കൈത്താ അഞ്ചാം തിങ്കൾ
ലൂക്കാ 8:26-39
പ്രാർത്ഥനാ ജീവിതത്തിൽ ആഴപ്പെട്ടില്ലെങ്കിൽ ക്രിസ്തുവിന് കടന്നുവരാൻ കഴിയാത്തവിധം എന്റെ ജീവിതത്തെ നശിപ്പിക്കുന്ന ലെഗിയോണുകൾ എന്റെ ഹൃദയത്തിൽ വാസമുറപ്പിക്കുമെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
ദൈവസാന്നിദ്ധ്യം അസ്തമിക്കുന്നിടത്തൊക്കെ പിശാച് കുടിക്കൊള്ളുന്ന ശവക്കല്ലറകൾ രൂപപ്പെടുമെന്നുറപ്പാണ്. എണ്ണിയാലൊടുങ്ങാത്ത പന്നിക്കൂട്ടങ്ങളിലേയ്ക്ക് ആവഹിച്ച് അവയെ നശിപ്പിച്ചുകളയാൻമാത്രം ഉഗ്രശക്തിയുള്ള ലെഗിയോനെ ക്രിസ്തു ഒരുവന്റെ ശരീരത്തിൽ നിന്നും പുറത്താക്കുന്ന ഈ സുവിശേഷഭാഗം പ്രാർത്ഥനാജീവിതത്തിൽ കുറവ് സംഭവിച്ചാൽ എന്നിൽ രൂപപ്പെടാവുന്ന ജീവിതാവസ്ഥകളിലേയ്ക്ക് വിരൽചൂണ്ടുന്നുണ്ട്.
എനിക്ക് എല്ലാം ചെയ്യാൻ കഴിയും എന്നുള്ള അഹങ്കാരം ഉടലെടുക്കുന്നിടത്തൊക്കെ, എന്റെ കാര്യത്തിൽ എന്തിന് ഇടപെടുന്നു എന്ന ലെഗിയോന്റെ വാക്കുകൾ അന്വർത്ഥമാണ്. ദൈവത്തിലാശ്രയിച്ച് ദൈവകൃപയിൽ വളരാൻ ആഗ്രഹിച്ചുകൊണ്ട് ഓരോ നിമിഷവും ക്രിസ്തുവിനെ കൂടെ നിർത്തിയാൽ ലെഗിയോനുകൾ എന്റെ ജീവിതത്തിൽ കൂടുകൂട്ടുകയില്ല.
പ്രാർത്ഥനയിലൂടെയും ദൈവവചനധ്യാനത്തിലൂടെയും ദൈവവചനത്തിന്റെ കൂടാരം കെട്ടിപ്പടുക്കാൻ എനിക്ക് കഴിയുമ്പോൾ ഒരു പൈശാചികശക്തിക്കും എന്നെ തകർക്കാൻ കഴിയില്ല.
നല്ല തമ്പുരാനെ, എന്റെ ജീവിതത്തെ തകർത്തുകളയുന്ന അഹങ്കാരവും ദൈവാശ്രയബോധമില്ലായ്മയും തിരിച്ചറിഞ്ഞ് പൈശാചികശക്തികളെ തകർത്തുകളയുന്ന വചനത്തിന്റെ കൂടാരം കെട്ടിപ്പടുക്കാൻ എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.
സോണിച്ചൻ CMI