ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
ഏതാനും ആഴ്ചകൾക്കുമുമ്പ് കേരളത്തെ മുഴുവൻ ഞെട്ടിച്ച സംഭവമാണ് ഇലന്തൂരിൽ ഉണ്ടായ നരബലി കേസ്. സാക്ഷരകേരളത്തെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസം എത്ര ഭീകരമാണെന്നു തെളിയിച്ച സംഭവമായിരുന്നത്. ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്ക്കരിച്ച് കേരളത്തിലെ മുഴുവൻ ജനങ്ങളെയും അവഹേളിക്കരുതെന്ന് പറയാൻ വരട്ടെ. നരബലി ഒറ്റപ്പെട്ട സംഭവമായിരിക്കാം. എന്നാൽ നരബലിയോളം എത്തുന്നില്ലെങ്കിലും സാമാന്യബോധത്തെയും ശരിയായ ദൈവവിശ്വാസത്തെയും നോക്കുകുത്തികളാക്കി സമൂഹത്തിന്റെ എല്ലാ മേഖലയിലും പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളർന്നുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം.
മതവ്യത്യാസങ്ങളില്ലാതെ എല്ലാ വിഭാഗത്തിലും പെട്ടവർ ഇതുപോലുള്ള തിന്മകളിൽ പെട്ടുപോകുന്നുണ്ട്. ഐശ്യര്യവും സമ്പത്തുമുണ്ടാകാനും രോഗം ഭേദമാകാനും ജോലി ലഭിക്കാനുമൊക്കെ ആഗ്രഹിച്ചാണ് അന്ധവിശ്വാസത്തിന്റെ കുറുക്കുവഴിയെ പലരും ഓടിനോക്കുന്നത്. വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഉയർന്നവരെന്ന് അഹങ്കരിക്കുമ്പോഴും വ്യത്യസ്ത മതവിശ്വാസങ്ങളും അവയുടെ അനുഷ്ഠാനങ്ങളും നിറഞ്ഞുനില്ക്കുന്ന ദൈവത്തിന്റെ നാടെന്നു കൊട്ടിഘോഷിക്കപ്പെടുമ്പോഴും ആത്മീയതയുടെ ഈ വഴിതെറ്റിയ യാത്രകൾ കൂടിവരുന്നത് നാം ഗൌരവമായി കണ്ടേ മതിയാകു.
കത്തോലിക്കാസഭയും ഇതിനൊരപവാദമല്ല. കോവിഡിന്റെ കാലത്ത് എല്ലാം ശാന്തമായതായിരുന്നു. എന്നാൽ കോവിഡാനന്തരസഭയിൽ പകർച്ചവ്യാധിയെക്കാൾ വ്യാപനശേഷിയോടെ പടർന്നുകൊണ്ടിരിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് പ്രതികരിക്കാതിരിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല. അതു മറ്റൊന്നിനേക്കുറിച്ചുമല്ല, ആലപ്പുഴയിലെ ഒരു പ്രാർത്ഥനാകേന്ദ്രത്തിൽനിന്നു വിതരണംചെയ്യുന്ന പത്രത്തെക്കുറിച്ചുതന്നെയാണ്. 2019-ൽ ഇതേ വിഷയത്തെക്കുറിച്ച് സോഷ്യൽമീഡിയായിൽ പ്രസിദ്ധീകരിച്ച കുറിപ്പ് ഇപ്പോഴും പ്രസക്തമായതിനാൽ അതിവിടെ വീണ്ടും ചേർക്കുകയാണ്.
-2019 ലെ കുറിപ്പ്…
“കടയിൽ പോയി പത്തു കോഴിമുട്ട വാങ്ങി. തിരിച്ചു വീട്ടിൽ വന്ന് മുട്ട പൊതിഞ്ഞിരുന്ന പേപ്പർ തുറന്നപ്പോൾ അതാ പത്തു കോഴിക്കുഞ്ഞുങ്ങൾ.. അപ്പഴാണ് മുട്ട പൊതിഞ്ഞിരുന്ന പേപ്പർ ശ്രദ്ധിച്ചത്. അത് …. പത്രമായിരുന്നു.” കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ നിറഞ്ഞാടുന്ന, വളരെ വൈറലായ ചില ട്രോളുകളിൽ സഭ്യമായ ഒന്നിൽ കുറിച്ചിരിക്കുന്ന വാക്കുകളാണിത്. കത്തോലിക്കാസഭ അകത്തുനിന്നും പുറത്തുനിന്നും വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ലോകത്തിലെ ഏറ്റവും കെട്ടുറപ്പുള്ളതും വ്യവസ്ഥാനുസൃതവുമായ സഭയെ തകർക്കുവാൻ പല പ്രസ്ഥാനങ്ങളും സംഘടനകളും കാലങ്ങളായി കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ വിജയിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ലെന്നത് ഇപ്പോഴും അവരെ അലോസരപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്.
