“ദൈവത്തിന്റെ നന്മയുള്ള ഹൃദയത്തെ തൊട്ടറിയുവാൻ ഈ ഭൂമിയിൽ ഭാഗ്യം ലഭിച്ചവർക്ക് മരണം സുന്ദരമായ സ്വപ്നമായിരിക്കും…” ദൈവത്തിന്റെ നന്മയുള്ള ഹൃദയത്തെ തൊട്ട
ഞങ്ങളുടെ പ്രിയപ്പെട്ടവനെ, ടോണി, നിന്റെ കൂടെ നടന്ന നാളുകൾ ഓർക്കുന്നു… നിന്റെ വേർപാട് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു…ഒരു ജീവനെ രക്ഷിക്കാനായി നീ നിന്റെ ജീവിതം ബലിയായി കൊടുത്തത് ഞങ്ങളുടെ മരണത്തെയും ഓർമ്മിപ്പിക്കുന്നു… ബലിയാകേണ്ടതാണീ ജീവിതമെന്ന് അതോർമിപ്പിക്കുന്നു.
മരണം ജീവിതം നൽകുന്ന അവസാനത്തെ സമ്മാനമാണ്… ഈ ലോകത്തിലെ നിന്റെ അവസാന സമ്മാനവും സ്വന്തമാക്കി നീ യാത്രയായി…അതുമല്ലെങ്കിൽ ആ സായാഹ്നത്തിൽ നീ സ്വന്തമാക്കിയത് നിന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നായിരുന്നല്ലോ… കർത്താവിന്റെ പറുദീസ… ഒരുപാടു പേരുടെ ജീവിതത്തെ പ്രകാശമാക്കാൻ പ്രയത്നിച്ച ശേഷം വിട പറഞ്ഞ പ്രിയ സഹോദര പുരോഹിത നിനക്ക് പ്രണാമം…
നിന്റെ ശരീരം മാത്രമേ ഞങ്ങളിൽ നിന്നകന്നുള്ളൂ, പക്ഷേ ആർക്കും ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത വിധം നിന്റെ ആത്മാവും ഓർമ്മകളും ഞങ്ങളുടെ ഉള്ളിലായി കഴിഞ്ഞു… മരണത്തെ സഹോദരിയെന്ന് വിളിച്ച അസ്സീസിയിലെ ഫ്രാൻസിസിന്റെ സഹോദര, ദൈവം തന്റെ വിരൽത്തുമ്പിന്റെ സ്പര്‍ശനം നൽകിയപ്പോൾ അവന്റ കരം മുറുകെ പിടിക്കുവാൻ ധൈര്യം കാണിച്ച നിനക്ക് സ്വർഗ്ഗീയ ജെറുസലേമിനെ ലക്ഷ്യം വെച്ച് യാത്ര തുടരാൻ ദൈവം അനുഗ്രഹം നൽകട്ടെ… ശുഭയാത്ര നേരുന്നു…
മരണം അങ്ങനെ ആണ്…. ചിലപ്പോൾ കൂടപ്പിറപ്പിനെ പോലെ വന്നു നമ്മളെ അങ്ങ് കൂട്ടികൊണ്ടു പോകും… അതെ തീർച്ചയായും… നമ്മെ കൂട്ടിക്കൊണ്ട് പോകാൻ ദൈവം അയക്കുന്ന കൂടപ്പിറപ്പല്ലാതെ മറ്റെന്താണ് മരണം…എന്നാലും ചിലപ്പോൾ അത് ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങളെ പ്രിയപ്പെട്ടവരുടെ മനസ്സിൽ അവശേഷിപ്പിക്കുന്നു… പ്രിയപ്പെട്ടവനെ ഇനി നിന്റെ സംഗീതം സ്വർഗത്തിൽ വിരിയട്ടെ… നിന്റെ ഇമ്പമാർന്ന സ്വരം ഇനി സ്വർഗത്തിലെ മാലാഖവൃന്ദം ആസ്വദിക്കട്ടെ… സ്വർഗത്തിൽ മുഴങ്ങുന്ന നിന്റെ സംഗീതത്തിനു അവർ താളം പിടിക്കട്ടെ…സ്വർഗീയഗായകരോടൊപ്പം ഇനി നിന്റെ സ്വരവും ഒഴുകിയിറങ്ങട്ടെ.
അറിയില്ല പരി. കുർബാനയർപ്പിച്ചു നിന്റെ കൊതിമാറിയോ എന്ന്…എന്നിരുന്നാലും നീ അർപ്പിച്ച ബലികളിലൊക്കെ നിന്റെ നിർമലമായ ജീവിതത്തിന്റെ വിശുദ്ധി ഉണ്ടായിരുന്നു എന്നെനിക്കുറപ്പാണ്… കാരണം നീണ്ട എഴെട്ടുവർഷങ്ങൾ നിനക്കൊപ്പം ജീവിക്കാൻ ഭാഗ്യം ലഭിച്ച എനിക്കതറിയാം… ആരെയും നോവിക്കാത്ത നിന്റെ വാക്കുകൾക്ക് വലിയ ശക്തിയായിരുന്നു ടോണി… നിന്റെ ജീവിതത്തിനും…വിശുദ്ധിയുടെ പരിമിളം പരത്തിയ പൗരോഹിത്യം… വാക്കിൽ… നോക്കിൽ… ചിന്തയിൽ… പ്രവൃത്തിയിൽ…എല്ലാം അങ്ങനെ ആയിരുന്നു.
