ജിജിൽ ജോസഫ് കിഴക്കരക്കാട്ട്
ഡിസംബർ, ലോകത്തിൽ വച്ചേറ്റവും നീതിമാനായ അപ്പൻ്റെ മാസം കൂടിയാണ്..
ഏറെ ആർദ്ദ്രമായി അമ്മമാരെക്കുറിച്ചുള്ള വർണ്ണനകളിൽ
മാത്രമൊതുങ്ങുന്ന വിശേഷങ്ങൾക്കിടയിൽ അപ്പനങ്ങനെ ഓരം ചേർന്നു പോകുന്നുണ്ട്….
കിഴക്കുദിച്ച താരകം കണക്കെ, നമുക്കാ ഉള്ളെരിഞ്ഞ് കത്തി ഇല്ലാതാകുന്ന
താരകത്തെ ഒന്ന് ധ്യാനിക്കാം…
അവൾ അപമാനിതയാകാൻ അഗ്രഹിക്കായ്കയാൽ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു
എന്നൊരു വാക്ക് കൊണ്ട് പുരുഷനെ അളക്കാൻ നമുക്കെന്ന് പറ്റും..
ഒരു സ്ത്രീയും അപമാനിതയാകാതിരിക്കാൻ ആഗ്രഹിക്കുന്ന
പുരുഷ വൃന്ദത്തിന്റെ മുഴുവൻ ചിന്തകളിൽ ജോസഫ് നിറഞ്ഞ്
നിൽക്കുന്നു.. നീതിമാനായ ജോസഫ്…
അമ്മയുടെ ഗർഭ പാത്രവും അതിന്റെ ചൂടും കരുതലും സുരക്ഷയും ആവോളം വർണ്ണിക്കപ്പെടുമ്പോളും 10 മാസത്തിനിപ്പുറമുള്ള മറ്റൊരു കവചം ആരും കാണാതെ പോകരുത്..
അതപ്പന്റെ നെഞ്ചിലെ ചൂടും കരതലത്തിന്റെ കരുതലും
ചേർന്നൊരു കൂടാണ്.. പുറമെ പരുക്കനെന്ന് തോന്നിയാലും അകമെ അതു അലിവിന്റെ അലയാഴിയാണു.. (അതല്ലങ്കിലും പുറമെ നോക്കി ഗണിക്കുന്നതിൽ കാര്യമില്ലല്ലോ,
നക്ഷത്രങ്ങൾ ഉള്ളിലെരിഞ്ഞിട്ടാണു പുറമെ ശോഭിക്കുന്നതു).
പൊതുവെ പരുപരുത്തൊരു പ്രതലമാണ് സുരക്ഷയ്ക്കെപ്പൊഴും നല്ലതെന്നത് കൊണ്ടാവണം അപ്പന്മാരൊക്കെ പരുക്കന്മാരായി സൃഷ്ടിക്കപ്പെട്ടതു എന്നു തോന്നുന്നു..
ഏളുപ്പമാർക്കും ആക്രമിക്കാൻ കഴിയാത്ത പരുക്കൻ പ്രതലങ്ങൾ.. ഒരു പ്രത്യാക്രമണത്തിന്റെ മൂർച്ചയുണ്ടാ പ്രതലങ്ങൾക്കു.. അത്രയൊക്കെ കരുതിയിട്ടും ഇടറിപ്പോയ ചില അപ്പന്മാരുടെയൊക്കെ പേരിൽ വല്ലാതെ അശ്ലീലം ചുമക്കേണ്ടി വരുന്നുണ്ട് ഭൂമിയിലെ അപ്പന്മാർ..
ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്നു കരുതാവുന്ന ഇടങ്ങളൊക്കെ ഇടറി ദുർബ്ബലപ്പെടുന്നുണ്ടൊ..? അപ്പൻ കൂട്ടിക്കൊടുപ്പുകാരനും
പീഡകനുമൊക്കെയാകുന്ന വാർത്തകൾ ഞെട്ടലാകുന്നു..
വേലി വിളവു തിന്നുക എന്നൊക്കെ പറയുമ്പോലെ..
ഇതിനിടയിൽ അവൾ അപമാനിതയാകാൻ ആഗ്രഹിക്കാത്ത സമ്മതിക്കാത്ത എത്രയെത്ര അപ്പന്മാർ..
നീറുന്നുണ്ടാവണം ഓരൊ പിതൃ ഹൃദയങ്ങളും.. മകളെ ഒന്നു ചേർത്തു
പിടിക്കാൻ ഒന്നാലിംഗനം ചെയ്യാൻ ഒന്നു ചുംബിക്കാൻ ആഗ്രഹിക്കുമ്പോഴൊക്കെ ചുറ്റുവട്ടങ്ങളിലെ ക്യാമറകളെയും അശ്ലീല ദൃഷ്ടികളെയും ഭയന്നു പിൻ വാങ്ങുന്ന എത്രപേർ…
പഴയതുപോലെയൊന്നും നീതിമാനാകാൻ കഴിയുന്നില്ല ഭൂമിയിലെ ഒരപ്പനും…
കുടുംബവും മക്കളുമൊക്കെ ആഗ്രഹിക്കുന്നതും അർഹിക്കുന്നതും
സാന്നിദ്ധ്യമായും സ്നേഹമായും കൊടുക്കാൻ ഒരപ്പന്റെയും ഉത്തരവാദിത്വങ്ങളും തിരക്കുകളും അനുവദിക്കാറില്ലെന്നതല്ലെ സത്യം…..?
രണ്ടറ്റം മുറുക്കി കെട്ടുന്നതിനിടയിൽ യഥാർത്ഥത്തിൽ അർഹിക്കുന്നതു പലപ്പോഴും അവർക്കും കിട്ടാതെ പോകുന്നില്ലെ…? ജോസഫിനെ പോലെ നിർണ്ണായക സമയങ്ങളിൽ ഉചിതമായ തീരുമാനമെടുക്കുന്ന അപമാനങ്ങളിലേയ്ക്കു തള്ളി വിടാത്ത ആക്രമണങ്ങളിൽ പ്രധിരോധിക്കുന്ന കവചങ്ങളായി ഭൂമിയിലെ ഓരോ അപ്പന്മാരും!
താരക വചസ്സുകൾ -06