ചെറുത്തുനിൽപ്പ് മയപ്പെടുത്തുമെന്ന പ്രതീക്ഷയിൽ റഷ്യൻ പീരങ്കികൾ യുക്രേനിയൻ നഗരങ്ങളെ തകർക്കുമ്പോൾ ഫാ. പൗളോ വൈഷ്കോവ്സ്കി, (ദ മിഷണറി ഒബ്ളേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) തന്റെ സംരക്ഷണത്തിൽ ഏൽപ്പിച്ചിരിക്കുന്ന വിശ്വാസികളെ അവസാനം വരെ ഉപേക്ഷിക്കുകയില്ലെന്ന നിശ്ചയത്തോടെ അവരോടൊപ്പം നിൽക്കുകയാണ് .
ഒ.എം.ഐ സഭാ മിഷനറിയായ ഫാ. പൗളോ ഇപ്പോൾ തലസ്ഥാനമായ കിവിൽ വിശുദ്ധ നിക്കോളാസിന്റെ കത്തോലിക്കാ പള്ളി ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നു. തന്റെ സമൂഹം ഭക്ഷണം പോലുള്ള അടിസ്ഥാന ആവശ്യങ്ങളിൽ ജനങ്ങളെ സഹായിക്കുകയും യുദ്ധത്തിന്റെ ഭീകരതയിൽ അവർക്ക് ആത്മീയാശ്വാസം നൽകുകയും ചെയ്യുന്നുണ്ടെന്ന് കീവിലെ ഇടവകയിൽ നിന്ന് വത്തിക്കാൻ ന്യൂസിനോട് ഫാ. പൗളോ വെളിപ്പെടുത്തി . “മുമ്പ് വിശ്വസിക്കാതിരുന്ന അനേകം ആളുകൾ ഇപ്പോൾ ദൈവത്തെ അന്വേഷിക്കുന്നതായി കാണുവാൻ കഴിയുന്നു. അവർ തങ്ങളുടെ അടുത്ത് വന്ന് ആദ്യമായി കൂദാശകൾ സ്വീകരിക്കുന്നു. ഫാ. പൗളോ പറയുന്നു.
യുക്രെയ്നിലെ ജീവിതം വ്യക്തമായും തലകീഴായി മറിഞ്ഞിരിക്കുന്നു. “ഓരോ രാത്രിയും തങ്ങളുടെ ജീവിതത്തിന്റെ അവസാനമായിരിക്കാം” എന്ന ബോധത്തിലാണ് ജനങ്ങൾ കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ” ജനങ്ങൾക്ക് അവരുടെ മാതാപിതാക്കളെയും മക്കളെയും അനുദിനം നഷ്ടപ്പെടുന്നു.” താനും തന്റെ സഭയിലെ മറ്റ് സഹോദര വൈദീകനും കിവിനു ചുറ്റുമുള്ള ഇടവകക്കാർക്കായി ഫേസ്ബുക്കിൽ ദിവസേനയുള്ള കുർബാന, ദിവ്യകാരുണ്യ ആരാധന, അനുദിന പ്രാർത്ഥനകൾ എന്നിവ സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് ഫാ. പൗളോ പറഞ്ഞു. ഇടവകയിലെ കത്തോലിക്കാ വിശ്വാസികൾ, രാജ്യത്തെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ സ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിന് മുമ്പ്, വിശുദ്ധ കുർബ്ബാന സ്വീകരിക്കാൻ പലപ്പോഴും ദിവ്യബലിക്ക് വരാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 24 -ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഭക്ഷണം ലഭിക്കുന്നത് ഏറ്റവും പ്രയാസകരമായിരുന്നുവെന്നും എന്നാൽ അടുത്തിടെ ചില ഭക്ഷണസാധനങ്ങൾ എത്തിയിട്ടുണ്ടെന്നും യുക്രേനിയൻ വംശജനായ ഒബ്ലേറ്റ് പുരോഹിതൻ പറഞ്ഞു. വിദേശത്ത് നിന്ന് ചില സഹായങ്ങൾ ലഭിച്ച ഫാ. പൗളോ ലഭ്യമായ ഭക്ഷണസാധനങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്തു. ചില ഇടവകാംഗങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ തങ്ങളുടെ തുച്ഛമായ ലഭ്യതയിൽ നിന്ന് പോലും പങ്കുവയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുക്രേനിയൻ നഗരങ്ങളിൽ നിന്ന് നിരവധി ആളുകൾ പലായനം ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ചൊവ്വാഴ്ച രണ്ട് ദശലക്ഷത്തിലധികം പേർ രാജ്യം വിട്ടിട്ടുണ്ട്. ചെർണിഹിവ്, ചെർണോബിലിന് സമീപമുള്ള നഗരങ്ങൾ, റഷ്യൻ സൈന്യം പിടിച്ചെടുത്ത മരിയുപോൾ തുടങ്ങിയ നഗരങ്ങളിലുള്ളത് പോലെ അവശേഷിക്കുന്നവർക്കായി, മിഷനറി വൈദികർ അവരുടെ സേവനം തുടരുകയാണ് . ചെർണിഹിവിലെ ഒബ്ലേറ്റുകൾ അവരുടെ സന്യാസ ഭവനത്തിൽ ഏകദേശം 19 പേർക്ക് സ്ഥലം നൽകിയിട്ടുണ്ട്. യുക്രെയ്നിന് ചുറ്റും പത്ത് ഒബ്ലേറ്റ് ഭവനങ്ങളിലായി ആകെ 30 മിഷനറിമാരാണുള്ളത്. യുക്രെയ്ന് വേണ്ടിയുള്ള പ്രാർത്ഥനകൾക്കായി അഭ്യർത്ഥിക്കുകയാണ് ഫാ. പൗളോ ഇപ്പോൾ.
11 ദിവസമായി ഉറങ്ങിട്ടില്ലെന്ന് പറഞ്ഞ ഫാ.പൗളോ തങ്ങൾക്ക് ദൈവത്തിന്റെ പിന്തുണ അനുഭവപ്പെടുന്നുവെന്നും യൂക്രെയ്നിലെ സമാധാനത്തിനായി ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ആവശ്യമാണ് എന്നും യേശു നമുക്ക് തരുമെന്ന് പറഞ്ഞ ഈ സമാധാനം നമ്മെ ആശ്വസിപ്പിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.