മാമോദീസയുടെ പ്രാധാന്യം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കാറുണ്ടോ? HB മാതാപിതാക്കളോ സഭയോ ഏതെങ്കിലും രീതിയിൽ മതപരമായ കാര്യങ്ങളിൽ മക്കൾക്ക് തെറ്റായ സന്ദേശങ്ങൾ കൊടുക്കുന്നുണ്ടോ? പുരോഗമനവാദികളായ ക്രിസ്ത്യാനികൾ ക്ഷമിക്കണം, ഞാനടക്കമുള്ള മാതാപിതാക്കൾ മാമോദീസയുടെ പ്രാധാന്യത്തെപ്പറ്റി ചിന്തിക്കാതെ ആണ് മക്കളുടെ മാമോദിസ നടത്താറുള്ളത്. എൻറെ ആറാമത്തെ മകൾ സൂസന്നയുടെ മാമോദിസ ഏതാനും മാസങ്ങൾക്കു മുമ്പ് ബിഷപ്പ് പോളി കണ്ണൂക്കാടൻ ആണ് നടത്തിയത്. അദ്ദേഹം മാമോദിസയോടനുബന്ധിച്ച് നടത്തിയ മനോഹരമായ പ്രസംഗം ഹൃദയത്തിൽ തൊടുന്ന തായിരുന്നു.
എൻറെ കുറച്ചു മാമോദീസാ ചിന്തകൾ നമ്മുടെ മക്കൾക്ക് വേണ്ടി പങ്കുവെക്കുന്നു. മതപരമായ മറ്റൊരു വ്യാഖ്യാനവും ഞാൻ ഈ എഴുത്തിന് കൊടുത്തിട്ടില്ല എന്ന് അറിയിക്കുന്നു.
നല്ല ഒരുക്കത്തോടെയും പ്രാർത്ഥനയോടെയും ഏറ്റവും സന്തോഷത്തോടെയും നടത്തേണ്ട കൂദാശ ആണ് മാമോദിസ. ദൈവരാജ്യത്തിന് അവകാശിയായി തീരുന്ന മാമോദിസ ദിനം ആണ് ഒരു ക്രിസ്ത്യാനി ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യേണ്ടത്.
ദൈവപുത്രസ്ഥാനത്തെക്കാൾ വലുതായി ഒരു ക്രിസ്ത്യാനിക്ക് ലോകത്തിൽ മറ്റെന്താണ് നേടാനുള്ളത്.ആ സ്ഥാനം നഷ്ടപ്പെടുത്തരുതെന്ന് നാം മക്കളോട് പറഞ്ഞു കൊടുക്കേണ്ടത് അല്ലേ. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം എന്ന വചനം ഓർത്താൽ മതി. വചനം ഒന്നും നമുക്ക് ഇപ്പോൾ ഒരു പ്രശ്നവുമല്ല. ഇപ്പോൾ ജീവിതം അടിച്ചുപൊളിക്കുക ആത്മാവിൻറെ കാര്യം പിന്നെ നോക്കാം എന്നുള്ളതാണ് നമ്മുടെ നിലപാട്. എടോ മാഷേ…. നമ്മളൊക്കെ എപ്പോൾ പടം ആകും എന്ന് അറിയില്ല.
നാളെ എന്ന ഒരു അവസരം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമോ എന്നും നമുക്ക് അറിയില്ല. മനുഷ്യ ജീവിതം പുൽക്കൊടി തുല്യമാണെന്ന് ഞാൻ പറയുന്നതല്ല ട്ടോ ബൈബിൾ പറയുന്നതാണ് .
പെട്ടെന്ന് വൈറൽ ആകാനും പേരിനും പ്രശസ്തിക്കും പ്രണയത്തിനും പണത്തിനും എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടിയും എന്തിന് നിസ്സാരമായ ലാഭങ്ങൾക്ക് വേണ്ടിയും യേശുക്രിസ്തുവിനെ തള്ളിപ്പറയാനും പുച്ഛിക്കാനും കൂദാശകളെ പരിഹസിച്ച് ചിത്രീകരിക്കാനും മക്കളുടെ മുമ്പിൽ വച്ച് ക്രിസ്തീയതയെ പരിഹസിക്കാനും നാം ഒട്ടും മടി കാണിക്കാറില്ല ഇതൊക്കെ മക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത്?
