റെനിറ്റ് അലക്സ്
കേരളത്തിലെ പ്രശസ്ത ധ്യാനകേന്ദ്രത്തിൽ, ഒരു വൈദികൻ സഭാപ്രബോധനകൾക്കു വിരുദ്ധമായി, മാതാവ് ദൈവമാണെന്ന് പ്രസംഗിച്ച് യൂ-ട്യൂബിൽ അപ്ലോഡ് ചെയ്തതുമൂലം, പല സാധാരണ വിശ്വാസികളും ആ വൈദികന്റെ പ്രസംഗത്തിൽ വിശ്വസിക്കുകയുണ്ടായി. വീഡിയോ ധ്യാനകേന്ദ്രത്തിന്റെ ചാനലിൽനിന്നും ഡിലീറ്റ് ചെയ്തെങ്കിലും, ആ വിശ്വാസം പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്ന ചില കൂട്ടർ ആ വീഡിയോ ഡൗൺലോഡ് ചെയ്ത് പലരിലേയ്ക്കും എത്തിക്കുവാൻ ശ്രമിക്കുന്നുണ്ട്. കത്തോലിക്കാസഭയിൽ മാമ്മോദീസ സ്വീകരിച്ച്, കത്തോലിക്കരായി ജീവിക്കുന്നവർ വളരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1️-പിതാവായ ദൈവവും പുത്രനായ യേശുവും പരിശുദ്ധാത്മാവും (ത്രീയേകദൈവം) മാതാവും മാലാഖാമാരും സ്വർഗ്ഗവും നരകവുമൊക്കെ ഉണ്ടെന്ന് നമ്മൾ അറിഞ്ഞതെങ്ങനെയാണ്..? സഭയിലൂടെ ക്രോഡീകരിച്ച്, സഭയിലൂടെ നമ്മുടെ കൈകളിലെത്തിച്ചേർന്ന ബൈബിളിലൂടെയും സഭാപ്രബോധങ്ങളിലൂടെയുമല്ലേ..? അടുത്ത ചോദ്യം : ബൈബിൾ വായിച്ചപ്പോൾ, അതിൽ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങൾക്ക് മനസ്സിലായിരുന്നോ..? ത്രിത്വം എന്ന ദൈവീകരഹസ്യത്തെ നിങ്ങൾ തനിയെ മനസ്സിലാക്കിയതാണോ?
ഉൽപ്പത്തിപുസ്തകത്തിൽ ദൈവം പറയുന്ന സ്ത്രീയും വെളിപാട് പന്ത്രണ്ടാം അധ്യായത്തിലെ സൂര്യനെ ഉടയാടയാക്കിയ സ്ത്രീയും മാതാവാണെന്നും മറ്റുമുള്ള നിരവധികാര്യങ്ങൾ ബൈബിൾ വായിച്ചപ്പോൾ നിങ്ങൾക്ക് സ്വയം മനസ്സിലായിരുന്നോ..? ഇല്ല എന്ന് ഉറപ്പ്. പിന്നെങ്ങനെയാണ് നിങ്ങൾ സത്യദൈവത്തെ മനസ്സിലാക്കിയത്? സ്വർഗ്ഗീയ രഹസ്യങ്ങൾ മനസ്സിലാക്കിയത്? ഉത്തരം ഒന്നേയുള്ളൂ.. സഭയെ നിങ്ങൾ ആശ്രയിച്ചു; അനുസരിച്ചു; പരിശുദ്ധാത്മാവിനാൽ പ്രചോദിതമായി സഭ പഠിപ്പിച്ച കാര്യങ്ങൾ എളിമയോടെ സ്വീകരിച്ചു. അങ്ങനെ ഇക്കാര്യത്തിൽ കുറച്ചു വിവരം നിങ്ങൾക്ക് വച്ചു. ദൈവത്തെ അറിയാത്ത വ്യക്തി ബൈബിൾ വായിച്ചാൽ മാതാവിനെ ശ്രദ്ധിക്കുകപോലും ചെയ്തേക്കില്ല.
