Bibin Madathil
കടുവ എന്ന സിനിമയിൽ ഭിന്നശേഷിക്കാരായ കുട്ടികളെ മാതാപിതാക്കളുടെ കർമ്മഫലമായി അവതരിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ക്ഷമ ചോദിച്ചു കൊണ്ട് ഷാജി കൈലാസ് ഇട്ട പോസ്റ്റ് വായിച്ചു. അതിൽ അത്തരത്തിലൊരു ഡയലോഗ് കൊണ്ടുവരാൻ ഇടയായ സാഹചര്യം സൂചിപ്പിക്കുന്നതിനിടയിൽ അദ്ദേഹം ഒരു ബൈബിൾ വാക്യം ഉദ്ധരിക്കുകയുണ്ടായി. അത് ഇങ്ങനെയാണു, “(‘പിതാക്കന്മാര് പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ലു പുളിച്ചു’ എന്ന ബൈബിൾ വചനം ഓർമിക്കുക). മക്കളുടെ കർമഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യർ അത് ആവർത്തിക്കുന്നു.”
യഥാർത്ഥത്തിൽ ഷാജി കൈലാസ് ബൈബിളിലെ ഈ വചനം തെറ്റായിട്ടാണു മനസിലാക്കിയിരിക്കുന്നത്. അതെന്താണെന്ന് മനസിലാക്കാൻ ബൈബിളിൽ ഈ വചനം കാണാൻ കഴിയുന്ന ഭാഗങ്ങൾ ഉദ്ധരിക്കാം. “പിതാക്കന്മാര് പച്ചമുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ആ നാളുകളില്‍ അവര്‍ പറയുകയില്ല. ഓരോരുത്തനും അവനവന്റെ അകൃത്യം നിമിത്തമാണ് മരിക്കുക. പച്ചമുന്തിരിങ്ങതിന്നുന്നവന്റെ പല്ലേ പുളിക്കൂ.” (ജറമിയ 31:29-30)
“പിതാക്കന്മാര് പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്?
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല. എല്ലാവരുടെയും ജീവന് എന്‍േറതാണ്. പിതാവിന്റെ ജീവനെന്നപോലെ പുത്രന്റെ ജീവനും എനിക്കുള്ളതാണ്. പാപം ചെയ്യുന്നവന്റെ ജീവന് നശിക്കും.” (എസക്കിയേൽ 18:2-4)
ഈ ഭാഗങ്ങൾ വായിച്ചാൽ ഷാജി കൈലാസ് മനസിലാക്കിയിരിക്കുന്നതുപോലെ അല്ല ബൈബിൾ ഇത് പഠിപ്പിക്കുന്നത് എന്ന് കാണാൻ സാധിക്കും. “പിതാക്കന്മാര് പച്ചമുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു” എന്ന ഒരു പഴമൊഴി ഇസ്രായേലിൽ നിലവിലുണ്ടായിരുന്നുവെന്നും അത് ഇനി മുതൽ ആവർത്തിക്കരുതെന്നുമാണു യഥാർത്ഥത്തിൽ ബൈബിൾ പറയുന്നത്. പിതാക്കന്മാരുടെ പ്രവൃത്തികളുടെ ഫലം മക്കൾ അനുഭവിക്കേണ്ടി വരും എന്ന് പഞ്ചഗ്രന്ഥിയിൽ ആവർത്തിക്കുന്നുണ്ടെങ്കിലും (പുറപ്പാട് 20:5, 34:6-7, സംഖ്യ 14:18, നിയമാവർത്തനം 5:9) അത് മക്കളുടെ അംഗവൈകല്യവുമായൊന്നും കൂട്ടിക്കെട്ടരുതെന്ന് യേശുവും പുതിയ നിയമത്തിൽ പറയുന്നുണ്ട്.
“അവന് കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെ കണ്ടു. ശിഷ്യന്മാര് യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന് അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ? യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.” (യോഹ 9:1-3).
മുൻതലമുറയിലെ പൂർവ്വീകരുടെ പ്രവൃത്തികളുടെ ഫലം പിൻതലമുറ അനുഭവിക്കാറുണ്ടെന്നുള്ളത് സത്യമാണു. അത് നന്മയായാലും തിന്മയായാലും. ജനിച്ചു വീഴുന്ന ഒരു കുഞ്ഞ് അനുഭവിക്കുന്ന സുഖമോ ദുഖമൊ ഒക്കെ അവന്റെ മാതാപിതാക്കളുടെ പ്രവൃത്തികൾക്കനുസരിച്ചായിരിക്കും. അവന്റെ വളർച്ചയിലും മാതാപിതാക്കളുടെ പ്രവൃത്തികൾക്ക് പ്രാധാന്യമുണ്ട്. പക്ഷെ ഒരുവൻ അന്ധനാകുന്നതൊ വികലാംഗനാകുന്നതൊ ഒന്നും അവന്റെ മാതാപിതാക്കൾ പാപം ചെയ്തതുകൊണ്ടല്ല. അങ്ങനെ ബൈബിളൊ ക്രിസ്തുവോ പഠിപ്പിക്കുന്നില്ല.
ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം…
ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം.
വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള് ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. (‘പിതാക്കന്മാര് പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു’ എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു.
ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന് ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല.
ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും.
‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ….മാപ്പ്….
നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം..