Sibil Rose
പ്രിയ പിതാക്കന്മാരെ,
സീറോ മലബാർ സഭയുടെ വിശ്വാസപരിശീലനം സ്വീകരിച്ച ഞാൻ ചെറുപ്പം മുതലേ വിശുദ്ധ കുർബാനയെ കുറിച്ച് പഠിച്ച കുറെ കാര്യങ്ങളുണ്ട്…… വിശുദ്ധ കുർബാനയോടുള്ള എന്റെ ഭക്തിയും എനിക്ക് സഭാമാതാവ് സമ്മാനിച്ചതാണ്….. ഒരു പ്രവാസിയായി ചുറ്റിനും secularism കണ്ട് വളർന്നിട്ടും ഒരു ക്രിസ്ത്യാനിയാകാൻ എന്നെ പരിശീലിപ്പിച്ചത് സീറോ മലബാർ സഭയാണ്…….
പക്ഷെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മുടെ സഭയിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്….
ദൈവശാസ്ത്രപരമോ സാംസ്കാരികമോ പാരമ്പര്യത്തെ ചൊല്ലിയുള്ളതോ എന്തുമായികൊള്ളട്ടെ തർക്കങ്ങൾ. പരിശുദ്ധ കുർബാന മദ്ധ്യേ സംഘർഷം ഉണ്ടാകുവാൻ വരെ അതിന് കാരണമായെങ്കിൽ അതിനൊരു പരിഹാരം ഇല്ലാത്തതെന്തേ എന്ന് ഓരോ വിശ്വാസിയും ചോദിക്കുന്നുണ്ട്…..
ചെറുപ്പം മുതലേ ഞങ്ങളെ നിങ്ങൾ പഠിപ്പിച്ചത് വിശുദ്ധ കുർബാന കൂദാശകളുടെ കൂദാശയാണെന്നും ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും മകുടവുമാണെന്നല്ലേ? വിശുദ്ധ കുർബാന ഈശോയുടെ തിരുശരീരരക്തങ്ങളാണെന്നും അത് ഏറ്റവും ഒരുക്കത്തോടെയും ആദരവോടെയും സ്വീകരിക്കണം എന്നല്ലേ ആദ്യ കുർബാനാ സ്വീകരണത്തിന് ഞങ്ങളെ പഠിപ്പിച്ചത്???
എത്ര അവസരങ്ങളിൽ പിതാക്കന്മാർ തന്നെ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് വിശുദ്ധ കുർബാനക്ക് ദൈവജനം ഇരിക്കുന്നതും നിൽക്കുന്നതും മുട്ട് കുത്തുന്നതും ഭക്തിയോടെ ആയിരിക്കണം എന്ന്??? ഒരുക്കമില്ലാതെ സഹോദരനോട് ക്ഷമിച്ച് രമ്യതപെടാതെ അയോഗ്യതയോടെ വിശുദ്ധ കുർബാന സ്വീകരിക്കുന്നത് പാപമാണെന്ന് ഞങ്ങളെ പഠിപ്പിച്ചത് നിങ്ങളല്ലേ???
അൾത്തര ദൈവാലയത്തിലെ ‘holy of holies’ ആണെന്നും ബലിപീഠം കർത്താവിന്റെ കബറിടവും സിംഹാസനവും ആണെന്നും അതിനെ ഏറ്റവും വിശുദ്ധമായി കാണണം എന്നും പഠിപ്പിച്ചില്ലേ??? വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ അതിൽ നിന്നും ഒരു അംശം പോലും കയ്യിൽ നിന്നും പോകുന്നില്ല എന്ന് ഉറപ്പ് വരുത്തണം എന്ന് പഠിപ്പിച്ചില്ലേ???
ദൈവാലയം കർത്താവിന്റെ ആലയമാണെന്നും അവിടെ ഭക്തിപൂർവം ആയിരിക്കണമെന്നും പഠിപ്പിച്ചില്ലേ??? പള്ളിയിൽ കുറുമ്പ് കാണിച്ചപ്പോഴെല്ലാം മാതാപിതാക്കളും, സിസ്റ്റേഴ്സും വൈദീകരും, മതാധ്യാപകരും ശകാരിച്ചും തിരുത്തിയും അല്ലെ ഞങ്ങളെ വളർത്തിയത്??? അങ്ങനെ സഭ തന്നെയല്ലേ വിശുദ്ധ കുർബാന സഭയുടെ പരമ പരിശുദ്ധമായ ആരാധനയാണെന്ന് ഞങ്ങളെ പഠിപ്പിച്ചത്???
വീണ്ടുമൊരു സിനഡ് ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കിയുള്ളൂ…..
പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന പ്രവർത്തികൾ വൈദീകരിൽ നിന്നും ഇനിയുണ്ടാകാതിരിക്കാൻ വേണ്ട തീരുമാനങ്ങളും നടപടികളും ബഹുമാനപെട്ട പിതാക്കന്മാരിൽ നിന്നും ഉണ്ടാകുമെന്ന് ദൈവജനം പ്രതീക്ഷിക്കുന്നുണ്ട്…. നയിക്കുവാനും തിരുത്തുവാനും അഭിഷിക്തരായ പിതാക്കന്മാർ അതിന് ഇനിയും വൈക്കരുതേ എന്ന് ഓരോ വിശ്വാസിയും യാചിക്കുന്നുണ്ട്….
ബലിയർപ്പണത്തിനായ് നിയോഗിക്കപ്പെട്ട പുരോഹിതർ തന്നെ വിശുദ്ധ ബലിയെ കേവലം ഒരു സമരമുറയായി ഉപയോഗിക്കുമ്പോൾ വിശ്വാസികളിൽ എന്തുമാത്രം ഉതപ്പിന് അത് കാരണമാകുന്നുണ്ട്??? പരസ്പ്പരം തമ്മിൽ മത്സരിക്കാൻ കുരിശിൽ കിടന്ന് ബലിയായി തീർന്നവനെ അനുസ്മരിക്കുന്ന കുർബാനയെ ഉപയോഗിക്കാൻ മാത്രം അധഃപതിച്ച് പോയ പൗരോഹ്യത്യത്തെ തിരുത്തപ്പെടേണ്ടതാണ്….
ഫ്രഞ്ച് വിപ്ലവകാലത്ത് ശ്രേഷ്ഠമായ Notre Dame Cathedral ഉൾപ്പെടെ പള്ളികൾ പിടിച്ചെടുത്ത് നിരീശ്വരവാദികളുടെ “യുക്തിയുടെ അമ്പലങ്ങളായി” അവയെ ഉപയോഗിച്ച് പരിശുദ്ധ കുർബാനയുൾപ്പെടെ സഭയുടെ രീതികളെയും പ്രാർത്ഥനകളെയും കളിയാക്കിയത് ചരിത്രം…. ഇന്ന്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സഭയുടെ പൗരോഹിത്യം തന്നെ അവളുടെ ഏറ്റവും പരമമായ ആരാധനയെ അവഹേളിക്കുന്നു!
പ്രിയ പിതാക്കന്മാരെ, നിങ്ങൾ ഇനിയും ഉറക്കം നടിക്കരുതേ…. പരിശുദ്ധ കുർബാനയെ അവഹേളിച്ചതിന് ശക്തമായ തിരുത്തൽ നടപടികൾ സ്വീകരിക്കാതിരുന്നാൽ അത് സഭയോട് ചേർന്ന് നിൽക്കുന്ന ദൈവജനത്തിന് ഉതപ്പിന് കാരണമാകും…. പരിശുദ്ധ കുർബാനയെയും പൗരോഹിത്യത്തെയും കുറിച്ച് എന്താണ് യുവതലമുറ മനസിലാക്കി വളരേണ്ടത്???
ഇടയന്മാരോടൊപ്പം ചേർന്ന് നടക്കുമ്പോൾ കുഞ്ഞാടുകൾക്ക് തോന്നേണ്ടത് സുരക്ഷിതത്വവും ധൈര്യവുമാണ്. സഭയുടെ പരമ പരിശുദ്ധമായ ആരാധനയെ ഇടയന്മാർ സംരക്ഷിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചുകൊള്ളട്ടെ. പരിശുദ്ധ സിനഡിനെ പരിശുദ്ധത്മാവ് നയിക്കട്ടെ!