ഒന്നുമറിയാത്ത നമുക്ക്, മാതാവിന്റെ മഹിമയും സ്ഥാനവും വിവരിച്ചുമനസ്സിലാക്കിത്തന്നത് സഭയാണ്. അതുകൊണ്ട്, കുറച്ചു വിവരം വച്ചുവെന്നുതോന്നുമ്പോൾ , സഭയെ പരിശുദ്ധാത്മാവ് പഠിപ്പിച്ചതിനേക്കാൾ കാര്യങ്ങൾ തനിക്കറിയാമെന്ന് അഹങ്കരിച്ച്, വായിൽ തോന്നുന്ന പാഷാണ്ഡത വിളിച്ചുപറഞ്ഞു നടക്കുന്നോ.? ഇതൊക്കെ നിങ്ങളോട് യേശു വെളിപ്പെടുത്തിയോ..? പരിശുദ്ധാത്മാവ് പറഞ്ഞോ..? മാതാവ് പറഞ്ഞോ..? ഇല്ലല്ലോ..? അപ്പോൾ സഭ പഠിപ്പിച്ചതിനെ നിഷേധിച്ചുകൊണ്ട് ,നിങ്ങളെ ഇതൊക്കെ പഠിപ്പിക്കുന്നത് സാത്താനല്ലാതെ മറ്റാരാണ്..?
2️-ഈ രീതിയിൽ പാഷാണ്ടത പരത്തിയാൽ സാത്താന് എന്താണ് മെച്ചം..?
മെച്ചം മാത്രമേയുള്ളൂ… ദൈവത്തിന്റെ സൃഷ്ടിയെ ദൈവമായി ആരാധിക്കുമ്പോൾ, ആ വ്യക്തി ദൈവകല്പനയിയിലെ ഒന്നാം പ്രമാണം ലംഘിക്കുന്നു. മാതാവിനെ ദൈവമായി ആരാധിക്കുമ്പോൾ, ദൈവകൽപന ലംഘിക്കപ്പെടുമ്പോൾ നാം സാത്താന്റെ സ്വന്തമാകുന്നു. അതുകൊണ്ടുതന്നെ, ചാത്തൻസേവ, മന്ത്രവാദം തുടങ്ങിയവവഴി ചില ഭൗതികനേട്ടങ്ങൾ ലഭിക്കുന്നതുപോലെ,
മാതാവിനെ ആരാധിച്ച് പാപം ചെയ്യുന്നവർക്കും സാത്താൻ ഭൗതികകാര്യങ്ങൾ സാധിച്ചുകൊടുത്തേക്കാം. അത് മാതാവിനെ ആരാധിച്ചപ്പോൾ കിട്ടിയ അനുഗ്രഹമായി അപ്പോൾ നമുക്ക് തോന്നുകയും ഈ വിശ്വാസമാണ് ശരിയെന്ന മിഥ്യാബോധം സാത്താൻ നമ്മിൽരൂപപ്പെടുത്തുകയും ചെയ്യും..!! പക്ഷേ വിശുദ്ധജീവിതത്തിൽനിന്നും പതിയെ നമ്മെ അകറ്റി, നമ്മുടെയും കുടുംബത്തിന്റെയും ആത്മാവ് നരകത്തിനാവകാശികളാകുന്നത് നാം അറിയില്ല.
3️-മാതാവിനെ പരിശുദ്ധാത്മാവായി കാണുന്നവരുണ്ട്. ഗബ്രിയേൽ മാലാഖ, ദൈവത്തിന്റെ ദൂതുമായി മറിയത്തിന്റെ അടുത്തെത്തിയപ്പോൾ, “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും” എന്ന് പരിശുദ്ധാത്മാവിനോടുതന്നെ പറഞ്ഞുവെന്ന്, കത്തോലിക്കാസഭയിലൂടെ സകലമനുഷ്യർക്കുംവേണ്ടി നൽകപ്പെട്ട ബൈബിളിലില്ല..!!