എല്ലാ മതവിഭാഗത്തിൽ ഉള്ള സുഹൃത്തുക്കളുമായി എല്ലാ മത ആഘോഷങ്ങൾക്കും കുറച്ച് കലാപരിപാടികളും ഒക്കെയായിട്ട് ഭക്ഷണവും സൗഹൃദവും പങ്കിട്ട മധുരമുള്ള ഒരു കുട്ടിക്കാലം എനിക്ക് ഓർമ്മയുണ്ട്. അത് ഓർക്കാൻ തന്നെ സന്തോഷം ആണ്. മതസൗഹാർദ്ദത്തെകാൾ കൂടുതൽ ചേർച്ച മനുഷ്യ സൗഹൃദം എന്ന വാക്കാണ് അത് തുടരുക തന്നെ വേണം എന്നാണ് എൻറെ അഭിപ്രായം. എന്നാൽ ഇപ്പോൾ ആഘോഷപരിപാടികൾക്ക് അപ്പുറത്തേക്ക് (ഭക്ഷണകാര്യം അല്ല ഉദ്ദേശിച്ചത്) ക്രിസ്ത്യാനി പ്രത്യേകിച്ച് കത്തോലിക്കർ മറ്റു മതആചാരങ്ങൾ അനുകരിക്കുന്നത് ഒരു ആവേശമായി അതിര് കടന്നിരിക്കുന്നു. അതാത് മതസ്ഥർ അവരവരുടെ ആചാരങ്ങൾ പിൻ തുടരട്ടെ . അതല്ലേ വേണ്ടത്.
മതസൗഹാർദ്ദം എന്ന പേരിൽ പള്ളികളിൽ പരിശുദ്ധ കുർബാനയെ വേഷത്തിലും ഭാവത്തിലും ഓണ കുർബാന ആക്കി മാറ്റുകയും വിഷുക്കണി പോലുള്ള ആചാരങ്ങൾ പള്ളികളിലോ വീടുകളിലോ അനുകരിക്കുകയും ഒക്കെ ചെയ്യേണ്ട ആവശ്യമില്ലല്ലോ? ഇത്തരം ആചാരങ്ങൾ അനുകരിക്കണം എന്നല്ലേ നമ്മുടെ മക്കൾ മനസ്സിലാക്കുന്നത്. അതുപോലെ ചില പ്രസംഗങ്ങളിൽ എല്ലാ മതങ്ങളും ഒന്ന് ഒരു ദൈവം എന്ന അർത്ഥം വരുന്ന രീതിയിൽ സന്ദേശങ്ങൾ സഭയിൽ നൽകുന്നത് ശരിയാണോ? നമ്മുടെ മക്കൾ ഇതിൽനിന്ന് എന്തു മനസ്സിലാക്കണം.
എല്ലാം ഒന്നാണെങ്കിൽ പിന്നെ മാമോദിസ എന്തിന്?. മക്കൾ മതം മാറുമ്പോൾ മറ്റു മതസ്ഥരെ വിവാഹം കഴിക്കുമ്പോൾ എല്ലാ മതസ്ഥരും വിഷമിക്കുന്നത് എന്തിന്? എല്ലാം ഒന്നാണെന്ന് അങ്ങ് കരുതിയാൽ പോരേ മിശ്രവിവാഹം എന്ന വാക്ക് ഉപയോഗിക്കുന്നതെന്തിന്? ഒരിക്കലും എല്ലാം ഒന്നല്ല, ഒരു മതസ്ഥരും എല്ലാം ഒന്നായി കാണുന്നില്ല എന്നുള്ള യാഥാർത്ഥ്യം അല്ലേ ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുന്നത്.
മറിച്ച് ആലോചിച്ചുനോക്കൂ മറ്റു മതസ്ഥർ അന്യമത ആചാരങ്ങൾ അവരുടെ ആരാധനാലയങ്ങളിൽ അനുകരിക്കാറില്ല. പൊതുവെ വീടുകളിലും ഇല്ല. കാരണം അവരുടെ മത കാര്യങ്ങളിൽ അവർക്ക് കൃത്യമായ നിലപാടുകൾ ഉണ്ട്.ഏതെങ്കിലും അമ്പലങ്ങളിലോ മുസ്ലിം പള്ളികളിലോ ക്രിസ്തുമസ് പുൽക്കൂട് ഉണ്ടാക്കുന്നത് ആയിട്ട് അറിയാമോ? എനിക്ക് അറിയില്ലാട്ടോ ക്രിസ്ത്യാനിക്ക് അങ്ങനെ പ്രത്യേക നിലപാടുകൾ ഒന്നുമില്ല എന്തിനും തയ്യാർ ജീവിതം ജീവിച്ചു തീർക്കാൻ ഉള്ളതല്ല ആഘോഷിക്കാനുള്ളതാണ് എന്ന കാഴ്ചപ്പാടിലാണ് ക്രിസ്ത്യാനി.
