ലൂക്കാ 9 : 28 – 36 കാത്തിരിപ്പിന്റെ സാക്ഷികൾ…
അവൻ മലമുകളിലേക്ക് കയറി, അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ, അവന്റെ മുഖഭാവം മാറി, വസ്ത്രം വെണ്മയോടെ ശോഭിച്ചു. ഇവ രണ്ടും ദൈവീകമഹത്വത്തിന്റെ അടയാളമാണ്. പഴയ നിയമഗ്രന്ഥത്തിൽ, മോശയുടെ ദൈവദർശനവേളയിലും ഇതേ അടയാളങ്ങൾ നാം കാണുന്നു. കൂടാതെ, അവന്റെ രൂപന്തരീകരണത്തിൽ കാണപ്പെട്ട മോശയും ഏലിയായും, സ്വർഗ്ഗത്തിലേക്ക് ദൈവത്താൽ എടുക്കപ്പെട്ടവരാണ്.
പഴയനിയമാപൂർത്തീകരണ സാക്ഷികളായിട്ടാകണം, ഇവരെ രണ്ടുപേരേയും, സുവിശേഷകൻ ചിത്രീകരിക്കുന്നത്.മോശയേയും ഏലിയായേയും പോലെ, ഒരു പ്രവാചകസ്ഥാനത്തു യേശുവിനെ കണ്ടതിനാലാകണം, പത്രോസിന്റെ ഉള്ളിൽ മൂന്ന് കൂടാരങ്ങൾ പണിയാൻ ആശയുദിച്ചത്. അപ്പോഴും, യേശുവിലെ യഥാർത്ഥ മഹത്വം അവർ ഗ്രഹിച്ചിട്ടില്ല എന്നുവേണം നാം മനസ്സിലാക്കാൻ.
അവന്റേത്, അവരുടേതിനേക്കാൾ ഉപരിയായ പിതാവിന്റെ മഹത്വമാണെന്നു മനസ്സിലാക്കാൻ, സ്വർഗ്ഗീയസ്വരംതന്നെ ആവശ്യമായി വന്നു. മോശയുടേയും ഏലിയായുടേയും തിരോധാനം, പഴയനിയമകാലഘട്ടം പോയ് മറഞ്ഞുവെന്നും, തുടർന്ന്, മേഘങ്ങളിൽ അവനെ മാത്രം കണ്ടത്, പുതുയുഗം സമാഗതമായെന്നും സൂചിപ്പിക്കുന്നു. അവനെ വെളിപ്പെടുത്തുന്ന സ്വർഗ്ഗീയസ്വരം, വി.ഗ്രന്ഥത്തിൽ പലയിടങ്ങളിൽ നാം കാണുന്നുണ്ട്.
അവന്റെ ജ്ഞാനസ്നാനവേളയിലും, പരസ്യജീവിതാരംഭവേളയിലും, രൂപന്തരീകരണവേളയിലും വളരെ വ്യക്തമായി അവ പ്രതിധ്വനിക്കുന്നു.’ശിഷ്യന്മാർ മൗനം അവലംബിച്ചു’. ഇതിൽനിന്നും, അവർ കണ്ട കാര്യങ്ങളൊന്നും, അവർക്ക് ഗ്രാഹ്യമായില്ല എന്നുവേണം നാം മനസ്സിലാക്കാൻ. കാരണം, തങ്ങൾ കണ്ട കാര്യങ്ങൾ പുറത്ത് പറയാൻ, അവന്റെ ഉത്ഥാനശേഷം മാത്രമാണ് അവർക്ക് ധൈര്യമുണ്ടായത് എന്നത്, വളരെ വ്യക്തമായ കാര്യമാണ്.
പലപ്പോഴും, നമ്മുടെ ജീവിതത്തിലും, ചില ദൈവീകവെളിപ്പെടുത്തലുകൾ ഉണ്ടാകാം. നമുക്ക് അഗ്രാഹ്യമായവ കാണപ്പെട്ടേക്കാം. എങ്കിലും, ആത്മാവിന്റെ വെളിപ്പെടുത്തൽ നമ്മിൽ ധൈര്യം പകരുംവരെ, ക്ഷമയോടെ നമുക്ക് പ്രാർത്ഥിച്ചു കാത്തിരിക്കാം…ഉറച്ചബോധ്യത്തോടെ അവന് സാക്ഷികളായി മാറാൻ…