ഇടുക്കി തോപ്രാംകുടിയിൽ വിജയപുരം രൂപതയ്ക്ക് ഒരു സെന്റ് ജോസഫ് ദേവാലയമുണ്ട്. മുത്തപ്പൻപള്ളി എന്നാണ് ഇന്നറിയപ്പെടുന്നത്. ഡൊമിനിക് പെരുമ്പനാനി എന്ന വൈദികനാണ് ഈ പേരുമാറ്റത്തിന് പിന്നിൽ. അത് വെറുമൊരു പെരുമാറ്റം മാത്രമായിരുന്നില്ല, ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത ഒരിടത്തെ ഒരു ശ്രേഷ്ഠ വൈദികൻ തിരിച്ചറിഞ്ഞത് കൂടിയായിരുന്നു. പ്രദേശവാസികൾക്ക് ആശ്വാസവും അഭയവും പ്രതീക്ഷയുമൊക്കെ പകരുന്ന ഒരിടമായി ആ ദേവാലയം പരിണമിച്ചത് ഡോമിനിക്കച്ചന്റെ ഈ തിരിച്ചറിവിന് ശേഷമായിരുന്നു.
പഞ്ചാബിൽ തന്റെ പൗരോഹിത്യ ശുശ്രൂഷ പൂർത്തിയാക്കി വിശ്രമജീവിതം നയിക്കുമ്പോഴാണ് അദ്ദേഹം തോപ്രാംകുടിയിൽ എത്തിയത്. ആ ജീവിതത്തിരി കുറേക്കൂടി തെളിമയോടെ കത്തിയത് വിശ്രമജീവിത കാലത്തായിരുന്നു. അതിന്റെ പ്രകാശം തോപ്രാംകുടി നന്നായി അനുഭവിച്ചു. പ്രായാധിക്യത്തിന്റെ അസ്വസ്ഥതയിലും തന്റെ വീട്ടിൽ എത്തുന്ന എല്ലാവരെയും അദ്ദേഹം കുമ്പസാരിപ്പിച്ചു, പ്രാർഥന കൊണ്ട് ബലപ്പെടുത്തി, കരുണയോടെ ആശ്വസിപ്പിച്ചു.
മറവി ഓർമകളെ കവർന്നെടുത്തപ്പോഴും അദ്ദേഹം തന്നാലാവുന്ന തരത്തിൽ ദൈവത്തിലേക്ക് മനുഷ്യരെ ക്ഷണിച്ചുകൊണ്ടിരുന്നു. താനനുഭവിച്ച ക്രിസ്തു എന്ന പ്രകാശത്തെ തന്നിൽ ഒളിപ്പിക്കാതെ അദ്ദേഹം വഴിയരികിൽ കൊളുത്തി വച്ചു. കുറെയധികം മനുഷ്യർ ദൈവത്തെ തൊട്ട വിരലുകളായിരുന്നു അദ്ദേഹം. യഥാർഥത്തിൽ അദ്ദേഹം അടക്കപ്പെടേണ്ടത് മുത്തപ്പൻ പള്ളിയിലായിരുന്നു. കാരണം ഈ മണ്ണ് അദ്ദേഹത്തെ തിരിച്ചറിയും പോലെ മറ്റൊരിടവും ഓർമിക്കാനിടയില്ല. വിശുദ്ധ പ്രലോഭനങ്ങൾ ഉയർത്തുന്ന ജീവിതങ്ങൾ മറക്കപ്പെട്ടുകൂടല്ലോ. അങ്ങനെ വിസ്മരിക്കപ്പെടുമ്പോൾ വരും കാലത്തിന്റെ ഇരുട്ടിൽ കൊളുത്താവുന്ന ഒരു വെളിച്ചക്കൂടിനെ നമുക്ക് നഷ്ടമാവുകയാണല്ലോ.
ഡോമിനിക്കച്ചന്റെ ആത്മാവിനു ശാന്തി
“പറുദീസാ തന്നിലേക്കാനയിച്ചീടുവാൻ
ആഗതരാകട്ടെ മാലാഖമാർ
സാദരം സ്വാഗതമോതുവാനായ് തവ വേദസാക്ഷികൾ അണഞ്ഞിടട്ടെ
നിന്നെ നയിക്കട്ടെ നവ്യ നഗരത്തിൽ
നിത്യമായീടും ജെറുസലേമിൽ.”