മരിച്ചു പോയവരുടെ ഫോൺനമ്പർ ഉണ്ടോ ഫോണിൽ… ഇപ്പോഴും ഡിലീറ്റ് ചെയ്യാതെ… ഒരു മെസ്സേജോ അല്ലെങ്കിലൊരു വിളിയോ അതിൽ നിന്ന് വരില്ലെന്ന് അറിയാമെങ്കിലും…. ഫേസ്ബുക്കിലും ഇല്ലേ ചിലതൊക്കെ…. മരിച്ചു പോയിട്ടും അൺഫ്രണ്ട് ചെയ്യാതെ…. കളയാതെ വച്ചേക്കുന്ന…. മരിച്ചുപോയ ചിലരുടെ പ്രൊഫൈലുകൾ…ഒരു സുഹൃത്തിന്റെ…അല്ലെങ്കിലൊരു ബന്ധുവിന്റെ… അല്ലെങ്കിൽ പരിചയമുള്ളൊരാളുടെ… ഒരു പോസ്റ്റും ഇനിയാ പ്രൊഫൈലിൽ നിന്ന് വരില്ലെന്നറിയാം…
എന്നാലും അതവിടെ കിടന്നോട്ടെ എന്ന് കരുതി,… മനസിലെ മടി കൊണ്ടുമാത്രം കളയാതെ ഇട്ടേക്കുന്ന ചില പ്രൊഫൈലുകൾ… പുതിയ വർഷത്തിന്റെ പടിവാതിലിൽ നിൽക്കുമ്പോ തീർച്ചയായും പറയാവുന്ന ആദ്യത്തെ കാര്യം അതാണ്… ഇതെഴുതാൻ ഞാനും വായിക്കാൻ നിങ്ങളും ജീവനോടെ ശേഷിക്കുന്നു എന്നത്… ബാക്കിയെല്ലാ നേട്ടങ്ങളും അതിന്റെ താഴേക്കാണ്… അടുക്കളയിൽ നിന്ന് പെട്ടെന്നൊരു മണിയടി… സമയമിപ്പോൾ രാവിലെ 10 മണി…
ഈ നേരത്തെന്താ ഇങ്ങനൊരു മണിയടിയെന്ന് ചിന്തിച്ച് അവിടേക്ക് ചെന്നു.. ഉച്ചഭക്ഷണം റെഡിയാവുമ്പോഴാണീ മണിയടി പതിവ്… എല്ലാവരും വട്ടംകൂടി നിൽപ്പുണ്ട് അടുക്കളയിൽ.. കൂടെ താമസിക്കുന്ന അന്ദ്രയ കാര്യം വിശദീകരിച്ചു… “നമ്മുടെ ഡെന്നിസിന്റെ പതിനെട്ടാമത്തെ വാർഷികമാണ്…” ഓഫീസില് ജോലി ചെയ്യണ ചേട്ടനാണ്…. പുള്ളിക്കാരൻ ഒരു പ്ലേറ്റ് കൊർണേത്തോ എടുത്തു നീട്ടി… രാവിലെ കഴിക്കുന്ന ഒരുതരം പലഹാരം…
“കല്യാണത്തിന്റെയാണോ വാർഷികം?” ചുമ്മാ ചോദിച്ചു…. ഉറക്കെയൊരു ചിരി പുള്ളീടെ വക… “ആളുടെ ശവക്കുഴി ബുക്ക് ചെയ്തെന്റെ വാർഷികമാണ്” അന്ദ്രയയുടെ മറുപടി. മനസിലാവാതെ നെറ്റിചുളിച്ചു നിൽക്കുന്ന എന്നെ നോക്കി ചിരിയോടെ ഡെന്നിസേട്ടൻ കാര്യം വിശദീകരിച്ചു… പതിനെട്ടു കൊല്ലം മുൻപ് ഇതേ ദിനത്തിൽ പുള്ളിക്കൊരു അറ്റാക്ക് വന്നു… ഒരല്പം സീരിയസ് ആയി കാര്യങ്ങൾ… തിരികെ കിട്ടില്ലെന്ന് കൂടെയുള്ളവർ കരുതി… പക്ഷെ, എല്ലാത്തിനെയും അതിജീവിച്ചു പുള്ളി തിരികെ വന്നു… അന്ന് രക്ഷപ്പെട്ടെന്റെ ഓർമ്മ, പതിനെട്ടു വർഷങ്ങൾക്കിപ്പുറവും ആഘോഷിക്കുകയാണ് പുള്ളി… അങ്ങനെയെങ്കിൽ ഓർമ്മിക്കാൻ നമ്മിൽ പലർക്കും എത്രയോ ദിനങ്ങൾ…
അത്ഭുതമെന്നു നമ്മൾ വിളിച്ച ചില കാര്യങ്ങൾ.. എന്തിനേറെ… കൊറോണ പിഴുതെറിഞ്ഞ ആയിരക്കണക്കിന് ജീവിതങ്ങളിൽ പെടാതെ ദേ ഈ നിമിഷം നമ്മൾ ബാക്കിയുണ്ട്… നേടിയതിനും നഷ്ട്ടമായതിനുമൊക്കെ അപ്പുറം ഈ നിമിഷം നമ്മളുണ്ട് എന്ന സന്തോഷം മാത്രം ഓർമ്മപ്പെടുത്തുന്നു.. ആ സന്തോഷം പരസ്പരം ആശംസിക്കുന്നു… പുതിയ വർഷത്തിന്റെ… പുതിയ ദിനത്തിന്റെ.. ഈ നിമിഷത്തിന്റെ… ആശംസകൾ.. പുതുവർഷം ദൈവം മനോഹരമാക്കട്ടെ…
By, റിന്റോ പയ്യപ്പിള്ളി