ചെങ്ങന്നൂർ: ചുനക്കര കൊപ്പാറയിൽ എ.ജെ.വില്ലയിൽ തോമസ് ജോൺ–ഗ്രേസി ദമ്പതികളുടെ മകൻ അലൻ ജെ. തോമസിന്റെ (27) -യും ചുനക്കര നാമ്പോഴിൽ ജെയിൻ വില്ലയിൽ ജോസ് തോമസ്–ജൂലി ദമ്പതികളുടെ മകൾ ജെൻസി ആൻ ജോസിന്റെ (25) -യും വിയോഗം നാടിനു നൊമ്പരമായി. ഇന്നലെ ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടമാണു രണ്ടുപേരുടെയും ജീവനെടുത്തത്.
ജെൻസിയുടെ വിവാഹം ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിനുള്ള ഒരുക്കത്തിലായിരുന്നു ബന്ധുക്കൾ. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യയായ ജെൻസിയെ ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള ജോലിക്കായി കൊണ്ടുവിടാനായി എത്തിയതായിരുന്നു അലൻ. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. ഇരുവരുടെയും വല്യപ്പച്ചനും വല്യമ്മച്ചിയും സഹോദരി സഹോദരന്മാരാണ്.
ജെൻസിക്ക് എവിടെ പോകണം എന്ന് പറഞ്ഞാലും ഏത് തിരക്കിലും അലൻ ഓടിയെത്തുമായിരുന്നു. മിക്ക ദിവസവും ജെൻസിയെ ജോലിക്കായി കൊണ്ടുവിടുന്നതും അലനാണ്. ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ ഇവരുടെ ബന്ധുവിന്റെ വിവാഹനിശ്ചയം വ്യാഴാഴ്ച നടന്നിരുന്നു. അതിൽ ഇരുവരും കുടുംബപരമായി പങ്കെടുത്തിരുന്നു.
ചാരുംമൂട്ടിലെ ഒരു വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാരനായിരുന്ന അലൻ വലിയ ഒരു സൃഹൃത്ത് ബന്ധത്തിന്റെ ഉടമയായിരുന്നു. പള്ളിയിലെ യുവജനസഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.ബന്ധുക്കൾക്കും അയൽവാസികൾക്കും മറ്റ് ഇടവകാംഗങ്ങൾക്കും രണ്ടു പേരും വളരെ പ്രിയപ്പെട്ടവരുമായിരുന്നു.മരണ വിവരം അറിഞ്ഞ് രണ്ടു വീടുകളിലേക്കും നാട്ടുകാരുടെ പ്രവാഹമാണ്. മൃതദേഹങ്ങൾ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം വീണ്ടും മോർച്ചറിയിലേക്ക് മാറ്റും. ഇരുവരുടെയും ബന്ധുമിത്രാദികൾ വിദേശത്തു നിന്ന് എത്താനുള്ളതിനാൽ സംസ്കാര തീയതി നിശ്ചയിച്ചിട്ടില്ല. സംസ്കാരം ഒരേദിവസം ഒരേസമയം നടത്താനാണ് വീട്ടുകാരുടെ തീരുമാനം.