മർക്കോസ് 9:42-50
ക്ഷണികമായ ജീവിതാഭിലാഷങ്ങൾക്കു വേണ്ടി അനശ്വരമായ സ്വർഗ്ഗീയസൗഭാഗ്യങ്ങളുടെ പറുദീസ നഷ്ടപ്പെടുത്താതിരിയ്ക്കാനുള്ള ജാഗ്രത എപ്പോഴും കാത്തുസൂക്ഷിയ്ക്കാൻ ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
സ്വർഗ്ഗം എത്ര സുന്ദരവും സ്വർഗ്ഗീയജീവിതം അനശ്വരവുമാണെന്ന ഓർമ്മപ്പെടുത്തലാണ് ഈ സുവിശേഷം. ജഢാദിലാഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള ത്വര ജീവിതത്തെ അനുനിമിഷം വേട്ടയാടുമ്പോഴും പ്രലോഭനങ്ങൾക്കടിപ്പെടാതെ ആത്മാവിൽ നൈർമ്മല്യമുള്ളവരായിരിയ്ക്കാൻ ഞാൻ ഏറ്റെടുക്കുന്ന ത്യാഗങ്ങൾക്ക് ദൈവം വില നൽകും.
സ്വയം പ്രലോഭനഹേതുവാക്കുന്നതിനേക്കാൾ മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകുന്നവരുടെ അന്ത്യം എത്രയോ ദയനീയമാകുമെന്ന ഓർമ്മപ്പെടുത്തലും ഈ സുവിശേഷം നൽകുന്നുണ്ട്. ചെളിയിൽവളരുന്ന താമരച്ചെടിയുടെ പൂവ് ഒരിയ്ക്കലും മലിനമാകാതിരിയ്ക്കുന്നതുപോലെ ജഢത്തിനുള്ളിലെ ആത്മാവിനെ വെൺമ കെടാതെ കാത്തുപാലിയ്ക്കാനുള്ള കടമ ഓരോ ക്രിസ്തുവിശ്വാസിയ്ക്കുമുണ്ട്. പ്രലോഭനങ്ങളോട് വിട പറയാൻ പഠിയ്ക്കുമ്പോൾ സ്വർഗ്ഗത്തിന്റെ വാതിലുകൾ എനിയ്ക്ക് മുന്നിൽ തുറക്കപ്പെടും.
ശരീരത്തിലെ നഷ്ടങ്ങളും വേദനകളും സഹനങ്ങളുമെല്ലാംസ്വർഗ്ഗീയവാസത്തിന് ആത്മാവിനെ രൂപപ്പെടുത്തുന്ന അനുഭവങ്ങളാണെന്ന് തിരിച്ചറിയുമ്പോഴാണ് ഈലോകജീവിതത്തിന്റെ അർത്ഥം എനിയ്ക്ക് വെളിപ്പെട്ട് കിട്ടുകയുള്ളൂ.
നല്ല തമ്പുരാനെ, പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെയും മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകാതെയും ജീവിയ്ക്കാനുള്ള ആത്മീയാഗ്നിയും തീക്ഷ്ണതയും എന്നിൽ ജ്വലിപ്പിയ്ക്കണമേ. ആമ്മേൻ.