ഏലിയാ ഒന്നാം വ്യാഴം
മത്തായി 18/1-5,19/13-14
ചെറുതാകലിന്റെ മഹത്വവും വലിപ്പവും വെളിപ്പെട്ടുകിട്ടുമ്പോൾ ആരെയും നിന്ദിയ്ക്കാതെ എല്ലാവർക്കും ഹൃദയത്തിൽ ഇടം നൽകുന്ന ക്രിസ്തുവിന്റെ ഹൃദയം എനിയ്ക്ക് സ്വന്തമാക്കാൻ കഴിയുകയുള്ളൂവെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
ജീവിതത്തിൽ നേടിയതൊക്കെ ദൈവത്തിന്റെ കരുണകൊണ്ട് മാത്രമാണെന്നുള്ള തിരിച്ചറിവിൽ മാത്രമേ എളിമയോടെയും നിഷ്കളങ്കതയോടെയും ഒരു ശിശുവിന്റെ നൈർമ്മല്യത്തോടെ എനിയ്ക്ക് ജീവിയ്ക്കാൻ സാദ്ധ്യമാകൂ എന്ന് ഈ സുവിശേഷത്തിലൂടെ ക്രിസ്തു എന്നെ പഠിപ്പിയ്ക്കുന്നുണ്ട്.
മറ്റൊരാളുടെ ആശ്രയമില്ലാതെ കൈയ്യെത്തിപ്പിടിയ്ക്കുന്നതൊക്കെ സ്വന്തമാക്കാൻ ഒരു ശിശുവിന് കഴിയുകയില്ല. അവന്റെ ബലഹീനതകളും ദൗർബ്ബല്യങ്ങളും കണക്കിലെടുക്കാതെ സഹായിയ്ക്കാൻ വരുന്നവരിൽ പൂർണ്ണ വിശ്വാസവും ആശ്രയവുമർപ്പിച്ച് തന്റെ ജീവിതം അവരുടെ കൈകളിലേയ്ക്ക് ആ കുഞ്ഞ് ഏൽപ്പിയ്ക്കുകയാണ്.
എത്തിപ്പെടാൻ കഴിയാത്തിടത്തൊക്കെ എത്തിപ്പെടുമ്പോഴും തന്റേതെന്നും സ്വന്തമെന്നും അഹങ്കരിയ്ക്കാനും അഭിമാനിയ്ക്കാനും ആ കുഞ്ഞിന് ഒന്നുമില്ല. അതുപോലെ എന്റെ ജീവിതത്തിലും ഞാൻ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതിൽ ദൈവകരങ്ങളും ഒരു പാട് പേരുടെ അദ്ധ്വാനവുമൊക്കെയുണ്ട്.
വഴിയൊരുക്കിയവരെ നിന്ദിയ്ക്കാതെയും തള്ളിക്കളയാതെയും ജീവിതം മുന്നോട്ടുപോകുമ്പോൾ ദൈവത്തിന്റെ മടിയിൽ എനിയ്ക്കും സ്ഥാനം ലഭിയ്ക്കും.
നല്ല തമ്പുരാനെ, ജീവിതത്തിലെ ചെറുതും വലുതുമായ ഉയർച്ചകളിലും എനിയ്ക്ക് താങ്ങായവരെയും തണലൊരുക്കിയവരെയും മറക്കാതെ ദൈവ കരുണയുടെ ആഴം തിരിച്ചറിയാനുള്ള ശിശുഭാവം എന്നിൽ അങ്ങ് നിറയ്ക്കണമേ. ആമ്മേൻ.