വാഷ് ചെയ്യുന്ന സമയത്താണ് മോട്ടോർ ഓഫാക്കാൻ ആദ്യം തോന്നിയത്. കുറച്ചുകഴിഞ്ഞു ഓഫാക്കാം എന്നുവിചാരിച്ചു ഞാൻ അത് നീട്ടിവച്ചു. പിന്നെ ആ വഴി കളിക്കാനാണ് പോയത്. പിന്നെ മോട്ടോർ നിറഞ്ഞു വെള്ളം പോണത് കേട്ടപ്പോഴാണ് ഓടിവന്നു ഓഫാക്കിയത്. രണ്ടുമൂന്നു ബക്കറ്റ് വെള്ളം പോയിട്ടുണ്ടെന്ന് ഉറപ്പാണ്. വേനലിൽ ഒരു ബക്കറ്റ് വെള്ളം എങ്ങനെയാണു സൂക്ഷിച്ചുപയോഗിക്കുന്നതെന്ന് അന്നേരം ഓർത്തുപോയി.
പ്രിയപ്പെട്ടവരേ, ആത്മാവ് നമ്മോട് കൃത്യസമയത്ത് ഒരു പ്രേരണ നൽകും. ചെയ്യേണ്ടത് ചെയ്യാനും ചെയ്യരുതാത്തത് ചെയ്യാതിരിക്കാനും. നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് നമുക്കതിനെ സ്വീകരിക്കാം അല്ലെങ്കിൽ നിഷേധിക്കാം. സ്വീകരിച്ചാൽ മെച്ചം. അല്ലെങ്കിൽ നഷ്ടം. അതിൽ സംശയം വേണ്ടാ.
നമ്മൾ ഒരു തെറ്റിന്റെ പണിപ്പുരയിലാണെന്നു വിചാരിക്കുക. തുടങ്ങിയപ്പോൾ തന്നെ ആത്മാവ് മൃദുവായി നമ്മോട് പറഞ്ഞിട്ടുണ്ടാകും, അരുത്, ഇത് വേണ്ടാ, ഇനി ചെയ്യണ്ടാ, നിർത്തിക്കോളൂ, മുൻപോട്ടു പോകല്ലേ എന്നൊക്കെ. നമ്മൾ ആ ഷാർപ്പ് ടൈമിൽ സഡനായി അനുസരിച്ചാൽ നമുക്കതിനെ അതിജീവിക്കാനാകും. യാതൊരു നഷ്ടവുമില്ലാതെ കേറിപ്പോരാനും പറ്റും. ജഡത്തിന്റെ തെറ്റുകൾ, രഹസ്യത്തിലുള്ള പാപങ്ങൾ, നാവിന്റെ ദുരുപയോഗം, അവയവങ്ങളിൽ നാം ചെയ്യുന്ന തെറ്റായ കാര്യങ്ങൾ, മനസ്സിൽ വരുന്ന തെറ്റായ ചിന്തകൾ എന്നിങ്ങനെ സകലകാര്യങ്ങളിലും അതിന്റെ ആരംഭത്തിൽത്തന്നെ നമ്മുടെ ശുദ്ധ മനസ്സിൽ ഒരു ‘അരുത്’ എന്ന സ്വരം പതിയെ മുഴുങ്ങും. അതിനെ അതിജീവിക്കുന്നതാണ് നമുക്ക് പറ്റുന്ന അപകടം. അല്ലേ ?
“സംസാരിച്ചു കൊണ്ടിരിക്കുന്നവനെ നിരസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്കിയവനെ നിരസിച്ചവര്‍ രക്ഷപെട്ടില്ലെങ്കില്‍, സ്വര്‍ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്കരിച്ചാല്‍ രക്ഷപെടുക കൂടുതല്‍ പ്രയാസമാണ്. ” (ഹെബ്രായർ 12:25)
തിരുവചനത്തിന്റെയും വിശുദ്ധരുടെയും അഭിപ്രായത്തിൽ പ്രായോഗികമായി നാലുകാര്യങ്ങൾ ഇതിനോടനുബന്ധിച്ചു ചെയ്യാൻ ഞാൻ താത്പര്യപ്പെടുകയാണ്. ഒന്ന്, പാപം ചെയ്യാനുള്ള പ്രലോഭനം വരുമ്പോൾതന്നെ “യേശുവേ” എന്ന നാമം തുടർച്ചയായി വിളിക്കുക, രണ്ടാമതായി, ഭാഷാവാരത്തിലോ അല്ലാതെയോ സ്തുതിക്കുക, മൂന്നാമതായി ഇതിനെ അതിജീവിച്ചാൽ സ്വർഗ്ഗത്തിൽ നമുക്ക് ലഭിക്കാനിരിക്കുന്ന ‘കിരീടം’ മനസ്സിൽക്കണ്ടുകൊണ്ടു ഒരു പുതിയ കൃപയ്ക്കുവേണ്ടിയോ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തിനുവേണ്ടിയോ ഒരു അപേക്ഷ സ്വർഗ്ഗത്തിലേക്കുയർത്തുക, അഥവാ ഒരു നിയോഗം സമർപ്പിക്കുക. നാലാമതായി, ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി- സുവിശേഷവേല ചെയ്തുകൊണ്ടിരിക്കുക.
ഒരുകാര്യം ഓർത്തിരിക്കുക;
“പശ്ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്ന് അവസരം നല്‍കും; ചഞ്ചലഹൃദയര്‍ക്ക് പിടിച്ചുനില്ക്കാന് അവിടുന്ന് പ്രോത്സാഹനം നല്‍കും.”
(പ്രഭാഷകൻ 17:24)
Augustine Christi PDM