കൈത്താ അഞ്ചാം ബുധൻ
മത്തായി 21:12-17
ദൈവസാന്നിദ്ധ്യ ഇടങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിയ്ക്കപ്പെടുന്നിടങ്ങളിലൊക്കെ അവിടുത്തെ കൃപയുടെ സമ്യദ്ധി സദാ വെളിപ്പെട്ടുകൊണ്ടിരിയ്ക്കുമെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
ദേവാലയത്തിൽ ക്രയവിക്രയം നടത്തിയിരുന്നവരെ പുറത്താക്കുകയും അതേസമയം ദേവാലയത്തിന്റെ പരിശുദ്ധി തിരിച്ചറിഞ്ഞ രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുന്ന ക്രിസ്തുവിന്റെ വ്യത്യസ്തമായ രണ്ടു മുഖങ്ങളെ ഈ സുവിശേഷം അവതരിപ്പിയ്ക്കുന്നുണ്ട്.
ദൈവം വസിയ്ക്കുന്ന കൂടാരത്തോടുളള അനാദരവ് ദൈവകോപത്തിനിടയാക്കുന്ന പാപമാണെന്ന് ക്രിസ്തു എന്നെ ഓർമ്മപ്പെടുത്തുന്നുണ്ട്. ബാഹ്യവസ്തുക്കളാൽ പണിയപ്പെട്ട ബലമുള്ള കൂടാരത്തേക്കാൾ ദൈവം വസിയ്ക്കാനാഗ്രഹിയ്ക്കുന്ന എന്റെ ഹൃദയമാകുന്ന ദേവാലയത്തിനുള്ളിൽ എത്ര മാത്രം വിശുദ്ധി എനിയ്ക്ക് കാത്തുസൂക്ഷിയ്ക്കാൻ കഴിയുന്നുണ്ട്.
ലാഭമോഹങ്ങളുടെ ക്രയവിക്രയങ്ങളാൽ കളങ്കിതമായ മനസ്സിൽ ദൈവസാന്നിദ്ധ്യം കുടിയിരിയ്ക്കുകയില്ല. മറിച്ച് വിശുദ്ധിയിൽ അനുദിനം വളരാനാഗ്രഹിയ്ക്കുന്ന ഒരുവന്റെ ജീവിതത്തിൽ അനുനിമിഷം ദൈവകൃപയുടെ സമൃദ്ധി അനുഭവിയ്ക്കാൻ കഴിയും.
നല്ല തമ്പുരാനെ, സ്വാർത്ഥതയുടെ ലാഭേച്ഛകളോടെ ദൈവത്തെ തേടാതെ ഹൃദയവിശുദ്ധി പ്രാപിയ്ക്കാനുതകുംവിധം ദൈവസാന്നിദ്ധ്യത്തിന്റെ അന്വേഷകരാകാൻ എനിയ്ക്ക് കൃപ നൽകണമേ. ആമ്മേൻ.
സോണിച്ചൻ CMI