സുഖമാണോ എന്നു ചോദിക്കുന്നത് ഉചിതമാവില്ലെന്നറിയാം. എങ്കിലും ചോദിക്കുകയാണ്, സുഖമാണോ…? സത്യത്തിൽ നിന്റെ കരങ്ങളിൽ ഞാൻ സുരക്ഷിതനാണിപ്പോൾ. എനിക്കറിയാം നീ എന്നെ ചേർത്തുപിടിക്കുന്നുണ്ടെന്ന്.
നിന്റെ വേദനകളെ മറന്നു നീ എന്റെ വേദനകളെ ശമിപ്പിക്കുകയാണെന്നും അറിയാം. ഞാൻ സുഖമായുറങ്ങുമ്പോഴും നീ എന്റെ കാവൽ മാലാഖയായി കിടയ്ക്കയ്ക്കരികെ നിൽക്കുന്നുണ്ടെന്നും ഇപ്പോൾ എനിക്കറിയാം. എന്റെ ശരീരത്തിനുള്ളിൽ നിലയ്ച്ചുകൊണ്ടിരിക്കുന്ന ജീവന്റെ കണികകൾ നിലനിർത്താൻ നിന്റെ ജീവൻ പകുത്തു നൽകുമ്പോൾ നീ ദൈവത്തിന്റെ ചാരന്മാരിൽ ഒരാളായി മാറുകയാണെന്നും എനിക്കറിയാം.
പ്രിയപ്പെട്ട മാലാഖക്കുട്ടി, നിന്നോടെനിക്ക് സ്നേഹമാണ്,അടങ്ങാത്ത സ്നേഹം. കാരണം, ‘അമ്മ പറഞ്ഞ കഥയിലെ കാവൽക്കാരിയുടെ പരിവേഷമുണ്ട് നിനക്കിപ്പോൾ… ‘അമ്മ പറഞ്ഞിരുന്നു മാലാഖകുട്ടിക്കുമുണ്ട് ഒരു സ്വപ്നലോകം എന്ന്. സത്യത്തിൽ നീ ചെയ്യുന്ന ഓരോ പ്രവർത്തിയും വിലമതിക്കാനാവാത്തതാണ്. നിന്റെ ഉള്ളവും, ഉള്ളതും നീ അനേകർക്ക് ജീവന്റെ നേർക്കാഴ്ചയായി പകുത്തു നൽകുമ്പോഴും നിന്റെയുള്ളിലെ കുടുംബവും സ്വപ്നങ്ങളുമൊക്കെ എപ്പോഴോ ശൂന്യമാകുന്നില്ലേ…
ആ ശൂന്യതയിലും നീ അനേകർക്ക് നിറവാകുന്നത് കാണുമ്പോൾ എന്റെ മിഴികളും നിറയുന്നുണ്ട്, നിന്റെ സ്നേഹമോർത്തിട്ട്. പ്രിയപ്പെട്ട മാലാഖേ… നിന്റെ നഷ്ടങ്ങളിലും നീ അനേകർക്ക് നേട്ടമാവുമ്പോൾ നിന്റെ ലോകത്തിൽ ഇരുൾ വീഴുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു…നീ സ്വപ്നം കണ്ട നിന്റെ കുടുംബമാകുന്ന ലോകം നിനക്കന്യമാകുമ്പോൾ നീ സുഖപ്പെടുത്തിയ ആരും ആശ്വാസവുമായി നിന്റെ അടുക്കൽ വരുന്നില്ല എന്നതല്ലേ സത്യം.
നിനക്ക് ഇനി എന്നാണ് നീ സ്വപ്നം കണ്ട ലോകം സ്വന്തമാവുക…? അറിയില്ല…എങ്കിലും അനേകരുടെ ലോകത്തിൽ എന്നും ഒരു മാലഖയായി നീയുമുണ്ടാകും…’അമ്മ പറഞ്ഞുതന്ന ഭൂമിയിലെ മാലഖയായി …. സ്നേഹപൂർവം ………
BY, Nithin Paul Mundumakil
പ്രാർത്ഥനാശംസകൾ!