അതുകൊണ്ടുതന്നെ കിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി ഉപയോഗിച്ച് സഭയുടെ പ്രകാശത്തെ മറയ്ക്കുവാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ സംഭവിച്ചതുപോലെയുള്ള ഭീകരാക്രമണങ്ങളും ബുദ്ധിജീവികളെന്നു നടിക്കുന്നവരിൽനിന്നുണ്ടാകുന്ന ബൌദ്ധികാക്രമണങ്ങളും സഭയുടെ ചരിത്രവഴികളിൽ ധാരാളം കാണുവാൻ കഴിയും. എന്നാൽ അടുത്ത കാലത്തായി സഭയ്ക്കെതിരെ പുതിയൊരു ആക്രമണതന്ത്രം രൂപപ്പെട്ടിരിക്കുകയാണ്.
സഭയിലുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളെയും പ്രശ്നങ്ങളെയും സാമാന്യവത്ക്കരിച്ച് സഭ സ്വഭാവത്താലെ തിന്മ നിറഞ്ഞ സമൂഹമാണെന്നു സോഷ്യൽ മീഡിയായും മറ്റും ഉപയോഗിച്ച് ആവർത്തിച്ചു പറഞ്ഞ് മനുഷ്യമനസിൽ നിഷേധാത്മകമായ ഒരു മനോഭാവം സൃഷ്ടിക്കുകയെന്ന ഹീനതന്ത്രം ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ സഭയ്ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഉപയോഗിക്കുന്നതാകട്ടെ പല പള്ളികളിലും വിമതസ്വരമുയർത്തിക്കൊണ്ടിരിക്കുന്ന ചില വ്യക്തികളും. ഇങ്ങനെ ഓരോദിവസവും സഭയ്ക്കെതിരെ ഇരതേടിക്കൊണ്ടിരിക്കുന്നവർക്ക് സഭയ്ക്കുള്ളിൽനിന്നുതന്നെ ഇപ്പോൾ നിരവധി അവസരങ്ങൾ കിട്ടുന്നുവെന്നത് നിർഭാഗ്യകരമായ ഒരു യാഥാർത്ഥ്യമാണ്. സഭയിലെ ചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും വീഴ്ചകൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾക്ക് ഒരു കുറവുമില്ല. എന്നാൽ അതിനേക്കാൾ ഗുരുതരമായ മറ്റൊരു പ്രതിസന്ധി വിശ്വാസപരമായ കാര്യങ്ങളിൽ സംഭവിക്കുന്ന അപചയങ്ങളാണ്.
അങ്ങനെയുള്ള പ്രശ്നങ്ങൾ സഭയെ പരിഹാസപാത്രമാക്കാനുള്ള ഉപാധിയാക്കി ചിലർ മാറ്റുന്നു എന്നതിന്റെ ഉദാഹരണമാണ് മുകളിൽ കൊടുത്തിരിക്കുന്ന ട്രോളിലെ വാക്കുകൾ. അടിക്കാൻ നല്ല പുളിവടിതന്നെ വെട്ടിക്കൊടുത്തിട്ട് എന്നെ തല്ലുന്നേയെന്നു നിലവിളിക്കുന്ന അവസ്ഥയാണിന്നു പലപ്പോഴും സഭയിലുണ്ടാകുന്നത്. ആലപ്പുഴയിൽനിന്ന് വിതരണം ചെയ്യുന്ന ഒരു പത്രമാണ് ഇപ്പോഴത്തെ പുതിയ വടി. ആ പത്രത്തിൽ അച്ചടിച്ചുവരുന്ന സാഷ്യമൊഴികളനുസരിച്ച് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ആ പ്രാർത്ഥനാകേന്ദ്രത്തിലെ ഉടമ്പടിയും അതിന്റെ ഭാഗമായ പത്രവും.
