ഏലിയാ ശ്ലീവാ മൂശക്കാലം ഒന്നാം ശനി
മത്തായി 22:23-33
ഭൗമീകജീവിതത്തേയും സ്വർഗ്ഗീയജീവിതത്തേയും കുറിച്ചുള്ള യഥാർത്ഥ വിജ്ഞാനം സമ്പാദിച്ചില്ലെങ്കിൽ ഈലോകത്തിന്റെ മോഹങ്ങളിൽ ഞാൻ വേഗം വീണുപോകുമെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
പുനരുത്ഥാനജീവിതത്തെക്കുറിച്ചുളള പ്രത്യാശയില്ലാത്ത ഒരു ഗണം ഇന്ന് ലോകത്തിൽ രൂപപ്പെട്ടുകൊണ്ടിരിയ്ക്കുന്നുണ്ടെന്നത് നിഷേധിയ്ക്കാനാവാത്ത സത്യമാണ്. ജഢാസക്തികളെ താലോലിയ്ക്കാൻ വെമ്പൽ കൊള്ളുന്ന ലോകത്തിനുമുന്നിൽ സ്വർഗ്ഗീയജീവിതത്തെ സ്വപ്നം കണ്ട് ജീവിയ്ക്കാൻ അസാധാരണമായ ആത്മീയത ഞാൻ സ്വന്തമാക്കേണ്ടതുണ്ട്.
പിശാച് ലക്ഷ്യം വയ്ക്കുന്നത് എന്റെ ശരീരത്തെയാണെങ്കിൽ ദൈവം ലക്ഷ്യം വയ്ക്കുന്നത് എന്റെ ആത്മാവിനെയാണ്. ക്ഷണികമായ ഈലോകജീവിതത്തിനപ്പുറം അനശ്വരമായ സ്വർഗ്ഗീയജീവിതത്തിന് പ്രാധാന്യം കൊടുക്കാൻ ജാഗ്രതയോടെ ഞാൻ ആത്മീയതയിൽ ആഴപ്പെടണം.
ദൈവവചനത്തെ മുറുകെപ്പിടിച്ച് സ്വർഗ്ഗം വിലമതിയ്ക്കുന്ന സുകൃതങ്ങൾ അഭ്യസിച്ചാൽ ജഢത്തിന്റെ പ്രവണതകളെ അതിജീവിയ്ക്കാൻ എനിയ്ക്ക് കൃപ ലഭിയ്ക്കും.
നല്ല തമ്പുരാനെ , പുനരുത്ഥാനത്തെ സ്വപ്നം കണ്ട് നശ്വരമായ ഈലോകജീവിതത്തിന്റെ ആസക്തികളെ അതിജീവിയ്ക്കാനും ആത്മാവിനെ നിർമ്മലമാക്കാനും എന്നെ അനുഗ്രഹിയ്ക്കണമേ. ആമേൻ