കൈത്താ ആറാം വെള്ളി
യോഹന്നാന് (15 : 18-21,16 : 1-4)
ഈ ലോകത്തിൽ ഞാൻ അനുഭവിയ്ക്കുന്ന പീഢനങ്ങളും ദുരിതങ്ങളും സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ ദൈവം നൽകുന്ന അടയാളങ്ങളാണെന്ന് തിരിച്ചറിയാൻ ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
ഈ ലോകത്തിന്റെ ക്ഷണികതയും സ്വർഗ്ഗീയജീവിതത്തിന്റെ അനശ്വരതയെയും തിരിച്ചറിയാൻ കഴിയുന്നവന് മാത്രമേ ഈലോകജീവിതത്തിന്റെ ക്ലേശങ്ങളെ സുകൃതങ്ങളാക്കി മാറ്റാൻ കഴിയുകയുളളൂ.
ഏകജാതനെ ഈ ലോകത്തിലേയ്ക്കയച്ച ദൈവപിതാവിന്റെ സ്നേഹത്തേയും പുത്രന്റെ സാന്നിദ്ധ്യത്തേയും തിരിച്ചറിയാൻ കഴിയാത്ത ഒരു ലോകത്തിൽ ഞാൻ ജീവിയ്ക്കുമ്പോൾ എന്റെ സഹനങ്ങളെ കുരിശോട് ചേർത്ത് ക്രിസ്തുവിനോട് അനുരൂപപ്പെടാൻ സാധിച്ചാൽ മാത്രമേ പരാതിയില്ലാതെ ജീവിയ്ക്കാൻ എനിയ്ക്ക് കഴിയുകയുള്ളൂ.
ശരീരത്തിൽ ഈ ലോകത്തിൽ ഞാൻ വസിയ്ക്കുന്നിടത്തോളം കാലം പീഢനങ്ങൾ ഒഴിച്ചുകൂടാനാകാത്ത സത്യമാണ്. വേദനകളെ ഓരോരുത്തരും വായിച്ചെടുക്കുന്നതനുസരിച്ചാണ് സ്വർഗ്ഗീയജീവിതത്തിലേയ്ക്കുള്ള അവന്റെ യാത്ര സുഗമമാകുന്നത്. പഴിചാരുന്നവരും പരാതിപറയുന്നവരും ഈ ലോകത്തിന്റെ നശ്വരത തിരിച്ചറിയാത്തവരാണ്.
ക്രിസ്തു ഈ ലോകത്തിൽ സഹിച്ചതൊക്കെ സഹിയ്ക്കാൻ ഞാനും തയ്യാറായാൽ മാത്രമേ പുനരുത്ഥാനത്തിന്റെ സന്തോഷം എനിയ്ക്ക് അനുഭവിയ്ക്കാൻ സാധിയ്ക്കുകയുള്ളൂ.
നല്ല തമ്പുരാനെ, വേദനകളിലും സഹനങ്ങളിലും പരാതി പറയാതെ സ്വർഗ്ഗീയജീവിതത്തെ സ്വപ്നം കണ്ട് ജീവിയ്ക്കാനുള്ള ആത്മീയ കരുത്ത് എനിയ്ക്ക് നൽകണമേ. ആമ്മേൻ.