Augustine Christi PDM
എനിക്ക് തണുപ്പ് അത്ര പ്രശ്നമല്ല. എന്നാൽ കൂടെയുള്ളവന് തണുപ്പ് പ്രശ്നമാണ്. അതെനിക്കറിയാം. ഒരു ദിവസം കിടക്കുമ്പോൾ പുതപ്പ് കഴുകിയിട്ടതിനാൽ ഒന്നും പുതയ്ക്കാനില്ലാതെ ആ കൂട്ടുകാരൻ വിഷമിക്കുകയാണ്. ഇതറിഞ്ഞപ്പോൾ ഉപയോഗിക്കാതെ വച്ചിരുന്ന പുതപ്പെടുത്തു കൊണ്ടുപോയി പുതപ്പിച്ചു. ശേഷം വന്നുകിടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്നത് സംഭവിച്ചിരിക്കുന്നു. എന്തെന്നില്ലാത്ത ആനന്ദം.
കഴിഞ്ഞ ദിവസം ഇതേ അവസ്ഥയിൽ ഞാൻ തണുപ്പത്ത് പുതപ്പില്ലാതെ കിടക്കുകയാണ്. രാത്രി കിടക്കുമ്പോൾ തണുപ്പുണ്ടായില്ല. ഇടയ്ക്കെപ്പോഴോ ആണ് തണുപ്പ് അസഹ്യമായത്. ഞാൻ നോക്കുമ്പോൾ കൈയിൽ ഒരുതുണി. വലിച്ചെടുത്തു തലമുട്ടെ പുതച്ചു. രാത്രി കണ്ടറിഞ്ഞു ആരോ തന്നതാണ്. ഒരാൾക്ക് കൊടുത്തപോലെ മറ്റൊരാൾ തന്നിരിക്കുന്നു.
പുതുവർഷം പുതിയതീരുമാനങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരുകാര്യം ഞാൻ അഭ്യർത്ഥിക്കുകയാണ്. ഉള്ളത് കൊടുക്കുന്നവരാകാൻ ഈ വർഷം തീരുമാനമെടുക്കുക. ഉള്ളവയത്രയും കൊടുത്തുകൊണ്ടിരിക്കുക. ഒന്നും കൂട്ടിവയ്ക്കാതെ കൊടുത്തുകൊടുത്തു കാലിയാക്കുക. പകരം സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടികൂട്ടിവയ്ക്കുക.
ഇപ്പോൾ തന്നെ സ്റ്റെപ്പെടുക്കുക. ഇന്നുതന്നെ അൽപ്പസമയം കണ്ടെത്തി കൊടുക്കാൻ പറ്റുന്ന വസ്തുക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. സമയം കണ്ടെത്തി സമ്മാനമായോ സഹായമായോ അവ കൊടുത്തുതുടങ്ങുക. വീണ്ടും പറയുന്നു. ഇന്ന് തന്നെ തുടങ്ങുക. ഒരു ചെറിയകാര്യമെങ്കിലും ഇന്നുതന്നെ ചെയ്യുക. ആനന്ദത്തിലേക്ക് ഉടനെ പ്രവേശിക്കുക.
അങ്ങനെ വലിയസ്നേഹത്താൽ സമാധാനത്താൽ പുതിയവർഷത്തെ വരവേൽക്കാം. ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ എല്ലാ ദിവസവും നമുക്ക് ഹാപ്പി ന്യുയറാക്കാം. ഇത് എന്റെ കണ്ടെത്തലല്ലാ കേട്ടോ. യേശു എല്ലാവരോടുമായി പറഞ്ഞത് ഞാൻ ദേ ഇപ്പോ നിങ്ങളോട് പറയുന്നു എന്നുമാത്രം. “നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്തനിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍.
അവിടെ കള്ളന്മാര് കടന്നുവരുകയോ ചിതല് നശിപ്പിക്കുകയോ ഇല്ല” (വി. ലൂക്കാ 12:33).
“സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം എന്നു പറഞ്ഞ കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു.” (Acts of Apostles 20:35).