വിശ്വാസികളുടെ ആത്മീയതയുടെ പാപ്പരത്തം അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന പത്രമെന്നു മാത്രമാണ് അതിനു കൊടുക്കാവുന്ന വിശേഷണം. കായ്ക്കാത്ത പുളിമരം കായ്ക്കാൻവേണ്ടി ആ മരത്തിൽ ഈ പത്രം കെട്ടിവെച്ചിരിക്കുന്ന ഒരു ഫോട്ടോയും കഴിഞ്ഞ ദിവസം സോഷ്യൽമീഡിയായിൽ കണ്ടു. അവിടെയെത്തി നില്ക്കുന്നു പത്രത്തിന്റെ അത്ഭുതശേഷി. ആത്മീയതയുടെ അടിതെറ്റിയാൽ സംഭവിക്കാവുന്ന അപചയത്തിന്റെ നേർച്ചിത്രമായി ഈ പത്രം ഇന്നു സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്നു. ഓരോ പ്രാർത്ഥനാകേന്ദ്രങ്ങളും വെറൈറ്റിക്കുവേണ്ടിയും ആളുകളെ അവിടേയ്ക്കാകർഷിക്കാൻവേണ്ടിയും ഇതുപോലുള്ള വ്യത്യസ്തവും വികലവുമായ തന്ത്രങ്ങൾ സ്വീകരിക്കുമ്പോൾ സഭ സമൂഹമദ്ധ്യത്തിൽ അപഹാസ്യമാക്കപ്പെടുന്നു എന്നു മാത്രമല്ല, ശരിയായ വിശ്വാസജീവിതത്തിന്റെ വഴികൾ ദുർഘടമാക്കപ്പെടുകയും ചെയ്യുകയാണ്.
പലപ്പോഴും ഇങ്ങനെയുള്ള കേന്ദ്രങ്ങളെക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കുമ്പോൾ സാധാരണ വിശ്വാസികൾ പറയുന്ന ഒരു ന്യായം അവിടെ നടക്കുന്ന അത്ഭുതങ്ങൾ അവരുടെ വിശ്വാസത്തെ ഉറപ്പിക്കുന്നു എന്നതാണ്. എന്നാൽ അത്ഭുതങ്ങൾ എന്നു വിളിക്കപ്പെടുന്ന അനുഭവങ്ങളെ വിശ്വാസത്തിന്റെ അടിസ്ഥാനമാക്കി പ്രതിഷ്ഠിക്കുന്നതിലെ അപകടം ആരും തിരിച്ചറിയുന്നില്ല. കാരണം ഈ പറയുന്ന അത്ഭുതങ്ങൾ കത്തോലിക്കാസഭയുടെ മാത്രം കുത്തകയല്ല. ഏതെല്ലാം മതവിഭാഗങ്ങളിൽ എന്തെല്ലാം അത്ഭുതങ്ങൾ നടക്കുന്നുവെന്ന വാർത്തകളാണ് നാം എന്നും കേട്ടുകൊണ്ടിരിക്കുന്നത്. ഏതായാലും സ്വന്തം ഇടവകപ്പള്ളിയിലെ വി.കുർബാനയിലും മറ്റു കൂദാശകളിലും നടക്കുന്ന അത്ഭുതത്തെ തിരിച്ചറിയാതിരിക്കുകയും മുകളിൽപറഞ്ഞ പത്രത്തിലൂടെ അത്ഭുതങ്ങൾ അനുഭവിക്കുകയും ചെയ്യുന്നവർ തങ്ങളുടെ വിശ്വാസത്തെ നന്നായൊന്ന് വിലയിരുത്തേണ്ടതായിട്ടുണ്ട്.