4️-ഇത്തരം പാഷാണ്ടത പ്രചരിപ്പിക്കുന്നവരിൽ എന്തെങ്കിലും നന്മ കാണുവാൻ സാധിക്കുമോ..?
പ്രത്യക്ഷത്തിൽ വിശുദ്ധരാണെന്നു തോന്നുംവിധമുള്ള പെരുമാറ്റവും സംസാരവുമായി ഇത്തരം ആളുകളെ നിങ്ങൾ കണ്ടുമുട്ടിയേക്കാം. “അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പൂർണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ.” (2 കൊറി 11:14).
ഉദാഹരണമായി, മാതാവിന് ദൈവത്തിന്റെ സ്ഥാനം കൊടുക്കുന്ന എമ്പറർ ഇമ്മാനുവേൽ സംഘടനയുടെ വഞ്ചന മൂലം, അവരുടെകൂടെ കൂടിയാൽ മാത്രമേ രക്ഷ പ്രാപിക്കൂ എന്ന മിഥ്യാബോധം നന്മയുടെ രൂപത്തിൽ സാത്താൻ വിതറുന്നത് നാം കാണുന്നില്ലേ..? പക്ഷേ ആ പ്രസ്ഥാനത്തെ നയിക്കുന്നത് സാത്താൻ ആണെന്ന് അനുഭവങ്ങളിലൂടെ ഇപ്പോൾ പലരും തിരിച്ചറിയുന്നുണ്ട്.
5️-സഭയിൽ അംഗമായിരിക്കെതന്നെ, സഭയുടെ പ്രബോധങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് എന്തുകൊണ്ട് ചില വൈദികരും ഇത്തരം പാഷാണ്ഡതകൾ പ്രചരിപ്പിക്കുവാൻ കൂട്ടുനിൽക്കുന്നു..?
അന്ത്യകാലത്ത് പല വൈദികരെയും സാത്താൻ തന്റെ വരുതിയിലാക്കുമെന്നും പാപത്തിൽ വീണുപോകുമെന്നും മാതാവ് പല പ്രത്യക്ഷീകരണത്തിലും മുൻകൂട്ടി പറഞ്ഞിട്ടുണ്ടല്ലോ..( നിങ്ങൾ വൈദികർക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ടോ..? ഇല്ലെങ്കിൽ, ദൈവത്തിന് ഉത്തരം കൊടുക്കേണ്ട സമയം വരുമെന്ന് മറക്കേണ്ട. മുട്ടിപ്പായി അവർക്കുവേണ്ടി പ്രാർത്ഥിക്കുക.)
കേരളസഭയിലെ വിമതവൈദികരിലൂടെയും പൗരോഹിത്യധർമ്മം നിർവഹിക്കാതെ ലോകമനുഷ്യരായി ജീവിക്കുന്ന വൈദികരിലൂടെയും സഭയുടെ പ്രബോധനങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരിലൂടെയും അവിശുദ്ധജീവിതം നയിക്കുന്ന വൈദികരിലൂടെയും മാതാവ് വെളിപ്പെടുത്തിയതിന്റെ പൂർത്തീകരണത്തിന്റെ ചില ഭാഗങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് വൈദികൻ പഠിപ്പിച്ചാലും, ബിഷപ്പ് പഠിപ്പിച്ചാലും അത് ബൈബിളിനോടും സഭാപ്രബോധനങ്ങളോടും ചേർന്നുപോകുന്നതാണോ എന്ന് പരിശോധിച്ചതിനുശേഷം സ്വീകരിക്കുവാൻ ഓരോ വിശ്വാസിയും ജാഗ്രത പാലിക്കണം.
