ഒരുതവണയെങ്കിലും ചോദിച്ചുനോക്കൂ… പ്രശ്നങ്ങളുണ്ടെന്ന് ദൈവത്തോട് പറയുകയല്ല പ്രശ്നങ്ങളോട് എനിക്കൊരു ദൈവമുണ്ടെന്ന് പറയുകയാണ് ചെയ്യേണ്ടത്.
പ്രിയപ്പെട്ടവരെ കഴിഞ്ഞ ദിവസം എനിക്കൊരു കൊച്ചു ദൈവാനുഭവമുണ്ടായി. കുറെ വേസ്റ്റ് പേപ്പറുകൾ കത്തിക്കാനുണ്ടായിരുന്നു. പിന്നത്തേക്ക് വയ്ക്കാതെ ഉടനെതന്നെ കത്തിക്കാൻ ഒരു തോന്നൽ. വൈകാതെ ചെയ്തു. അത് കത്തിതീരുകയല്ല നല്ല മഴ തുടങ്ങി. പിന്നീട് ഒരാഴ്ച്ച മഴയായിരുന്നു. അന്നേരം ചെയ്തില്ലാതിരുന്നെങ്കിൽ ഇന്നും അത് നനഞ്ഞുകിടന്നേനെ.
ഈ സീനിൽ വലിയ അദ്ഭുതമൊന്നും ഇല്ല. പക്ഷേ ഈ കൊച്ചുകാര്യത്തിൽ എന്റേതല്ലാത്ത ഒരു അദൃശ്യകരം എനിക്ക് കാണാനാകുന്നുണ്ട്. അതാണ് എനിക്കുണ്ടായ ദൈവാനുഭവം. ചെറുതും വലുതുമായ നമ്മുടെ കാര്യങ്ങളിലെല്ലാം തന്നെ ഇടപെടുന്ന ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നത് ഇത്തരം ദൈവാനുഭവങ്ങൾ നിരന്തരം ഉണ്ടാകുന്നതുകൊണ്ടാണ്. പിന്നിടുന്ന വഴികളിൽ അദൃശ്യകരങ്ങളും കാൽപ്പാടുകളും അവശേഷിപ്പിക്കുന്നവനാണ് അവിടുന്ന്.
നമ്മുടെ വിശ്വാസവും ദൈവത്തിലേക്കുള്ള താത്പര്യവും നഷ്ടപ്പെടുന്നുണ്ടോ? എങ്കിൽ ഒരുകാര്യം ചെയ്യാൻ ഞാൻ നിർബന്ധിക്കുകയാണ്. ദൈവാനുഭവങ്ങൾക്കുവേണ്ടിയും അതുണ്ടാകുമ്പോൾ മനസ്സിലാകുന്നതിനുവേണ്ടിയും ആഗ്രഹിക്കുക. വലിയ അദ്ഭുതങ്ങൾക്കല്ല പിന്നയോ, കൊച്ചുകൊച്ചു കാര്യങ്ങളിൽ ദൈവത്തിന്റെ അദൃശ്യകരം മനസ്സിലാക്കാൻ വേണ്ടി പ്രാർത്ഥിക്കുക. പണ്ടുണ്ടായിരുന്നതും ഇപ്പോൾ നഷ്ടപ്പെട്ടതുമായ ആ ദൈവാശ്രയബോധം തിരികെലഭിക്കാൻ കേണപേക്ഷിക്കുക.
നിന്റെ ഒരു അനുഭവം എനിക്ക് തന്നാലെന്താ എന്നൊക്ക ഞാൻ കർത്താവിനോട് ചോദിച്ചിട്ടുണ്ട്. അതിനുശേഷമാണ് ദൈവാനുഭവം എന്തെന്ന് മനസ്സിലായത് തന്നെ. ഇതുപോലെയുള്ള ചോദ്യങ്ങളോട് ദൈവപിതാവിന് നല്ല താത്പര്യമാണ്. കാരണം എക്കാലത്തെന്നതുപോലെ ഇന്നും തന്നെത്തന്നെ വെളിപ്പെടുത്താൻ അവിടുത്തേക്ക് ഒത്തിരി ഇഷ്ടമാണ്. പ്രത്യേകിച്ച് നമ്മൾ ന്യു ജനറേഷൻ പിള്ളേർക്ക്. നിർഭാഗ്യമെന്ന് പറയട്ടെ, ആരും ഇതൊന്നും ഗൗരവത്തിലെടുക്കുകയും ചോദിക്കുകയും ചെയ്യുന്നില്ല എന്നതാണ് സത്യം.
