ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്
നാമെല്ലാവരും നമ്മുടേതായ സാഹചര്യങ്ങളിൽ ക്രിസ്തീയജീവിതം നയിച്ചുകൊണ്ടിരിക്കുന്നവരവാണ്. ക്രിസ്തീയജീവിതത്തെക്കുറിച്ചുള്ള അറിവും അതിനായുള്ള ആഗ്രഹവും സാഹചര്യങ്ങളുമൊക്കെയനുസരിച്ച് ഓരോരുത്തരും വ്യത്യസ്തമായ രീതിയിലായിരിക്കും ജീവിക്കുന്നതെന്നു മാത്രം. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും നമുക്കെല്ലാവർക്കും ഒരുപോലെ ആവശ്യമായിരിക്കുന്ന, അല്ല അത്യാവശ്യമായിരിക്കുന്ന ഒന്നാണ് വിശുദ്ധി എന്നതാണ് സത്യം.
ആത്മാർത്ഥമായ ആത്മശോധനയിൽ നാം കണ്ടെത്തും, ഈ ഭൂമിയിൽ ഏറ്റവും അത്യാവശ്യമായിരിക്കുന്ന വിശുദ്ധിയെ നാം ആ രീതിയിൽ പരിഗണിക്കുന്നില്ലായെന്ന് (എല്ലാവരെയും ഇതിൽ ഉൾപ്പെടുത്തുന്നില്ല. വളരെ ചുരുക്കം പേർ വിശുദ്ധിയെ ജീവശ്വാസം പോലെ കണ്ട് ജീവിക്കുന്നവരുണ്ടാകും). ക്രിസ്ത്യാനികളാണെങ്കിലും ക്രിസ്തീയ വിശ്വാസത്തെ അല്പംപോലും മുഖവിലയക്കെടുക്കാത്തവരെക്കുറിച്ചല്ല, ക്രിസ്തീയജീവിതം ഗൗരവമായി കണ്ടുതുടങ്ങിയവരെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്!
ക്രിസ്തീയജീവിതത്തിലേക്കും വിശ്വാസത്തിലേക്കും മറ്റുള്ളവരെ നയിക്കാൻ ശ്രമിക്കുന്ന നമ്മെപ്പോലെയുള്ള ശുശ്രൂഷകരെയെടുക്കുക. എനിക്ക് ഒരു വിശുദ്ധൻ/ വിശുദ്ധ ആകണം എന്നതാണോ നമ്മുടെ പരമമായ ദാഹം? നമ്മുടെ സകല പരിശ്രമങ്ങളും ഈ ലക്ഷ്യം വച്ചാണോ? സഭയിലെ ഓരോ ശുശ്രൂഷകളെയും ഒരു ശരീരത്തിന്റെ വിവിധ അവയവങ്ങളായി പരിഗണിച്ചാൽ അതിന്റെ ഹൃദയമായി നിൽക്കേണ്ടത് വിശുദ്ധിയാണ്. വിശുദ്ധിക്കുവേണ്ടി കൊതികൊള്ളുന്ന ഹൃദയത്തിൽനിന്നാണ് ശുശ്രൂഷകൾ പുറപ്പെടേണ്ടത്.
തുടക്കം അങ്ങനെയായിരുന്നെങ്കിലും പലവിധ ശുശ്രൂഷകളിൽ ഏർപ്പെടുകയും ശുശ്രൂഷകളെ മനോഹരമാക്കാനും വിപുലമാക്കാനുമൊക്കെ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ശ്രദ്ധയിലാകും വിശുദ്ധിയെന്ന പരമമായ കാര്യം കാര്യമായി ശ്രദ്ധിക്കാതെ പോയത്. പിന്നീട് വിശുദ്ധിക്ക്
വേണ്ടി ശ്രമിച്ചാൽ തന്നെ അത് ദൈവത്തെ പ്രസാദിപ്പിക്കാനോ സ്വന്തം ആത്മരക്ഷയ്ക്കോ വേണ്ടിയല്ലാതെ ശുശ്രൂഷകളുടെ വിജയത്തിന് വേണ്ടിയാകും എന്നതും പലരെ സംബന്ധിച്ചും ഒരു സത്യമാണല്ലോ.
