊലീസോ രഹസ്യ പൊലീസോ അധ്യാപകരുടെ കൈകോർത്തുപിടിച്ച് ഉണ്ടാകണം. സ്കൂളുകളും പരിസരവും നിരീക്ഷിക്കാൻ പൊലീസോ രഹസ്യപ്പൊലീസോ നിഴൽപോലീസോ ഉണ്ടാകണം. സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത് എന്നത് വളരെ ഗൗരവത്തോടെ കാണണം.
കുട്ടികളെ ലഹരിയിലേക്ക് എത്തിക്കുന്നത് കൗമാരത്തിന്റെ ചാപല്യം മാത്രം മുതലെടുത്താണ്. ലഹരി മുതൽ പെൺവാണിഭം വരെ ഒറ്റ പാക്കേജായി സാമൂഹിക വിരുദ്ധ ശക്തികൾ അവതരിപ്പിക്കുമ്പോഴും സംസ്ഥാനം ഭരിക്കുന്നവർ, ലോകത്ത് നമ്പർ വൺ എന്ന് പറയുന്നവർ മൗനം പാലിക്കുകയാണ്. നമ്മുടെ പുതുതലമുറയുടെ നാമ്പുകൾ മുളയിലേ കരിച്ചുകളയുന്ന സാമൂഹിക വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ സംസ്ഥാന ഭരണകൂടത്തിന് കഴിയുന്നില്ല.
എന്തുകൊണ്ടാണ് ലഹരി മാഫിയ പെൺകുട്ടികളെ ലക്ഷ്യം വെക്കുന്നത്? കേവലം കഞ്ചാവ് കച്ചവടം മാത്രമല്ല, ഇത്തരം മാഫിയ സംഘങ്ങൾ ലക്ഷ്യം വെക്കുന്നത് എന്നതിന്റെ സൂചനയാണിത്. ഭരണകൂടങ്ങൾ മാത്രമല്ല, രക്ഷകർത്താക്കളും അധ്യാപകരും സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പാലിച്ചേ തീരൂ. മിടുക്കരായ നമ്മുടെ കുട്ടികൾ ലഹരി മാഫിയയുടെ ക്രൂരതയിൽ പിടഞ്ഞുവീഴാൻ ഇനിയും ഇടവരരുത്. സ്കൂളുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കണം. ലഹരി മാഫിയയുടെ പ്രഭവസ്ഥനം കണ്ടെത്തി നശിപ്പിക്കാൻ കഴിയണം.
ഒരിക്കൽ ചതിക്കുഴിയിൽ വീണാലും ധൈര്യസമേതം തുറന്ന് പറഞ്ഞ് കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കാനുള്ള ആർജ്ജവം നമ്മുടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഉണ്ടാക്കിയെടുക്കണം. പ്രാഥമികമായി ഇത്രയെങ്കിലും ചെയ്താൽ മാത്രമേ ക്ലാസ് മുറികളിലെ മിടുക്കികൾക്ക് ഈ നാട്ടിൽ ഭയമില്ലാതെ നടക്കാനാകൂ. ഇത് കൊച്ചിയുടെ മാത്രം കഥയല്ല , തൃശൂരും , കോട്ടയവും , തിരുവനന്തപുരവും അല്ല രാത്രി വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന ഓരോ പട്ടണവും ഗ്രാമവും ഇന്ന് നമ്മുടെ നല്ല കുട്ടികളുടെ സ്വാതന്ത്ര്യം അതിന്റെ ദുരുപയോഗത്തിനായി അവരെ പ്രലോഭിപ്പിക്കുന്ന കാര്യങ്ങളുമായി കറങ്ങി നടക്കുന്ന കുറെ ക്രിമിനലുകളുടെ വിഹാരരംഗമായി മാറുന്നു. ഉപദേശം കൊണ്ട് ഇത് തിരുത്താനാകില്ല. നമ്മുടെ മക്കളെ വെറുതെ കുറ്റപ്പെടുത്താതെ, ന്യായീകരിക്കാതെ അവരെ ശ്രദ്ധിക്കാൻ ശ്രമിക്കാൻ നമുക്ക് മടി തോന്നാതിരിക്കട്ടെ.
By, TEAM CASA