യുദ്ധത്തിനെതിരേ ചലിക്കുന്ന ആ തൂലികയുടെ ഉടമയ്ക്ക് യുദ്ധവിരുദ്ധ പ്രകടനവും നടത്താനറിയാം എന്നതിൻ്റെ നേർക്കാഴ്ചയാണ് ഇന്ന് റോമിലെ വിയാ ദെല്ല കൊൺചിലിയാറ്റ്സിയോണേ എന്നറിയപ്പെടുന്ന വിശാലവും സുന്ദരവുമായ വീഥിയിലെ പത്താം നമ്പർ കെട്ടിടസമുച്ചയത്തിൽ കണ്ടത്.
ഉക്രയിൻ യുദ്ധത്തെക്കുറിച്ച് തനിക്കുള്ള ആശങ്ക അറിയിക്കാനും യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യർത്ഥന ശക്തമായി പ്രകടിപ്പിക്കാനുമായി ഫ്രാൻസിസ് പാപ്പ പരിശുദ്ധ സിംഹാസനത്തിനുള്ള റഷ്യൻ എംബസിയിലേക്ക് ഇന്ന് വ്യക്തിപരമായ സന്ദർശനം നടത്തി അംബാസഡർ അലക്സാണ്ടർ അവ്ദീവുമായി സംഭാഷണം നടത്തി. കൂടിക്കാഴ്ച അര മണിക്കൂറിലേറെ നീണ്ടു എന്ന് വത്തിക്കാൻ വക്താവ് മത്തേയോ ബ്രൂണി അറിയിച്ചു. ഒരു രാഷ്ട്രത്തലവനും മറ്റൊരു രാഷ്ട്രത്തിൻ്റെ അംബാസഡറുമായി സംസാരിക്കാൻ എംബസിയിലേക്കു ചെല്ലാറില്ല എന്നിരിക്കെ യുദ്ധകാലത്തെ, പാപ്പയുടെ ഈ നീക്കം തികച്ചും അസാധാരണവും സുപ്രധാനവുമാണ്.
റഷ്യൻ ഭരണകൂടത്തോടുള്ള ശക്തവും കരുത്തുറ്റതുമായ ഒരു അഭ്യർത്ഥനയാണ് ഈ പേപ്പൽ വിസിറ്റ്. സമാധാനക്ഷണത്തിൻ്റെ ദൈവിക സ്വരം. ജനുവരി ഇരുപത്തി രണ്ടാം തീയതി ഞായറാഴ്ച ത്രികാലജപത്തിൻ്റെ അവസരത്തിൽ, ഉക്രയിനുമേൽ ഉരുണ്ടുകൂടുന്ന യുദ്ധ കാർമേഘങ്ങൾ നീക്കിക്കളയുന്നതിന് പ്രതിജ്ഞാബദ്ധരാകാൻ രാഷ്ട്രനേതാക്കളോട് പാപ്പ അഭ്യർത്ഥിച്ചിരുന്നു. ജനുവരി 26 ന് ലോകപ്രാർത്ഥനാദിനമായി ആചരിക്കാനും ലോകമെങ്ങുമുള്ള മനുഷ്യരെ പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ! ”യുദ്ധം രാഷ്ട്രീയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പരാജയമാണ്, ലജ്ജാകരമായ തലകുനിക്കലാണ്, തിന്മയുടെ ശക്തികൾക്കു മുമ്പിലെ ദാരുണമായ കീഴടങ്ങലാണ്.” കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഏവരും സോദരർ (ഫ്രത്തെല്ലി തൂത്തി) എന്ന ചാക്രികലേഖനത്തിൽ 261-ാം ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പ കുറിച്ച ഈ വരികൾക്ക് ഇന്ന് ആയിരം നാവുണ്ടെന്നു തോന്നുന്നു!
ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ചു നടന്ന പൊതുദർശനത്തിനിടെ ഫ്രാൻസിസ് പാപ്പ നല്കിയ സന്ദേശം താഴെ ചേർക്കുന്നു: ഉക്രയിനിലെ സ്ഥിതിഗതികൾ വഷളായതിൽ എന്റെ ഹൃദയത്തിൽ വലിയ വേദനയുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും, കൂടുതൽ ഭയാനകമായ സാഹചര്യങ്ങളാണ് നാം കാണുന്നത്. എന്നെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ആളുകൾ വേദനയും ആശങ്കയും അനുഭവിക്കുന്നു. പക്ഷപാതപരമായ താൽപര്യങ്ങളാൽ എല്ലാവരുടെയും സമാധാനം വീണ്ടും അപകടത്തിലാവുകയാണ്.
യുദ്ധത്തിന്റെയല്ല, സമാധാനത്തിന്റെ ദൈവത്തിൻ്റെ മുമ്പാകെ മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കാൻ രാഷ്ട്രീയ ഉത്തരവാദിത്വങ്ങളുള്ളവരോട് അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “അവിടന്ന് യുദ്ധത്തിൻ്റെയല്ല, സമാധാനത്തിൻ്റെ ദൈവമാണ്”. നാം സഹോദരന്മാരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന പിതാവാണ് ദൈവം. രാജ്യങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തെ അസ്ഥിരപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെ അപകീർത്തിപ്പെടുത്തുകയും ജനങ്ങൾക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുകയും ചെയ്യുന്ന നടപടികളിൽനിന്ന് വിട്ടുനില്ക്കാൻ എല്ലാ കക്ഷികളോടും ഞാൻ യാചിക്കുന്നു. എല്ലാ വിശ്വാസികളോടും അവിശ്വാസികളോടും അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് ദൈവത്തിന്റെ ആയുധങ്ങളായ പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്ന് യേശു നമ്മെ പഠിപ്പിച്ചു. അടുത്ത മാർച്ച് 2 (വിഭൂതി ബുധൻ), സമാധാനത്തിനു വേണ്ടിയുള്ള ഉപവാസദിനമായി ആചരിക്കാൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു. ആ ദിനം പ്രാർത്ഥനയിലും ഉപവാസത്തിലും തീവ്രമായി അർപ്പിക്കാൻ ഞാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. സമാധാനത്തിന്റെ രാജ്ഞിയായ പരി. അമ്മേ, ലോകത്തെ യുദ്ധഭ്രാന്തിൽ നിന്ന് സംരക്ഷിക്കണമേ.