കപ്പൂച്ചിൻ സന്യാസജീവിതം അങ്ങനെ ആണ്… അതിലെ സഹോദര്യം വല്ലാതെ നമ്മളെ അങ്ങ് കൂട്ടി ഇണക്കി കളയും… ആർക്കും പിഴുതുമാറ്റാൻ കഴിയാത്ത വിധത്തിൽ തന്നെ… അതുകൊണ്ട് തന്നെയായിരിക്കും അതിൽ ഒന്ന് കൊഴിഞ്ഞു പോകുമ്പോൾ രക്തബന്ധത്തിലെ ആരോ പോയി മറയുന്നത് പോലെ അത് സങ്കടപ്പെടുത്തുന്നത്…വേദനിപ്പിക്കുന്നത്… പക്ഷേ നീ കൊഴിഞ്ഞു വീണത് നിന്നെ നട്ടു വളർത്തി പരിപാലിച്ച ദൈവത്തിന്റെ മടിയിലേക്കല്ലേ…
ആ മടിത്തട്ടിൽ സുഖമിയിരുന്നു നീ ഞങ്ങളെ നോക്കി പുഞ്ചിരികുന്നുണ്ടാകും എന്നത് മാത്രമാണെന്റെ ആശ്വാസം പ്രിയ സോദരാ…അറിയാം ഒരിക്കൽ ആ മടിത്തട്ടിൽ നമ്മൾ കണ്ടുമുട്ടുമെന്ന്…അതുവരെ നീ ഇല്ലാത്ത ഈ ലോകത്തിൽ നീ സമ്മാനിച്ച ഒരിക്കലും മായാത്ത, മറയാത്ത, മറക്കാത്ത ആ നന്മ നിറഞ്ഞ ഓർമ്മകൾ ഞങ്ങൾ സഹോദരങ്ങൾ കൂട്ട് പിടിക്കട്ടെ…ഞങ്ങളെ വിശുദ്ധരാക്കാൻ നീ ഞങ്ങൾക്ക് മുന്നേ പോയി എന്ന് മാത്രം…ഈ ഭൂമിയിൽ ഒരുപാട് വി. കുർബാനകൾ കൂട്ടി ചേർത്തിട്ടാണ് നീ പോയത്…നീ അർപ്പിച്ച ബലികൾ ഒരുപക്ഷെ നീ പോലും അറിയാതെ ഒരുപാട് പേരുടെ നൊമ്പരം ആകറ്റിയിട്ടുണ്ടാകാം, ദൈവാനുഗ്രഹം കൊടുത്തിട്ടുണ്ടാകാം.
വെളിപാട് വചനം വല്ലാതെ നിന്റെ ജീവിതത്തോട് ഒട്ടി നിക്കുന്നത് പോലെ തോന്നുന്നു…. അല്ല അങ്ങനെ തന്നെ ആണ്….”അനന്തരം, സ്വര്‍ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്ഥരാകും; അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന് ആത്മാവ് അരുളിച്ചെയ്യുന്നു.”
വെളിപാട് 14 : 13.
നീ മൃതിയടഞ്ഞത് കർത്താവിൽ തന്നെ… നിന്റെ നന്മകൾ നിനക്കൊപ്പം നിൽക്കുന്നത് ഞങ്ങൾ കാണുന്നു… അല്ല, അവ നിനക്കൊപ്പം സ്വർഗയാത്രയിൽ നിന്നെ അനുഗമിക്കുന്നു… ഒരു ജീവന്റെ രക്ഷക്കായി നീ സമർപ്പിച്ച നിന്റെ ജീവിതം അനുഗ്രഹീതം… അതിനാൽ നിന്റെ നന്മനിറഞ്ഞ ജീവിതം സമ്മാനിച്ച പ്രവൃത്തികൾ നിന്നെ അനുഗമിക്കുന്നത് ഞങ്ങളറിയുന്നു…
പണ്ടെങ്ങോ മനസ്സിൽ പതിഞ്ഞ ആ വരികൾ നിനക്കായ് ഇവിടെ കുറിക്കട്ടെ” നിന്നെ വേണമെന്ന് തോന്നുമ്പോൾ വെറുതെ കണ്ണുകൾ അടക്കേണ്ട താമസം ഞങ്ങൾ നിന്നോടൊപ്പമായി കഴിഞ്ഞു… നിനക്ക് ഞങ്ങക്ക് നൽകാൻ കഴിയുന്നതെന്തും ഒരു ഹൃദയസ്പന്ദനത്തിനകലെ മാത്രം…” നിനക്ക് കർത്താവിന്റെ ക്ഷണം ലഭിച്ചു. നിന്റെ ജീവിതം അനുഗ്രഹീതമായി എന്നു ഞങ്ങൾ അറിയുന്നു. ഞങ്ങളുടെ ജീവിത യാത്ര ലക്ഷ്യമായ നിത്യഭവനത്തിൽ എത്തുമ്പോൾ തിരുമുൻപിൽ നിന്റെ മുഖം കണ്ടു ഞങ്ങൾ പ്രണാമം അർപ്പിച്ചോളാം.
“എത്ര സമുന്നതം ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ടസ്ഥാനം…” ദൈവത്തിന്റെ മടിത്തട്ടയിരുന്നല്ലോ ടോണി ആ വിശിഷ്ട സ്ഥാനം…അത് സ്വന്തമാക്കി നീ ഞങ്ങൾക്ക് മുന്നേ യാത്രയായി… നീ ആയിരിക്കുന്നിടത്തു ഞാൻ എത്തുവോളം നീ എനിക്കായി പ്രാർത്ഥിക്കണേ!പ്രാർത്ഥനയോടെ… നിന്റെ സഹോദരൻ… ലിജോ.