സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന വിശ്വാസികളോടുള്ള വെല്ലുവിളിയാണ്: കത്തോലിക്ക കോൺഗ്രസ്ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം സീറോ മലബാർ സഭാ സിനഡിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്ന ഏകീകൃത കുർബാന ഉൾക്കൊള്ളാൻ എല്ലാ വിശ്വാസികളും തയാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് എറണാകുളം അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു.
സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അതിരൂപതയുടെ പള്ളികളിൽ കയറ്റില്ലെന്ന സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണ്. ഇത്തരം പ്രസ്താവനകൾ നടത്തുന്നവരെ സഭാ വിശ്വാസികൾ തിരിച്ചറിയണം. ഇതിനു നേതൃത്വം നൽകുന്ന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ തൽസ്ഥാനത്തുനിന്നു സഭാധികാരികൾ ഉടൻ നീക്കം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.
അതിരൂപതാ പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ചെന്നേക്കാടൻ, ട്രഷറർ എസ്.ഐ. തോമസ്, ഗ്ലോബൽ സെക്രട്ടറി ബെന്നി ആന്റണി, മീഡിയ കോഓർഡിനേറ്റർ ജോസ് ആന്റണി, വൈസ് പ്രസിഡന്റുമാരായ അഡ്വ. വർഗീസ് കോയിക്കര, ഡെന്നി തോമസ്, മേരി റാഫി, സെക്രട്ടറിമാരായ ജോൺസൺ പടയാട്ടിൽ, കുര്യാക്കോസ് കാട്ടുതറ എന്നിവർ പ്രസംഗിച്ചു.