പ്രിയ സുഹൃത്തേ, ദൈവാനുഭവങ്ങൾക്ക് വേണ്ടി സ്നേഹത്തോടെ ചോദിക്കാൻ തുടങ്ങുക.
നമ്മുടെ കൊച്ചുകൊച്ചുകാര്യങ്ങളിൽ നിരന്തരം ഇടപെടാൻ വെമ്പൽക്കൊള്ളുന്ന സ്നേഹംതന്നെയായ നമ്മുടെ പ്രിയപ്പെട്ടവനോട് ഇപ്പോൾത്തന്നെ ചോദിക്കുക.
ഒരു വ്യക്തിപരമായ കണ്ടുമുട്ടൽ ഇല്ലാതെ എത്രനാൾ ഇനിയും നമ്മൾ മുൻപോട്ടുപോകും?
അതുകൊണ്ടു ഒരുതവണയെങ്കിലും ചോദിച്ചുനോക്കൂ.
അത്യുന്നതന്റെ ശക്തി പ്രകടമാകാത്തതാണ് എന്റെ ദുഃഖകാരണം എന്നു ഞാന്‍ പറഞ്ഞു.
ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ ഓര്‍മിക്കും; പണ്ട് അങ്ങു ചെയ്ത അദ്ഭുതങ്ങള്‍ ഞാന്‍ അനുസ്മരിക്കും. [സങ്കീര്‍ത്തനങ്ങള്‍ 77 : 10-11]
ഏതാനും പ്രയോഗികമാർഗ്ഗങ്ങൾ കൂടി നിർദേശിക്കുന്നു.
- മേൽപ്പറഞ്ഞകാര്യത്തിനുവേണ്ടി ഇപ്പോൾത്തന്നെ പ്രാർത്ഥിക്കുക
- ദൈവാനുഭവങ്ങൾ വൈകുന്നേരം സമയം കണ്ടെത്തി ഓർത്തെടുക്കുക. ഒരു അഞ്ചുമിനിറ്റ് ഇതിനുവേണ്ടി കണ്ടെത്തിയാൽമതി. അതുപറ്റില്ലേ ?
- കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടുമ്പോഴോ, ഹോസ്റ്റലിലോ, മറ്റുള്ളവരുമൊത്തു റൂമിലിരിക്കുമ്പോഴോ, യാത്രയിൽ അടുത്തിരിക്കുന്നയാളോടോ ഓർമ്മയിലുള്ള ദൈവാനുഭവങ്ങൾ മടികൂടാതെ ഷെയർ ചെയ്യുക.
- വ്യക്തിപരമായോ മറ്റുള്ളവരുടെയോ ദൈവാനുഭവങ്ങൾക്ക് മുടങ്ങാതെ നന്ദി പറയുക.
- ഓരോ കൊച്ചുകാര്യങ്ങൾ ചെയ്യുന്നതിനുമുൻപ് ഇതിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകാൻ കുറഞ്ഞത് മൂന്ന് ‘നന്മ നിറഞ്ഞ മറിയമേ’ എന്നപ്രാർത്ഥന ചൊല്ലിയിട്ടു ആരംഭിക്കുക. ജപമാലയിലെ ഒരുരഹസ്യം ധ്യാനിച്ചുകൊണ്ടാണെങ്കിൽ ബെസ്റ്റ്.
ഇതൊക്കെ സിമ്പിളായി ദൈവാനുഗ്രഹങ്ങൾ വാങ്ങിയെടുക്കാവുന്ന മെത്തേഡുകളാണ്. ട്രൈ ചെയ്യൂ. റിസൾട്ടില്ലെങ്കിൽ പറ.
BY-അഗസ്റ്റിൻ ക്രിസ്റ്റി