അനുവർത്തനത്തിന്റെ പാഠങ്ങൾ…
തന്റെ വ്യക്തിത്വത്തെക്കുറിച്ചും, ദൗത്യത്തെക്കുറിച്ചും, ഉത്തമബോധ്യമുള്ള വ്യക്തിയായിരുന്നു സ്നാപകൻ. ആയതിനാൽ, സ്വശിഷ്യരുടെ പരാതികൾക്കുമുമ്പിലും, വ്യക്തതയോടെ ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ ദൗത്യനിർവ്വഹണത്തിൽ അദ്ദേഹം പൂർണ്ണ സംതൃപ്തനാണ്.
അതുകൊണ്ടാണ്, യേശുവിന്റെ വളർച്ചയിൽ സ്വയം ഇല്ലാതാകാൻ, അവൻ ആഗ്രഹിക്കുന്നത്.നമ്മിൽ എത്രപേർക്ക് കഴിയും, അപരന്റെ വളർച്ചയിൽ സന്തോഷിക്കാൻ? മറ്റുള്ളവർക്കുവേണ്ടി സ്വന്തം സ്ഥാനമൊഴിഞ്ഞു, സ്വയം ശൂന്യവത്ക്കരണത്തിന്റെ ചുവടുകൾ വെയ്ക്കാൻ? തന്റെ കീഴിലെന്നു കരുതിയിരുന്നവർ, തന്നേക്കാൾ വളർച്ച പ്രാപിക്കുമ്പോൾ, അസൂയയോടല്ലാതെ അവരെ നോക്കിക്കാണാൻ?
തനിക്ക് ഏല്പിക്കപ്പെട്ട ദൗത്യം മറക്കാതെ, അതിൽ തുടരാൻ, നമുക്ക് എത്രപേർക്ക് കഴിയും? സ്നാപകന്റെ ജീവിതപുസ്തകം, നാം തുറന്നുവച്ചു പഠിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇന്നിൽ ജീവിക്കാൻ, ഇന്നിന്റെ കാലഘട്ടത്തിൽ പിടിച്ചു നിൽക്കാൻ, അത് അനിവാര്യമല്ലേ?വി.ഗ്രന്ഥത്തിൽ കുറച്ചേ പരാമർശിക്കുന്നുള്ളൂവെങ്കിലും, ഒരുപാട് പാഠങ്ങൾ, ജീവിതംകൊണ്ട് നമ്മെ പഠിപ്പിച്ചവനാണ് സ്നാപകൻ.
അവനാകുന്ന പുസ്തകത്തിനുമുമ്പിൽ, ഒരു കൊച്ചുകുട്ടി എന്നപോൾ, നമുക്കായിരിക്കാം. ശ്രദ്ധയോടെ ഓരോ താളുകളും മറിക്കാം. അനുവർത്തനത്തിന്റെ പാഠങ്ങൾ, ഹൃദയത്തിൽ കോറിയിടാം…നമ്മുടെ വിളിയും മറ്റൊന്നല്ലായെന്നു അതിലൂടെ തിരിച്ചറിയാം….