മതപരമായ നിർദേശങ്ങൾ കൊടുക്കാതെ നമ്മുടെ മക്കളോട് നല്ല മനുഷ്യനായി ജീവിച്ചാൽ മതി എന്ന വലിയ വാക്ക് മാത്രം നാം പറയും, കാരണം നാം വല്ലാതെ മോഡേൺ ആയി പോയി വലിയ മനസ്സും വിശാലഹൃദയനും ആണെന്ന് മറ്റുള്ളവരെ കൊണ്ടു പറയിക്കണം.അത് കേട്ട് നമുക്ക് അഭിമാനിക്കണം. അതാണ് നമ്മുടെ സ്വാർത്ഥത. മക്കൾക്ക് തെറ്റായ ബന്ധങ്ങൾ കണ്ടാൽ പോലും ഇപ്പോഴത്തെ പിള്ളേര് അല്ലേ എന്തെങ്കിലുമൊക്കെ ആവട്ടെ എന്ന് പറഞ്ഞു കൈ കഴുകും.അങ്ങനെ വിട്ടുകളയാൻ ഉള്ളതാണോ നമ്മുടെ മക്കൾ? അനുസരിച്ചാലും ഇല്ലെങ്കിലും മക്കളെ തിരുത്താൻ ശ്രമിക്കേണ്ടത് നമ്മുടെ കടമയല്ലേ?
എൻറെ മക്കളെ യേശുവിനു വേണ്ടി നേടാൻ സാധിക്കുമോ അല്ലെങ്കിൽ എത്രത്തോളം സാധിക്കും എന്നൊന്നും എനിക്കും അറിയില്ല അതിനുള്ള ശ്രമത്തെ കുറിച്ച് മാത്രമാണ് ഞാൻ പറയുന്നത്. ഏതൊരു കാര്യമായാലുംചുറ്റുമുള്ളവർ ചെയ്യുന്നത് കണ്ട് ഞാനും ചെയ്തു അനുകരിച്ചു എന്ന ഉത്തരം ദൈവസന്നിധിയിൽ സ്വീകാര്യം ആവുകയില്ല. അന്തിമ വിധി നാളിൽ യേശുവിൻറെ മുൻപിൽ നാം ഒറ്റക്ക് ആണ് എന്ന് എപ്പോഴും ഓർക്കുക.
പലകാരണങ്ങളാൽ മക്കൾ വഴി തെറ്റാം പക്ഷേ നാം കാരണം ആകാതിരിക്കട്ടെ എന്ന് മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. മക്കളെ നേടാതെ നാം മറ്റൊന്നും നേടിയിട്ടു ഒരു കാര്യവുമില്ല ദൈവം വളർത്താൻ നമ്മെ ഏൽപ്പിച്ച മക്കളെ ഡോക്ടർ ആക്കി അല്ലെങ്കിൽ ഉന്നതനിലയിൽ എത്തിച്ചു പക്ഷേ അവരെ അങ്ങേയ്ക്കു വേണ്ടി നേടാൻ സാധിച്ചില്ല എന്ന മറുപടി ദൈവത്തോട് പറഞ്ഞാൽ മതിയാകുമോ? മക്കളെ നേടാൻ ഞങ്ങൾ ശ്രമിച്ചു എന്നെങ്കിലും നമുക്ക് പറയാൻ സാധിക്കണം.
മക്കളുടെ നിലനിൽപ്പിന് ദൈവകൃപ കൂടിയേതീരൂ, അതുകൊണ്ട് നമ്മുടെ ശ്രമത്തോടൊപ്പം മാതാപിതാക്കളായ നമ്മുടെയും സഭയുടെയും ശക്തമായ പ്രാർത്ഥനയും ഉപവാസവും ഉണ്ടാവണം. എങ്കിൽ മാത്രമേ മാമോദിസയുടെ ലക്ഷ്യം പൂർത്തീകരിക്കാൻ നമ്മുടെ മക്കൾക്ക് കഴിയൂ എന്ന ചെറിയ ഒരു ഓർമ്മപ്പെടുത്തലോടെ വളർന്നു വരുന്ന എൻറെയും നമ്മുടെ ഓരോരുത്തരുടെയും മക്കൾക്ക് വേണ്ടി!
By, റീന ആൻറണി