കൈത്താ നാലാം ശനി
മത്തായി 15:10-20
വായിലൂടെ പ്രവേശിക്കുന്ന ആഹാരവസ്തുക്കളേക്കാൾ പഞ്ചേന്ദ്രിയങ്ങളിലൂടെ എന്റെ ഉള്ളിൽ പ്രവേശിക്കുന്ന സുഖങ്ങളിലൂടെ വിശുദ്ധി നഷ്ടപ്പെട്ടാൽ എന്റെ ഉള്ളിൽ നിന്ന് പുറപ്പെടുന്നത് മലിനത മാത്രമാകുമെന്ന് ക്രൂശിതൻ ഓർമപ്പെടുത്തുന്നു.
ആധുനിക സാങ്കേതിക വിദ്യകളുടെ അതിപ്രസരം ഇന്ന് എന്റെ വിശപ്പിന്റെ മതിലുകളെ ലംഘിക്കുന്ന കാലഘട്ടത്തിലാണ് ഞാൻ ജീവിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിലൂടെ എനിക്ക് ലഭിക്കുന്ന സംതൃപ്തിയേക്കാൾ ഞാൻ അന്വേഷിക്കുന്നത് എന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഞാൻ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ലൗകീകതയുടെ സംതൃപ്തിയാണ്. അതു കൊണ്ട് തന്നെ എന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്ന പലതും അശുദ്ധി നിറഞ്ഞതാണ്.
അശുദ്ധി നിറഞ്ഞ വിചാരങ്ങളും കാഴ്ചകളും എന്റെ ഉള്ളിലേയ്ക്ക് പ്രവേശിച്ചാൽ എന്റെ ഉള്ളിൽ നിന്ന് പുറത്ത് വരുന്നതും അതു തന്നെയാകും. വിളവെടുക്കുന്നത് വിതച്ച വിത്തിന്റെ തന്നെ ശ്രേഷ്ഠ ഫലങ്ങളായിരിക്കും. എന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നവയെ തിരിച്ചറിയാൻ ഞാൻ ശ്രമിക്കുന്നില്ലെങ്കിൽ നിയന്ത്രണാതീതമായ വൈറസ് പോലെ അത് പകരും.
വചനത്തെ എന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കാൻ ഞാൻ അനുവദിച്ചാൽ നൂറ് മേനി ഫലം പുറപ്പെടുവിക്കുന്ന വിളനിലമായി എന്റെ ജീവിതം മാറും. തമ്പുരാനെ, ഉള്ളിൽ പ്രവേശിക്കുന്നവയെ തിരിച്ചറിയാൻ അശുദ്ധിയെ പതിരു പോലെ അകറ്റിക്കളയാനുള്ള വിവേകം എനിക്ക് നൽകണമേ. ഈശോയെ, ഹൃദയത്തിൽ നിന്നും അധരത്തിൽ നിന്നും ദൈവവചനം മാത്രം പുറത്തു വരുന്ന ആത്മീയ ഉറവിടമാക്കി എന്നെ മാറ്റണമേ. ആമ്മേൻ.
സോണിച്ചൻ CMI