ഏലിയാ ശ്ലീവാ മൂശക്കാലം ഒന്നാം വെള്ളി
യോഹന്നാൻ 11:17-27
അപ്രതീക്ഷിതമായ വേർപാടുകളിലും നഷ്ടങ്ങളിലും നിരാശരാകാതെ ദൈവതിരുമനസ്സറിയാൻ കാത്തിരുന്നാൽ അസാദ്ധ്യമെന്ന് വിധിയെഴുതുന്ന ജീവിതാനുഭവങ്ങളിൽ ദൈവം ഇടപെടുമെന്ന് ലാസറിന് പുതുജീവൻ നൽകുന്നതിലൂടെ ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
അവിചാരിതമായ അനർത്ഥങ്ങളിൽ നഷ്ടധൈര്യരാകുന്ന മനുഷ്യന്റെ ജീവിതാവസ്ഥകളിൽ പ്രത്യാശ നൽകുന്ന ജീവിതാനുഭവമാണ് ഈ സുവിശേഷത്തിന്റെ കാതൽ. ക്രിസ്തുവിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ആ കുടുംബത്തിന് ലാസറിന്റെ മരണം വിശ്വസിയ്ക്കാനാവാത്ത നഷ്ടമായിരുന്നു.
പക്ഷെ ക്രിസ്തുവിന് അസാദ്ധ്യമായി ഒന്നും തന്നെയില്ലെന്ന് പരസ്യജീവിതത്തിലെ ക്രിസ്തുവിന്റെ ഓരോ അൽഭുതങ്ങളിലൂടെയും മർത്തായ്ക്കും മറിയത്തിനും വെളിപ്പെട്ടുകിട്ടിയിരുന്നു. ഒരിയ്ക്കലും ജീവൻ തിരിച്ചുകിട്ടില്ലെന്ന് സുനിശ്ചിതമായ യാഥാർത്ഥ്യത്തിൽപ്പോലും മർത്തായുടെ വാക്കുകളിൽ നിറഞ്ഞുനിന്ന പ്രതീക്ഷയുടെ വചനങ്ങളുടെ ആന്തരീകാർത്ഥം വെളിപ്പെട്ടുകിട്ടുന്ന ആത്മീയത സ്വന്തമാക്കലാണ് എന്റെ ആദ്ധ്യാത്മികാനുഷ്ഠാനങ്ങളുടെ ലക്ഷ്യം.
നഷ്ടപ്പെട്ടതൊക്കെ തിരിച്ചുലഭിയ്ക്കണമെന്നുള്ള പ്രാർത്ഥനകളേക്കാൾ നഷ്ടങ്ങളിലൂടെ ദൈവം എനിയ്ക്ക് വ്യക്തമാക്കിത്തരുന്ന ബോദ്ധ്യങ്ങളെ ഉൾക്കൊളാൻ കഴിയുന്നതും എന്റെ ജീവിതത്തിന് ആശ്വാസം നൽകുമെന്നുറപ്പാണ്.
നല്ല തമ്പുരാനെ, ഒരിയ്ക്കലും പൂർവ്വസ്ഥിതിയിലേയ്ക്ക് തിരിച്ചുവരില്ലെന്ന് ലോകം വിധിയെഴുതുന്ന രോഗങ്ങളിലും സഹനങ്ങളിലും നഷ്ടങ്ങളിലുമെല്ലാം നിരാശരാകാതെ ദൈവതിരുമനസ്സിന് വിധേയപ്പെട്ട് ദൈവീകപദ്ധതികൾ വെളിപ്പെട്ടു കിട്ടാൻ ക്ഷമയോടെ കാത്തിരിയ്ക്കാനുള്ള ആത്മധൈര്യം എനിയ്ക്ക് നൽകണമേ. ആമ്മേൻ.