അനുദിനം വിശുദ്ധയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിതമാണോ എന്റേതെന്ന് ശുശ്രൂഷകരായ നമുക്ക് ആത്മാർത്ഥമായി ആത്മശോധന ചെയ്യാം (2 കോറി 4:16)
ശുശ്രൂഷകളിൽ പങ്കുചേരുന്നവരെ സംബന്ധിച്ചും ഇത് വാസ്തവമാണ്. വിവിധരീതികളിലുള്ള വചനശുശ്രൂഷകളിലും കൂദാശകളിലും മറ്റ് പ്രാർത്ഥനകളിലും ഭക്താനുഷ്ഠാനങ്ങളിലുമൊക്കെ പങ്കുചേർന്നുകൊണ്ടിരിക്കുന്നതിന്റെ പുറകിൽ വിശുദ്ധനോ വിശുദ്ധ ആകാനുള്ള തീഷ്ണമായ ആഗ്രഹമാണോ എനിക്കുള്ളത്?
ഏതെങ്കിലും ചില പ്രത്യേക പാപങ്ങളെ ഒഴിവാക്കാനുള്ള തീവ്രമായ ആഗ്രഹമോ ചില പ്രത്യേക പുണ്യം സമ്പാദിക്കാനുള്ള പരിശ്രമമോ പോലും വിശുദ്ധിയെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടിൽ വിശുദ്ധിക്കുവേണ്ടിയുള്ള നിലപാടാകണമെന്നില്ല. എന്താണ് ക്രൈസ്തവവിശുദ്ധിയെന്നു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഇതിന് വ്യക്തത കൈവരും എന്ന് പ്രത്യാശിക്കുന്നു.
ചുരുക്കത്തിൽ വിശുദ്ധിക്കുവേണ്ടി മാത്രം ജീവിക്കേണ്ട നമ്മൾ ആദ്ധ്യാത്മികമായ കാര്യങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യുന്നതെങ്കിലും, വിശുദ്ധരായിത്തീർന്നവർ ആചരിച്ചിരുന്ന പല കാര്യങ്ങളുമാണ് ചെയ്യുന്നതെങ്കിലും ആ വഴിയിൽ അല്ല എന്നതാണ് സത്യം, ഭയാനകമായ സത്യം.
ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ച് വിശുദ്ധിക്ക് എന്തുമാത്രം പ്രാധാന്യമുണ്ട് എന്നും ക്രിസ്തീയവിശുദ്ധി എന്തിൽ അടങ്ങിയിരിക്കുന്നുവെന്നും അത് എന്തുമാത്രം വ്യക്തികൾക്കും സഭയ്ക്കും അനുഗ്രഹമാണെന്നും ഒക്കെ മനസ്സിലാക്കി കഴിയുമ്പോൾ നമുക്ക് വിശുദ്ധിക്കായി വലിയ ദാഹം ഉണ്ടായേക്കാം. ‘ഒരു വിശുദ്ധനാകാതിരിക്കുക’ എന്നതാണ് ഭൂമിയിൽ വച്ച് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം എന്ന് ഈ ശുശ്രൂഷകൾ വഴി എല്ലാവർക്കും ബോധ്യം ലഭിക്കട്ടെ.
മുൻപ് സൂചിപ്പിച്ചതുപോലെ ഈ ശുശ്രൂഷ വഴി എന്റെ വ്യക്തിപരമായ വിശുദ്ധ ജീവിത ലക്ഷ്യത്തിന് കൂടുതൽ വ്യക്തതയും ശ്രദ്ധയും തീക്ഷ്ണതയും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്കുവേണ്ടിയും ഈ ശുശ്രൂഷകൾക്ക് വേണ്ടി നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകൾ അപേക്ഷിക്കുന്നു. (തുടരും…)