സോണിച്ചൻ CMI
ജീവിതവഴികളിൽ അർദ്ധപ്രാണരായി കിടക്കുന്ന അശരണരെ അവഗണിച്ചുകൊണ്ടുള്ള എന്റെ ജീവിതയാത്രകൾ നിത്യജീവൻ ലഭിയ്ക്കാനുതകുന്നതാകില്ലെന്ന് അസ്സീസ്സിയിലെ വി.ഫ്രാൻസീസിന്റെ ജീവിതത്തിലൂടെ ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
സമ്പന്നതയും ആഢംബരങ്ങളും നിത്യജീവിതത്തിനുപകരിയ്ക്കില്ലെന്നുള്ള തിരിച്ചറിവ് അസ്സീസിയിലെ വി.ഫ്രാൻസീനെ നല്ല സമറായനാക്കിമാറ്റി. യൗവ്വനത്തിന്റെ തുടിപ്പും തിളപ്പും ആവോളം ആസ്വദിച്ചിട്ടും അതിലൊന്നും സംതൃപ്തി കണ്ടെത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ ഫ്രാൻസീന്ന് ജീവിതവഴിയിൽ അർദ്ധപ്രാണരായിക്കിടക്കുന്ന അശരണരെ കൺതുറന്ന് കണ്ടു. അവഗണിയ്ക്കപ്പെട്ട ജീവിതങ്ങളെ ബലിവസ്തുവായിക്കണ്ടാൽമാത്രമേ എന്റെ ജീവിതസമർപ്പണം പൂർണ്ണമാകുകയുള്ളൂവെന്ന ഉൾക്കാഴ്ച ലഭിച്ചപ്പോൾ സൗഭാഗ്യങ്ങളുടെ കഴുതപ്പുറത്തുള്ള യാത്രകളിൽ നിന്നും ഫ്രാൻസീസ് താഴെയിറങ്ങി.
നല്ല സമറായക്കാരനായി. അവശരോടും വേദനയനുഭവിയ്ക്കുന്നവരോടും അർദ്ധപ്രാണരാക്കപ്പെട്ടവരോടുമൊക്കെ താദാത്മ്യപ്പെടുംവിധം സൗഭാഗ്യങ്ങളുടെ കൊടുമുടിയിൽ നിന്നും താഴെയിറങ്ങിയാൽ ദൈവം എനിക്കായി കരുതിയ ബലിവസ്തുക്കൾ സ്വന്തമാക്കാൻ എനിയ്ക്ക് കഴിയും. ഞാനും എന്റെ ജീവിതസാഹചര്യങ്ങളിൽ നല്ല അയൽക്കാരനാക്കും. അർദ്ധപ്രാണനായ മനുഷ്യനെക്കണ്ട് പിന്തിരിഞ്ഞുപോയ പുരോഹിതനും ലേവായനും ജീവിതവ്യഗ്രതകളിൽ എനിയ്ക്ക് സംഭവിയ്ക്കാവുന്ന വീഴ്ചയുടെ സാദ്ധ്യതകളാണെന്ന് ഞാൻ മനസ്സിലാക്കണം.
നല്ല തമ്പുരാനെ, ഈ ഭൂമിയിലെ എനിയ്ക്ക് ചുറ്റും വേദനയനുഭവിയ്ക്കുന്നവരിലൊക്കെ അങ്ങ് ആഗ്രഹിയ്ക്കുന്ന യഥാർത്ഥബലിവസ്തു മറഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് അനുകമ്പ കാണിയ്ക്കുന്ന നല്ല സമറായനിലൂടെ മറ്റൊരു ക്രിസ്തുസാക്ഷ്യമാക്കി എന്നെ മാറ്റണമേ. ആമ്മേൻ.