പുതുഞായറും ദൈവകാരുണ്യ ഞായറും… Fr. Mathew (Jinto) Muriankary എഴുതുന്നു.. ഉയിർപ്പു തിരുന്നാൾ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച കത്തോലിക്കാസഭയിൽ വളരെ പ്രധാനപ്പെട്ട ദിവസമായി ആചരിക്കപ്പെടുന്നു. പൗരസ്ത്യ-പാശ്ചാത്യ ഭേദമന്യേ കത്തോലിക്കാസഭയിൽ, അപ്പസ്തോലനായ തോമാശ്ളീഹാക്ക് ഉത്ഥിതനായ ഈശോ പ്രത്യക്ഷപ്പെടുന്നതും, തോമാശ്ളീഹാ “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന് പറഞ്ഞു കൊണ്ട് ഈശോയിലുള്ള വിശ്വാസം പ്രഘോഷിക്കുന്നതും സുവിശേഷ വായനയിൽ ഇന്ന് പ്രത്യേകം ധ്യാനവിഷയമാക്കുന്നു.
എന്നിരുന്നാലും തിരുന്നാൾ ആഘോഷത്തിൽ രണ്ടു സഭകളും വ്യത്യസ്ഥത പുലർത്തുന്നുണ്ട്. പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോ-മലബാർ സഭയിൽ, ഈ ഞായറാഴ്ച (പുതുഞായർ) പുതിയ ഞായറാഴ്ച എന്നു വിളിക്കപ്പെടുന്നു. ഉയിർപ്പു തിരുന്നാൾ ദിനം മാമ്മോദിസാ സ്വീകരിച്ചവർ ഈ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പൂർണമായി പങ്കെടുക്കുന്നു എന്ന സവിശേഷത ഈ ദിവസത്തിനുണ്ട്. ഇപ്രകാരം ക്രിസ്തീയ ജീവിതത്തിന്റെ കൗദാശിക അനുഭവം പൂർണ്ണമായും ആരംഭിക്കുന്ന ദിവസമായി ഇതിനെ കാണുന്നതുകൊണ്ടാണ് ഇതിനെ ‘പുതുഞായർ’ എന്ന് വിളിക്കുന്നത്.
അതുകൂടാതെ, ഭാരതീയ അപ്പസ്തോലനായ തോമാശ്ളീഹായുടെ ഈശോയിലുള്ള വിശ്വാസത്തെ അനുസ്മരിച്ചുകൊണ്ട് ഈ ദിവസം തോമാശ്ളീഹായുടെ പേരിലുള്ള ചില ദൈവാലയങ്ങളിലേക്കു തീർത്ഥാടനം നടത്തുന്ന പതിവുമുണ്ട്. ഇപ്രകാരം പ്രധാനപ്പെട്ട ഒന്നാണ് മലയാറ്റൂർ തീർത്ഥാടന കേന്ദ്രം. തന്റെ പുനരുത്ഥാനത്താൽ മരണത്തെയും പാപത്തെയും ജയിച്ച ഈശോയോടൊപ്പം വീണ്ടും ജനിച്ചു പാപത്തെ ഉപേക്ഷിച്ചു പുതിയ ജീവിതം നയിക്കാനും ഈ തിരുന്നാൾ വിശ്വാസികളെ ഓർമിപ്പിക്കുന്നു.
പാശ്ചാത്യ (ലാറ്റിൻ) സഭയിൽ ഈ ഞായറാഴ്ച ‘ദൈവകാരുണ്യത്തിന്റെ ഞായറാഴ്ച’ എന്നാണ് അറിയപ്പെടുന്നത്. പോളണ്ട് സ്വദേശിയായ വിശുദ്ധ ഫൗസ്തീന കൊവാൾസ്കായ്ക്കു(1905-1938) 1931 ൽ ലഭിച്ച ഈശോയുടെ ദർശനമാണ് ഈ തിരുന്നാൾ ആചരണത്തിന്റെ ഉറവിടം. ഈശോയുടെ നെഞ്ചിൽ നിന്നും ചുമപ്പും (ഈശോയുടെ തിരുരക്തത്തിന്റെ പ്രതീകം), മങ്ങിയ വെള്ളയും (ആത്മാക്കളെ വിശുദ്ധീകരിക്കുന്ന ജലത്തിന്റെ പ്രതീകം) നിറങ്ങളിലുള്ള രശ്മികൾ പുറപ്പെടുന്ന രീതിയിൽ ഉള്ള ഒരു മിശിഹാദർശനമാണ് സിസ്റ്റർ ഫൗസ്റ്റീനക്ക് ലഭിച്ചത്.
ഈ ദർശനത്തിൽ കാണപ്പെട്ട ഈശോയുടെ ചിത്രം വരക്കുവാനും ‘ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചയായി’ ഉയിർപ്പു ഞായർ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ആചരിക്കുവാനുമുള്ള ആഹ്വാനം വിശുദ്ധക്ക് ദർശനത്തിൽ ലഭിച്ചു. മറ്റൊരു ദർശനത്തിൽ കരുണയുടെ പ്രാർത്ഥനകൾ ചൊല്ലുന്നതിന്റെ ആവശ്യകതയെപ്പറ്റി വിശുദ്ധ ഫൗസ്തീനായ്ക് വെളിപാട് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ‘കരുണകൊന്ത’ എന്ന പ്രാർത്ഥന കത്തോലിക്കാ സഭയുടെ പ്രാർത്ഥനകളിൽ ഇടം നേടുകയുണ്ടായി.
2000-ജൂബിലി വർഷത്തിൽ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ’ സിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ‘ദൈവകാരുണ്യത്തിന്റെ ഞായറാഴ്ച’ കത്തോലിക്കാസഭയിൽ ഒരു പ്രധാനപ്പെട്ട തിരുന്നാളായി ആഘോഷിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2011 ൽ വാഴ്ത്തപ്പെട്ടവനായും 2014 വിശുദ്ധനായും പ്രഖ്യാപിച്ചതും ‘ദൈവകാരുണ്യത്തിന്റെ ഞായറാഴ്ച’യായിരുന്നു.അവരുടെ പിൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയും വലിയ പ്രാധാന്യത്തോടെ ഈ തിരുനാൾ ആഘോഷിക്കുന്നു.
വത്തിക്കാൻ ബസിലിക്കയിൽ നിന്നും നടന്നെത്താവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെയും വിശുദ്ധ ഫൗസ്തീനായുടെയും തിരുശേഷുപ്പുകൾ വിശ്വാസികളുടെ വണക്കത്തിനായി വച്ചിരിക്കുന്ന ഹോളിസ്പിരിറ്റ് ദൈവാലായത്തിലാണ് കഴിഞ്ഞ വർഷം മാർപാപ്പ ദിവ്യബലിയർപ്പിച്ചത്. എന്നാൽ, ഈ വർഷം, വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ചത്വരത്തിലാണ് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
By, Fr. Mathew (Jinto) Muriankary: