ഞാൻ കോളേജിൽ പഠിക്കുമ്പോൾ പരീക്ഷാദിവസങ്ങളിൽ എല്ലാവരും ചൂടുപിടിച്ച പഠനമായിരിക്കും. അതുവരെ ഉഴുപ്പിനടന്നവർ പോലും പരീക്ഷാദിവസം ഉറങ്ങാതിരുന്നു പഠിക്കും. ഒരു മിനിറ്റുപോലും ആരുംതന്നെ പാഴാക്കിയിരുന്നില്ല. ഞാനും.
പക്ഷേ പരീക്ഷയുടെ ആദ്യദിവസം ഞാൻ പ്രതീക്ഷിച്ചതുപോലെ പഠിച്ചെത്തിയില്ല.
രാവിലെയാണ് പരീക്ഷ. വിശുദ്ധ കുർബാനയ്ക്ക് മുടങ്ങാതെ അന്നുമുതൽ പോകുമായിരുന്നു. പക്ഷേ അന്ന് കുർബാനയ്ക്ക് പോകാതെ ആ സമയംകൂടി പഠിക്കാനിരിക്കാമെന്നു മനസ്സിൽ തീരുമാനിച്ചു. ഇന്ന് കുർബാനയ്ക്ക് പോയാൽ ചുരുങ്ങിയത് 45 മിനിറ്റ് പോകും. പഠിക്കാനുള്ള അവസാനത്തെ വിലപ്പെട്ട 45 മിനിറ്റ്. ഇല്ലില്ല. എല്ലാവരുംഇരുന്നു പഠിക്കുമ്പോൾ ആ സമയം കളഞ്ഞു പോകാനുള്ള ശേഷി എനിക്കില്ല. വിശുദ്ധ കുർബാനയ്ക്ക് പോകാനുള്ള സമയം അടുത്തപ്പോൾ ഈ ചിന്ത എന്നെ വീണ്ടും വരിഞ്ഞുമുറുക്കി.
സാരമില്ല, ഒരു ദിവസം കുർബാന മുടക്കിയെന്നുവച്ച് പ്രശ്നമൊന്നുമില്ല. വെറുതെയല്ലല്ലോ, പരീക്ഷ ആയതുകൊണ്ടല്ലേ ? ഇങ്ങനെ ഞാൻ പ്രത്യുത്തരം നൽകിക്കൊണ്ട് പഠിക്കാനിരുന്നു. അഞ്ചുമിനിട്ടുകഴിഞ്ഞു, മനസ്സിന് വല്ലാത്ത അസ്വസ്ഥത. ഉടനെ മുൻപൊരിക്കൽ മുൻ കേട്ടിട്ടുള്ള ഒരു പ്രായംചെന്ന അമ്മാമ്മയുടെ സംഭവം മനസ്സിലേക്ക് കടന്നുവന്നു.
നല്ല പൊരിഞ്ഞമഴയുള്ള ഒരു പ്രഭാതത്തിൽ ഈ അമ്മാമ്മ കുടയും പിടിച്ചു വിശുദ്ധ കുർബാനയ്ക്കു വന്നിരിക്കുകയാണ്. അന്ന് പള്ളിയിൽ ആകെ അഞ്ചുപേരാണ് വന്നിട്ടുള്ളത്.
അതിലൊരാൾ ഈ പ്രായംചെന്ന അമ്മാമ്മയാണ്. വിശുദ്ധകുർബാന കഴിഞ്ഞപ്പോൾ അച്ചൻ ചോദിച്ചു, വല്ല്യമ്മ ഈ പെരുമഴ നനഞ്ഞു കുർബാനയ്ക്ക് വന്നല്ലോ സമ്മതിക്കണം. ഇതെങ്ങനെ വരാൻ തോന്നി. എന്റെ അച്ചാ, എന്റെ കർത്താവ് കുരിശിൽ കിടന്നു പിടയുമ്പോൾ ഞാനെങ്ങനാ വീട്ടിൽ കിടന്നുറങ്ങുന്നേ ???!!! ഉടനെ ഞാൻ ചാടിയെഴുന്നേറ്റു വേഗത്തിൽ റെഡിയായി പള്ളിയിലേക്ക് പാഞ്ഞുചെന്നു. ഞാൻ ചെല്ലുമ്പോൾ വിശുദ്ധ കുർബാന തുടങ്ങിയിരുന്നു. ഞാൻ അന്ന് കരഞ്ഞുകൊണ്ടാണ് വിശുദ്ധ കുർബാന സ്വീകരിച്ചത്.
അന്നേവരെ ഉണ്ടാകാതിരുന്ന അനുഭവമാണ് എനിക്ക് അന്നുണ്ടായത്. കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ഏറ്റവും വലിയ അനുഭവമെന്തെന്നു ചോദിച്ചാൽ എനിക്ക് പറയാനുണ്ടായിരുന്നത് മുടങ്ങാതെ വിശുദ്ധകുർബാനയ്ക്ക് പോകാൻ സാധിച്ചിരുന്നു എന്നതാണ്. ആ അമ്മാമ്മയുടെ മറുപടി ഇന്നും എന്റെ കാതുകളിൽ മുഴങ്ങാറുണ്ട്. അവൻ പിടയുമ്പോൾ ഞാനെങ്ങനാ കിടന്നുറങ്ങുന്നേ ?
പ്രിയപ്പെട്ടവരേ, നിങ്ങൾ എന്തൊക്കെ ഉപേക്ഷിച്ചാലും, എന്തൊക്കെ മാറ്റിവച്ചാലും വിശുദ്ധ കുർബാനമാത്രം മുടക്കരുതേ ! പരീക്ഷയായിക്കോട്ടെ, ഇന്റർവ്യൂ ആയിക്കൊള്ളട്ടെ, യാത്രയോ ക്ഷീണമോ എന്തുമായിക്കൊള്ളട്ടെ, ഇത് മുടക്കരുത്. എഴുന്നേറ്റിരിക്കാൻ ഇന്ന് നിങ്ങൾക്കാവുമോ, അത് പറ്റാത്ത കാലം വരുന്നു. അതിനുമുൻപ് ഇത് ചെയ്യുക, ജീവിതത്തിന്റെ ഭാഗമാക്കുക.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന് ഉണ്ടായിരിക്കുകയില്ല.
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ഥ പാനീയവുമാണ്.
[വിശുദ്ധ യോഹന്നാൻ 6:53-55]
By, അഗസ്റ്റിൻ ക്രിസ്റ്റി