6️-മാതാവിനെ ആരാധിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ..? (ആരാധിച്ചില്ലെങ്കിൽ ആത്മനാശം സംഭവിച്ച് നരകത്തിൽ പോകുമോ..?) സഭ പഠിപ്പിച്ചത് തള്ളിപ്പറഞ്ഞ്, മാതാവിനെ ആരാധിക്കുവാൻ ശ്രമിക്കുന്നവർ സ്വർഗ്ഗത്തിലും നരകത്തിലുമൊക്കെ വിശ്വസിക്കുന്നുണ്ടോ..? സ്വർഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചുമൊക്കെ നിങ്ങളെ പറഞ്ഞു പഠിപ്പിച്ചത് സഭ തന്നെയാണല്ലോ..? മാതാവ് നിരവധി സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് നിരവധി പേരോട് സംസാരിച്ചിട്ടുണ്ട്. അതുപോലെ, നേരിട്ട് പ്രത്യക്ഷപ്പെടാതെ പതിനായിരങ്ങൾക്ക് മാതാവ് സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്.
ഒരുപക്ഷേ ഇത് വായിക്കുന്നവർക്കും മാതാവ് സന്ദേശങ്ങൾ നൽകുന്നുണ്ടാകാം. നിരവധി വിശുദ്ധരോട് മാതാവ് സംസാരിച്ചിട്ടുണ്ട്; രഹസ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരാളോടുപോലും താൻ ദൈവമാണെന്ന് മാതാവ് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല.
ദൈവികരഹസ്യങ്ങൾ ശിഷ്യൻമാർക്ക് യേശുക്രിസ്തു വെളിപ്പെടുത്തിയ കൂട്ടത്തിൽ, തന്റെ അമ്മ ദൈവമാണെന്ന് യേശു വെളിപ്പെടുത്തിയതായി ശിഷ്യൻമാർ ബൈബിളിലോ മറ്റു ഗ്രന്ഥങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ല.
പിന്നെ നിങ്ങളിൽ കുറച്ചുപേർക്ക് മറ്റാർക്കും കിട്ടാത്ത ഇങ്ങനെയൊരു വെളിപാട് കിട്ടിയിട്ടുണ്ടെങ്കിൽ, അത് ലഭിച്ചത് ദൈവത്തിൽനിന്നല്ല, ലൂസിഫറിൽനിന്നാണെന്ന് അനുമാനിക്കാം. ഇതുവഴി നിങ്ങൾ ആരാധിക്കുന്നത് മാതാവിനെയല്ല മറിച്ച് ഈ ആരാധന എത്തിച്ചേരുന്നത് സാത്താനിലാണെന്ന് മറക്കരുത്. സഭയോട് ചേർന്നുനിന്നുകൊണ്ട് മാതാവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വണങ്ങുകയും മാധ്യസ്ഥം യാചിക്കുകയും ചെയ്താൽ, ഭൗതികാനുഗ്രഹങ്ങളും ആത്മീയാനുഗ്രഹങ്ങളും മാതാവ് വഴി ലഭിക്കും.
എന്നാൽ സഭയുടെ പരിശുദ്ധാത്മാവിനാൽ പ്രചോദിതമായ പ്രബോധങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് മാതാവിനെ ആരാധിക്കുവാൻ ശ്രമിച്ചാൽ, ആ ആരാധന സ്വീകരിക്കുന്ന സാത്താൻവഴി ഭൗതികാനുഗ്രഹങ്ങൾ നിങ്ങൾക്ക് തുടക്കത്തിൽ ലഭിക്കും. എന്നാൽ അത്, സാത്താന്റെ സ്വന്തമായവർക്ക്, നരകകവാടത്തിലേയ്ക്ക് കയറുന്നതിനുമുൻപ് സാത്താൻ നൽകുന്ന മധുരംവയ്പ്പ് മാത്രം..!! ആവേ മരിയ.. ദൈവനാമം മഹത്വപ്പെടട്ടെ.. ആമേൻ.