പാസ്പോർട്ട് പത്രത്തിൽ പൊതിഞ്ഞുവെച്ച് വിദേശത്ത് ജോലി നേടിയവരും, പത്രം തലയിൽ കെട്ടിവെച്ച് ബ്രെയിൻ ട്യൂമർ കരിച്ചു കളഞ്ഞവരും, പത്രം വയറ്റിൽ കെട്ടിവെച്ച് ഗർഭം ധരിച്ച വന്ധ്യകളും പത്രം ചവച്ചുതിന്ന് വയറിളക്കം നിറുത്തിയവരും, പത്രം കെട്ടിവെച്ച് ഒടിഞ്ഞ അസ്ഥികൾ പുനസ്ഥാപിച്ചവരുമൊക്കെ പത്രത്തിന്റെ സാക്ഷ്യത്താളുകളിൽ നിറയുമ്പോൾ പ്രത്യേകിച്ച് അനുഭവമൊന്നും കിട്ടാത്ത വി. കുർബാനയ്ക്കും കൂദാശകൾക്കുമൊക്കെ എന്തുവില…! ഈ പത്രം വിതരണം ചെയ്യുന്ന കേന്ദ്രത്തിലും കാണുമല്ലോ വി. കുർബാനയർപ്പണവും സഭയുടെ മറ്റു ഔദ്യോഗിക കർമ്മങ്ങളും. പക്ഷെ, അവിടെ ഓടിക്കൂടുന്നവരിൽ ആരും അതിനെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നത് കേൾക്കുന്നതുമില്ല. ചുരുക്കത്തിൽ അവിടുത്തെ ഉത്തരവാദിത്വപ്പെട്ടവരും പ്രാധാന്യം കൊടുക്കുന്നത് ഈ പത്രാഭിഷേകത്തിനും കച്ചവടത്തിനുമാണെന്നു ചിന്തിക്കേണ്ടി വരുന്നു.
ശരിയായ വിശ്വാസപരിശീലനവും അനുഭവദായകമായ കൂദാശയർപ്പണങ്ങളും സഭയിൽ ഉണ്ടാകാത്തിടത്തോളം കാലം ഇങ്ങനെയുള്ള പ്രസ്ഥാനങ്ങൾ ഒന്നിനുപുറകേ ഒന്നായി ഉയർന്നു വന്നുകൊണ്ടിരിക്കും. തികച്ചും ഒരു സ്വകാര്യഭക്താനുഷ്ഠാനമായ ജപമാല പ്രാർത്ഥന ചൊല്ലുമ്പോഴുള്ള നിഷ്ഠപോലും സഭയുടെ ഔദ്യോഗികമായ ആരാധനക്രമം പരികർമ്മം ചെയ്യുമ്പോൾ പുലർത്താതെ വിശ്വാസികൾക്കുമുമ്പിൽ അതിനെ വിലകുറച്ചുകാണിക്കുന്ന അഭിഷിക്തരും സഭയിൽ സത്യവിശ്വാസത്തിനു നിരക്കാത്ത പ്രസ്ഥാനങ്ങൾ ഇതുപോലെ വളർന്നുവരുമ്പോൾ-
-അതിനെ നിയന്ത്രിക്കാൻ ശ്രദ്ധിക്കാത്ത സഭാനേതൃത്വങ്ങളും എവിടെയെങ്കിലും അത്ഭുതങ്ങളെക്കുറിച്ചുള്ള കഥകൾ കേൾക്കുമ്പോൾ ഇടവകപ്പള്ളിയെയും കൂദാശകളെയുംവിട്ട് വണ്ടീംപിടിച്ച് അവിടേക്കു പായുകയും അങ്ങനെയുള്ള കേന്ദ്രങ്ങളുടെ ഏജന്റുകളായി മാറുകയും ചെയ്യുന്ന വിശ്വാസികളും ഒരുമിച്ചിരുന്ന് ഞാൻ പിഴയാളി ചൊല്ലേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ വിശ്വാസത്തിൽ ഇതുപോലുള്ള കോമാളിക്കളികൾ കൂടുകയും അതെല്ലാം സഭയുടെ പ്രകാശത്തെ കെടുത്തുവാൻ ശ്രമിക്കുന്നവർക്ക് ആയുധമായിത്തീരുകയും ചെയ്യും.”
–അനുബന്ധം..
മുകളിലെ വാക്കുകൾ 2019 -ൽ എഴുതിയതാണ്. അന്നത്തെ പല കുറവുകളും അധികാരികൾ ഇടപെട്ടു തിരുത്തിയെന്നൊക്കെ ഇപ്പോൾ അറിയുന്നു. എന്നാൽ ആളുകളിലേയ്ക്ക് ആ തിരുത്തലുകൾ എത്തിയിട്ടില്ലെന്നു മാത്രമല്ല, മുകളിൽ സൂചിപ്പിച്ചതുപോലെയുള്ള കഥകളുമായി കൂടുതൽ ആളുകളിലേയ്ക്കു ഉടമ്പടിയെടുത്ത പ്രേഷിതർ ഇറങ്ങുന്നുമുണ്ട്. ചുരുക്കത്തിൽ പത്രത്തിന് അത്ഭുതശേഷിയൊന്നുമില്ലെന്നു അതിന്റെ ഉത്തരവാദിത്വപ്പെട്ടവർ പറയുന്നതിന്, ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ എന്ന് മദ്യക്കുപ്പിയുടെ പുറത്തുള്ള കുറിപ്പിന്റെ ലക്ഷ്യമേയുള്ളു.
