കൈത്താ അഞ്ചാം ചൊവ്വ
യോഹന്നാൻ 8:37-47
വചനം എന്നിൽ വസിച്ചാൽ പാപസാഹചര്യങ്ങളിൽനിന്നും മോചിതരായി യഥാർത്ഥക്രിസ്തുസ്വാതന്ത്ര്യത്തിലേയ്ക്ക് ദൈവം എന്നെ നയിയ്ക്കുമെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
ശരീരത്തിൽ ജീവിയ്ക്കുന്നിടത്തോളം കാലം മനുഷ്യന് പാപത്തിൽനിന്നും പാപസാഹചര്യങ്ങളിൽനിന്നും വിടുതൽ പ്രാപിയ്ക്കുക എളുപ്പമല്ല. പാപിയാണെന്നുള്ള തിരിച്ചറിവ് സ്വന്തമാക്കി അനുതാപത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ദൈവസന്നിധിയിലേയ്ക്ക് തിരിച്ചുവരാൻ ദൈവവചനത്തെ ഞാൻ സ്വന്തമാക്കേണ്ടിയിരിയ്ക്കുന്നു.
ബലഹീനതകളെ തിരിച്ചറിഞ്ഞ് സ്വയം വിശുദ്ധീകരിയ്ക്കുന്നതിനുപകരം അപരന്റെ കുറവുകളെ ഉയർത്തിക്കാണിച്ച് ദൈവവചനത്തെ നിരാകരിച്ച് പാപത്തിന്റെ അടിമത്തത്തിൽക്കഴിയുന്ന ഫരിസേയരെയും ചുങ്കക്കാരെയും ഈ സുവിശേഷത്തിൽ ക്രിസ്തു കുറ്റപ്പെടുത്തുന്നുണ്ട്.
പാപിയാണെന്നുള്ള തിരിച്ചറിവാണ് സക്കേവൂസിനെയും ചുങ്കക്കാരനെയും ധൂർത്തപുത്രനെയും പാപിനിയായ സ്ത്രീയെയുമെല്ലാം രക്ഷയിലേയ്ക്ക് നയിച്ചത്.
ഉത്ഥാനജീവിതത്തിൽ നിർമ്മലമായ ശരീരത്തോടും ആത്മാവോടുംകൂടെ ക്രിസ്തുവിനോടൊപ്പം ജീവിയ്ക്കാനുള്ള ശക്തിയും കൃപയും സംഭരിയ്ക്കാനുള്ള ആഹ്വാനമാണ് ഈ സുവിശേഷം.
യഥാർത്ഥമായ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന പൈശാചികപ്രലോഭനങ്ങളുടെ കെട്ടുപാടുകളിൽനിന്നുള്ള മോചനത്തിനായി ആത്മാർത്ഥമായി ദാഹിയ്ക്കുകയും അതിനായി പരിശ്രമിയ്ക്കുകയും ചെയ്യുമ്പോൾ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് ഞാൻ പ്രവേശിയ്ക്കും.
നല്ല തമ്പുരാനെ, ജീവിതയാത്രയിൽ നഷ്ടപ്പെട്ടുപോയ ദൈവപുത്രസ്ഥാനവും ദൈവിക സ്വാതന്ത്ര്യവും നേടിയെടുക്കാൻ എനിയ്ക്ക് വരമേകണമേ. ആമ്മേൻ.
സോണിച്ചൻ CMI