ആ കേന്ദ്രത്തിൽനിന്നെടുത്ത ഉടമ്പടിയുടെ ഊരാക്കുടുക്കുമായി സമൂഹത്തിൽ പലവിധ പ്രതിസന്ധികളിലായിരിക്കുന്നവരെ സമീപിക്കുന്ന പ്രേഷിതരെന്നു വിളിക്കപ്പെടുന്ന ഏജന്റുമാർ എന്തെല്ലാം അസംബന്ധങ്ങളാണ് പ്രചരിപ്പിക്കുന്നത്. പ്രസ്തുത പ്രാർത്ഥനാകേന്ദ്രത്തിൽനിന്നുള്ള പ്രബോധനങ്ങളിൽ എന്തെങ്കിലും തെറ്റുകളുണ്ടോയെന്ന് കണ്ടെത്താൻ ഉത്തരവാദിത്വപ്പെട്ടവർ അന്വേഷിച്ചു ചെല്ലേണ്ടത് ആ കേന്ദ്രത്തിലേയ്ക്കു മാത്രമായിരിക്കരുത്. മറിച്ച്, പത്രവും ഉടമ്പടിയുംമൂലം വിശ്വാസവഴിയിൽനിന്ന് അകന്നുപോകുന്നവരുടെയിടയിലും ഒരു അന്വേഷണം നടത്തേണ്ടത്ത് അനിവാര്യമാണ്.
കാരണം വെറുമൊരു പ്രസിദ്ധീകരണത്തെ ഹന്നാൻവെള്ളം തളിച്ച് അതിനെ വിശുദ്ധ വസ്തുവാക്കുകയും ഉടമ്പടിയുമായി കൂട്ടിക്കെട്ടി അതിന്റെ പ്രചാരണം ഉറപ്പുവരുത്തുകയും ചെയ്തിട്ട് പേപ്പറിന് അത്ഭുതശക്തിയുണ്ടെന്നു ഞങ്ങൾ പഠിപ്പിക്കുന്നില്ലെന്നു പറയുന്നതിൽ എന്തർത്ഥമാണുള്ളത്? ഈ നാളുകളിൽ എവിടെച്ചെന്നാലും കേൾക്കാനുള്ളത് പത്രത്തെക്കുറിച്ചും ഉടമ്പടിയേക്കുറിച്ചുമാണ്. സഭയിലെ ഉത്തരവാദിത്വപ്പെട്ടവർ പോലും “മനുഷ്യർക്കു ഗുണമുണ്ടാകുന്നുണ്ടെങ്കിൽ അതു നടക്കട്ടെ”യെന്ന നിലപാടിലേയ്ക്കു മാറുന്ന ദയനീയമായ സാഹചര്യമാണിപ്പോഴുള്ളത്. അവരിൽ പലരുടെയും തലയിണയ്ക്കടിയിൽ ഈ പത്രമിരിപ്പുണ്ടോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു!!
ഏതായാലും ഈ കുറിപ്പ് ഇപ്പോൾ വിശ്വാസികളുടെ പൊതുതാല്പര്യത്തിനു വിരുദ്ധമായതിനാൽ ഒരു വിമതക്കുറിപ്പായിട്ടെങ്കിലും പ്രചരിച്ചാൽ മതിയായിരുന്നു. കാരണം ഞാൻ വിശ്വസിക്കുകയും ഏറ്റുപറയുകയുംചെയ്യുന്നത് കത്തോലിക്കാസഭയുടെ കൂദാശകളും പ്രബോധനങ്ങളുമാണ്. സ്വന്തം താല്പര്യങ്ങൾക്കും അനുഭവങ്ങൾക്കുമുപരിയായി സഭയുടെ വിശ്വാസത്തെയും കൂദാശകളെയും മുറുകെപ്പിടിക്കുന്നവർ ഇപ്പോഴുമുണ്ടെങ്കിൽ അവരൊറ്റയ്ക്കല്ല എന്ന് അറിയിക്കുകമാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം!