കത്തോലിക്കാ സന്യസ്തർക്ക് നേരെയുള്ള അവഹേളനശ്രമങ്ങൾ പുതുമയല്ലാതായിരിക്കുന്നു. സഭയ്ക്കും സന്യാസിനിമാർക്കും എതിരെ ഒറ്റപ്പെട്ടും കൂട്ടായും നടക്കുന്ന അവാസ്തവും അവഹേളനപരവുമായ മാധ്യമവേട്ട, വിശിഷ്യാ സോഷ്യൽമീഡിയ അതിക്രമങ്ങൾ കഴിഞ്ഞ ചില മാസങ്ങൾക്കിടെ പലപ്പോഴായി വാർത്തകളും ചർച്ചകളുമായിട്ടുണ്ട്. എങ്കിലും അസഹനീയമായ ചില സാഹചര്യങ്ങളിൽ മാത്രമാണ് നിയമ നടപടികൾ സ്വീകരിക്കാൻ സന്യസ്തർ മുന്നോട്ടുവന്നിട്ടുള്ളത്.
നൂറിലേറെ പരാതികൾ പോലീസിലും കൂടാതെ, മനുഷ്യാവകാശ കമ്മീഷൻ, വനിതാകമ്മീഷൻ തുടങ്ങിയവയ്ക്കും കൊടുക്കാൻ സന്യസ്തർ നിർബ്ബന്ധിതരായ ചില സാഹചര്യങ്ങൾ ഉടലെടുത്തിട്ടുണ്ട്. ചില കേസുകൾ കോടതിയിൽ എത്തുകയുണ്ടായിട്ടുണ്ട്. എന്നാൽ, അത്തരമൊരു ഘട്ടത്തിൽപ്പോലും അവസരോചിതമായി ഇടപെടാനും അവർക്കുവേണ്ടി ആത്മാർത്ഥതയോടെ നീതിയുടെ പക്ഷത്ത് നിലകൊള്ളാനും അധികാരികൾ തയ്യാറായിട്ടില്ല. ഏതുവിധേനയും കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ശ്രമിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് പരാതിയുമായി പോകുന്ന സന്യാസിനിമാർ ഏറെയും കണ്ടിട്ടുള്ളത്.
കത്തോലിക്കാ സന്യസ്തർ നേരിട്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ
നാൽപ്പത്തിനായിരത്തില്പരം സന്യാസിനിമാരാണ് കേരളത്തിൽ നിന്നും ഇപ്പോഴുള്ളത്. അവരിൽ ഏറെപ്പേരും പ്രവർത്തനനിരതരായിരിക്കുന്നത് കേരളത്തിൽത്തന്നെയാണ്. ആയിരക്കണക്കിന് പേർ മറ്റ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നു. അവരിൽ ബഹുഭൂരിപക്ഷവും സുരക്ഷിതമായ സാഹചര്യങ്ങളിലല്ല ജീവിക്കുന്നതും പ്രവർത്തിക്കുന്നതും. ആഭ്യന്തരകലാപം നടക്കുന്നതും തീവ്രവാദഭീഷണികളുള്ളതുമായ ഒട്ടേറെയിടങ്ങളിൽ മലയാളികളായ സന്യാസിനിമാരുടെ സാന്നിധ്യമുണ്ട്.
രോഗികളും പരിക്കേറ്റവരും വൃദ്ധരുമായ അനേകായിരങ്ങളെപ്രതിയാണ് തങ്ങളുടെ ജീവൻ പണയപ്പെടുത്തിയും അത്തരം ഇടങ്ങളിൽ അവർ ആയിരിക്കുന്നത്. ഇപ്പോൾ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഉക്രൈനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്യാസിനിമാർ ഉദാഹരണം മാത്രമാണ്. തങ്ങളുടെ ജീവൻ രക്ഷിക്കാനായി നാടുവിടാനുള്ള അവസരങ്ങളെയെല്ലാം തള്ളിക്കളഞ്ഞാണ് അവിടെ അവർ ഇപ്പോഴും തുടരുന്നത്.
ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങൾ മൂലം പലവിധ അതിക്രമങ്ങൾ സന്യസ്തർ നേരിട്ടേക്കാം. തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളവരും പരിക്കേറ്റിട്ടുള്ളവരുമായ സന്യാസിനിമാർ അനേകമുണ്ട്. യെമെനിൽ വധിക്കപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരും, ഉത്തരേന്ത്യയിൽ കൊല്ലപ്പെട്ട സി. റാണിമരിയയും ഉദാഹരണങ്ങളാണ്. എന്നാൽ, വധഭീഷണികളോ സുരക്ഷാ പ്രതിസന്ധികളോ ഒന്നുംതന്നെ അവ എത്ര ആസൂത്രിതമായാലും ഒരു സന്യാസിനിയും തങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളായി കണ്ട് പരാതികൾ ഉന്നയിക്കില്ല.
കാരുണ്യത്തിന്റെ സേവനങ്ങൾക്കായി ഏത് വെല്ലുവിളികളെയും ഏറ്റെടുക്കാനായി അവർ മടികാണിക്കുകയുമില്ല. വ്യക്തിപരമായ അവഹേളനങ്ങളും അപ്രകാരംതന്നെയാണ്. കേരളത്തിലായാലും ലോകത്തിന്റെ മറ്റേത് കോണിലായാലും അതായിരിക്കും കത്തോലിക്കാ സന്യസ്തർ. എന്നാൽ, തങ്ങളുടെ സമർപ്പണ ജീവിതത്തേയും പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും അടച്ചാക്ഷേപിക്കുകയും, പൊതുസമൂഹത്തിന് മുന്നിൽ തെറ്റായ ചിത്രം നൽകിക്കൊണ്ടേയിരിക്കുകയും ചെയ്യുന്ന പ്രവൃത്തികളെ അവർക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.
കാരണം, അത്തരം പ്രവർത്തനങ്ങൾ ചില താത്വിക-രാഷ്ട്രീയ-വർഗീയ അജണ്ടകളുടെയും ഗൂഢശ്രമങ്ങളുടെയും ഭാഗമാണെന്നും, കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവ വിശ്വാസത്തിനും നേരെയുള്ള അതിക്രമങ്ങളുടെ തുടർച്ചയാണ് തങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അവർ തിരിച്ചറിയുന്നു. ഇത്തരത്തിൽ സന്യസ്തരുടെ പ്രവർത്തനങ്ങളെയും അവരുടെ ജീവിതത്തെത്തന്നെയും അപകീർത്തിപ്പെടുത്താനും സമൂഹത്തിൽ വികലമായ ഒരു ചിത്രം അവരെക്കുറിച്ച് അവതരിപ്പിക്കാനും, വിവിധ രീതികളിൽ നിരന്തരമെന്നോണം ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായേ സമൂഹമാധ്യമങ്ങളിൽ മുതൽ, സിനിമയിലും കലയിലും സാഹിത്യത്തിലും വരെ സന്യാസിനിമാരെ തരംതാഴ്ത്തി അവതരിപ്പിക്കുന്നതിനെ വിലയിരുത്താൻ കഴിയൂ.
ഉള്ളടക്കത്തിന്റെ വികലത മൂലം ഒരു പതിറ്റാണ്ടോളമായി തടയപ്പെട്ടു കിടന്നിട്ടും രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് സമീപകാലത്ത് പ്രദർശനത്തിനെത്തിച്ച “അക്വേറിയം” എന്ന സിനിമയും, സന്യാസിനിമാരെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച് കടുത്ത അവഹേളനശ്രമങ്ങൾ നടത്തിയ സിനിമകളും പ്രദർശനത്തിന് ഒരുങ്ങുന്ന മറ്റുചില സിനിമകളും ചലച്ചിത്ര മേഖലയിൽ സന്യസ്തർക്കെതിരെ നടക്കുന്ന ആസൂത്രിതമായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളാണ്. ജാതിമതഭേദമില്ലാതെയുള്ള എല്ലാ സേവനങ്ങളെയും തമസ്കരിച്ച് സമർപ്പിതരെ അക്വേറിയത്തിലെ കാഴ്ചമീനുകളായും നേർച്ചപ്പെട്ടികളായും ചിത്രീകരിക്കാൻ വെമ്പുന്നവരുടെ ശ്രമങ്ങൾ പ്രബുദ്ധകേരളം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതാണ്.
അപനിർമ്മിതിക്കായുള്ള അദ്ധ്വാനങ്ങൾ
കത്തോലിക്കാസഭയുടെയും സന്യസ്തരുടെയും ആത്മീയബോധ്യങ്ങളിലും സാമൂഹിക ഇടപെടലുകളിലും മാറ്റങ്ങൾ വന്നിട്ടില്ല. സഭയുടെ അടിത്തറയ്ക്ക് ബലക്ഷയം വന്നിട്ടില്ല, സന്യാസ സമൂഹങ്ങളുടെ ലക്ഷ്യബോധത്തിനോ സന്യസ്തരുടെ ഇച്ഛാശക്തിക്കോ പരിണാമം സംഭവിച്ചിട്ടില്ല. വിരലിലെണ്ണാവുന്ന ചില വ്യക്തികളുടെ താളംതെറ്റലുകളോ, അപൂർവ്വം ചില സംഭവങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളോ സന്യാസജീവിതത്തിന്റെ പ്രതിഫലനങ്ങളല്ല.
തങ്ങളെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാർത്തകളും, കെട്ടുകഥകളും കേൾക്കാനോ അതേക്കുറിച്ച് ചിന്തിക്കാനോ പോലും സമയം പാഴാക്കാൻ തയ്യാറല്ലാത്തവരാണ് ബഹുഭൂരിപക്ഷം സന്യസ്തരും. വ്യാജവാർത്തകളെയും അപഹാസ്യമായ അനുകരണങ്ങളെയും പൂർണ്ണമായി അവഗണിച്ചുകൊണ്ട്, ഇത്തരം കാര്യങ്ങളിൽ പ്രതികരണമേ ആവശ്യമില്ല എന്ന നിലപാടായിരുന്നു പൊതുവെ സന്യസ്തർ മുൻ വർഷങ്ങളിൽ സ്വീകരിച്ചിരുന്നത്.
എന്നാൽ, ക്രമേണ സോഷ്യൽമീഡിയയിലൂടെയും സിനിമയിലൂടെയും മറ്റുമുള്ള അവഹേളനശ്രമങ്ങളും വ്യാജപ്രചാരണങ്ങളും, ചില സംഭവങ്ങളെ അനാവശ്യ പ്രാധാന്യം നൽകി വലിയ വിവാദങ്ങളാക്കാനുള്ള മാധ്യമശ്രമങ്ങളും സ്ഥിരം കാഴ്ചകളായപ്പോൾ അവയ്ക്ക് പിന്നിൽ ചില സ്ഥാപിതതാല്പര്യങ്ങളുണ്ട് എന്ന വാസ്തവം മറനീക്കി വെളിയിൽ വന്നു.
മുൻകാലങ്ങളിൽ സിനിമകളിലും സാഹിത്യകൃതികളിലും, മറ്റു കലാസൃഷ്ടികളിലും പൗരോഹിത്യവും സന്യാസവും ക്രൈസ്തവ വിശ്വാസവും തുടങ്ങിയ വിഷയങ്ങൾ തെറ്റിദ്ധാരണാജനകമായ വിധത്തിൽ അവതരിപ്പിക്കപ്പെട്ടിരുന്നെങ്കിലും അവയുടെ നല്ലവശങ്ങൾ പരാമർശിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങളും പലപ്പോഴും ദൃശ്യമായിരുന്നു.
പക്ഷെ സമീപകാലങ്ങളിലെ ചലച്ചിത്രങ്ങളും സാഹിത്യ കൃതികളും ആനുകാലിക പ്രസിദ്ധീകരണങ്ങളും നിരീക്ഷിച്ചാൽ അവഹേളനപരവും തെറ്റിദ്ധാരണാജനകവുമായ അവതരണങ്ങൾ മാത്രമാണ് മിക്കപ്പോഴും കാണാനുള്ളത്. ബൗദ്ധിക സാഹിത്യത്തിന്റെ മുഖംമൂടിയുള്ള ചില പ്രസിദ്ധീകരണങ്ങളുടെ എല്ലാ ലക്കങ്ങളിലും തന്നെ ഇത്തരമൊരു ലേഖനമെങ്കിലും കാണാം. സിനിമകളിൽ വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാൻ സന്യാസ – വൈദിക വേഷധാരികളായ കഥാപാത്രങ്ങളെ ഉപയോഗിക്കുകയും, അത്തരം കഥാപാത്രങ്ങളെ വില്ലൻ പരിവേഷം നൽകി അവതരിപ്പിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.
സമൂഹത്തിൽ സംഭവിക്കുന്നത്
എല്ലാ ദേശങ്ങളിലും ഇത്തരത്തിലുള്ള സിനിമകളും കലാസൃഷ്ടികളുമൊക്കെ ഉണ്ട്. ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ എന്നാണ് പ്രധാനമായി ഉയരുന്ന ഒരു ചോദ്യം. മറ്റു പല സംസ്കാരങ്ങളും ഒഴുക്കുള്ള നദികൾ പോലെയാണെങ്കിൽ, പ്രകൃതംകൊണ്ടും സ്വഭാവം കൊണ്ടും പൊതുവിൽ കേരളം കെട്ടിനിൽക്കുന്ന ഒരു ജലാശയം പോലെയാണ്. ഇവിടെ സൃഷ്ടിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും എക്കാലവും ഇവിടെത്തന്നെ തുടരുകയും, മനസുകളെ മലിനമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും.
കെട്ടിച്ചമയ്ക്കപ്പെട്ടതും അർദ്ധസത്യങ്ങളുമായ ദുഷ്പ്രചാരണങ്ങളൊന്നും കേരളസമൂഹത്തിന്റെ പൊതുബോധത്തിൽനിന്ന് ഒരിക്കലും മാഞ്ഞുപോകുന്നില്ല. ഒട്ടനവധി ഉദാഹരണങ്ങൾ ഈ പ്രതിഭാസത്തിന് നമുക്ക് കണ്ടെത്താൻ കഴിയും. മതേതരത്വ ചിന്തകൾക്കും സാമൂഹിക സൗഹാർദ്ദത്തിനും അപ്പുറം എക്കാലവും ചില സ്ഥാപിതതാല്പര്യങ്ങൾ ഇവിടെ മുഴച്ചുനിന്നിരുന്നു എന്നതാവാം കാരണം.
നിഷേധാത്മകമായ പ്രചാരണങ്ങൾക്കും അപകീർത്തികരമായ ആഖ്യാനങ്ങൾക്കും വളക്കൂറുള്ള മണ്ണാണ് കേരളം. തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങൾക്കും സ്ഥാപിത താൽപ്പര്യങ്ങൾക്കുമായി ഈ സാധ്യതയെ ഉപയോഗിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അനേകരും, എളുപ്പത്തിൽ പ്രചാരം നേടുന്നതിനായി ഇത്തരം വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന മാധ്യമ സംവിധാനങ്ങളും ഓൺലൈൻ മാധ്യമങ്ങളും പലതുണ്ട്. കഴിഞ്ഞ ചില വർഷങ്ങളിലായി ഇതൊരു ട്രെൻഡ് തന്നെയായി മാറിയിരിക്കുന്നു.
പരദൂഷണത്തിന് മറ്റൊരിടത്തുമില്ലാത്ത സ്വീകാര്യത സോഷ്യൽമീഡിയയിലുണ്ട് എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രചരിക്കപ്പെടുന്ന അപവാദങ്ങൾ കത്തോലിക്കാ സഭയെക്കുറിച്ചോ സന്യസ്തരെക്കുറിച്ചോ ആകുമ്പോൾ പറയത്തക്കതായ പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ ഇല്ലാതെ ഫോളോവേഴ്സിനെ തൃപ്തിപ്പെടുത്താനാകും എന്ന ഗുണവുമുണ്ട്.
ഒരു വൈദികനെക്കുറിച്ചുള്ള കഥകൾ വീണ്ടുംവീണ്ടും ആവർത്തിച്ച് പൗരോഹിത്യത്തെ സംശയമുനയിൽ നിർത്തുന്നതിലൂടെയും, ചില മുൻ സന്യാസിനിമാരുടെ വികലമായ കാഴ്ചപ്പാടുകൾക്കും മനോവിഭ്രാന്തിക്കും അമിതപ്രാധാന്യംകൊടുത്ത് ചർച്ചകൾ പരമ്പരകളാക്കുന്നതിലൂടെയും പൊതുസമൂഹത്തിനിടയിൽ ആശയക്കുഴപ്പങ്ങൾ വളർത്തിയെടുക്കാൻ ചിലർക്ക് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകൾക്കിടയിലെ ദൗർഭാഗ്യകരമായ ചില സംഭവങ്ങളുടെ കണക്കുകൾ നിരത്തിയും, ലഭിക്കുന്ന അവസരങ്ങളിലെല്ലാം ആവർത്തിച്ചും സഭയെ പ്രതിക്കൂട്ടിൽ നിർത്താനും വിശ്വാസ്യത തകർക്കാനും ചില ഗൂഢ ശക്തികൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇടവേളകളില്ലാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പ്രചാരണങ്ങൾ സമൂഹത്തിൽ വലിയ തെറ്റിദ്ധാരണകൾ വളർത്താൻ കാരണമായിട്ടുണ്ട്. സഭയെയും സഭാ സ്ഥാപനങ്ങളെയും, സന്യാസ സമൂഹങ്ങളെയും സന്യസ്തരെയും കുറിച്ചെല്ലാം വികലമായ ഒരു ചിത്രം പൊതുബോധത്തിൽ രൂപപ്പെടുത്തുക എന്ന നിഗൂഢലക്ഷ്യം ഒരു പരിധിവരെ ഫലപ്രാപ്തിയിലെത്തിക്കുവാൻ ചിലർക്ക് സാധിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.
വാസ്തവങ്ങൾ വിസ്മരിക്കപ്പെടുന്നു
കഴിവും പ്രഗൽഭ്യവും കൊണ്ട് ശ്രദ്ധേയയായ ഒരു യുവസന്യാസിനി ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ചാനൽ പ്രോഗ്രാമിലേയ്ക്ക് ക്ഷണിക്കപ്പെടുകയും അവളുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. പ്രശസ്ത സിനിമാതാരം കൂടിയായ അവതാരകൻ പ്രാരംഭത്തിൽ സന്യാസിനിയോട് ചോദിക്കുന്നത്, “മാതാപിതാക്കളുടെ നേർച്ച മൂലമാണോ സിസ്റ്ററാകാൻ പോയത്” എന്നാണ്.
ചെറുപ്പം മുതലുള്ള തന്റെ താൽപ്പര്യംകൊണ്ടാണ് ഈ ജീവിതം തെരഞ്ഞെടുത്തത് എന്ന് അവൾ മറുപടി പറയുന്നുണ്ട്. സന്യാസത്തെക്കുറിച്ചോ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചോ കാര്യമായൊന്നും മനസിലാക്കിയിട്ടില്ലാത്ത ഒരുകൂട്ടർ നടത്തിവരുന്ന പ്രചരണം എത്രമാത്രം ഈ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നുള്ളതിന്റെ തെളിവുകൂടിയാണ് ആ ചാനൽ അവതാരകന്റെ ചോദ്യം. വാസ്തവവിരുദ്ധമായ ചില ആശയങ്ങൾ ഉയർത്തിക്കാണിച്ച് ചാനൽചർച്ചകൾ നടത്തുകയും സിനിമകൾ നിർമ്മിക്കുകയും നോവലുകളും ലേഖനങ്ങളും എഴുതുകയും ചെയ്ത് വലിയ ഒരു സമൂഹത്തെ മുഴുവനോടെ തെറ്റിദ്ധാരണയിൽ അകപ്പെടുത്തിയിരിക്കുന്ന സങ്കീർണ്ണമായ ഒരു സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത് എന്നുള്ളതിന് നിരവധി ഉദാഹരണങ്ങൾ കാണാം.
സാധാരണയായി ഒരാൾ സന്യാസജീവിതം തെരഞ്ഞെടുക്കുന്നത് ആരുടെയെങ്കിലും നിർബ്ബന്ധം മൂലമോ, വീട്ടിലെ ദാരിദ്ര്യംകൊണ്ടോ അല്ലെന്നും, ആത്മാർത്ഥമായ താൽപ്പര്യവും മറ്റുള്ളവർക്കുവേണ്ടി എല്ലാം ത്യജിക്കാനുള്ള മനസുമാണ് ബഹുഭൂരിപക്ഷം സന്യസ്തർക്കും ഉള്ളതെന്നും ഇനിയെങ്കിലും കേരളസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള ഏതു ജീവിതാന്തസ്സും തിരഞ്ഞെടുക്കാനും, അതിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അവകാശമുള്ള ഈ നാട്ടിൽ, 21 വയസും അതിൽ കൂടുതലും പ്രായം വരെ സമയമെടുത്ത് ആലോചിച്ചും, പ്രാർത്ഥിച്ചും വിശകലനം ചെയ്തും ഒക്കെ ഒരാൾ സ്വീകരിക്കുന്ന ഒരു ജീവിതാന്തസ്സിനെ ആണ് യാതൊരു മടിയുംകൂടാതെ ചിലർ വളരെ മോശമായും വികലമായും സമൂഹത്തിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സമൂഹത്തിൽ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ മുതൽ മരണംവരെ ഒരു മനുഷ്യന് ഉണ്ടാകണം എന്ന് നമ്മുടെ ഭരണഘടന നിഷ്കർഷിക്കുമ്പോൾ, സമർപ്പിതരായവരെ വിശിഷ്യാ സന്ന്യാസിനികളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ വിമർശിക്കാനും ആവിഷ്ക്കാര സ്വാതന്ത്ര്യം ദുരുപയോഗിച്ച് നിരന്തരം അവരെ പീഡിപ്പിക്കാനും തങ്ങൾക്ക് അവകാശമുണ്ട് എന്നുള്ള കേരളത്തിലെ ഒരു വിഭാഗം ആൾക്കാരുടെ കാഴ്ചപ്പാടിന് മാറ്റമുണ്ടാകേണ്ടതുണ്ട്. കാപട്യത്തിന്റെയും സ്ഥാപിത താല്പര്യങ്ങളുടെയും ഫിൽട്ടറുകൾ ഊരിയെറിഞ്ഞ് യാഥാർത്ഥ്യത്തിന്റെ പക്ഷത്തുനിന്ന് സന്യസ്തർക്ക് നേരെ ക്യാമറ തിരിക്കാൻ ഏതെങ്കിലും ന്യൂസ് ചാനലുകൾക്ക് ആർജ്ജവമുണ്ടോ എന്നുള്ളതാണ് സന്യസ്തരുടെ ഇന്നത്തെ ചോദ്യം.
കണ്ണടയ്ക്കുന്ന നീതിന്യായ വ്യവസ്ഥിതികൾ
രാഷ്ട്രീയ – വർഗ്ഗീയ താൽപ്പര്യങ്ങൾക്ക് നീതിന്യായ വ്യവസ്ഥിതിയിലും സർക്കാരിലുമുള്ള സ്വാധീനത്തിന്റെ ഇരകളാണ് സന്യസ്തർ. സമൂഹമധ്യത്തിൽ അവഹേളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ സ്ത്രീ എന്ന പരിഗണന പോലും ലഭിക്കാതെപോകുമ്പോൾ അവർക്കായി ചെറുവിരൽ പോലും അനക്കാൻ മടികാണിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന ഉദ്യോഗസ്ഥരും, മറ്റ് അധികാരികളും. പലപ്പോഴും ഗൗരവമുള്ള വിഷയങ്ങളിൽ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപോലും സന്യസ്തരുടെ പ്രശ്നങ്ങൾ പഠിക്കാനോ അതിൽ ഇടപെടാനോ അവർ തയ്യാറായിട്ടില്ല.
മുമ്പൊരിക്കൽ ഒരു സിനിമ നടി ഒരു ഷോപ്പിംഗ് മാളിൽവച്ച് അവഹേളിക്കപ്പെട്ടു എന്ന വാർത്ത മാധ്യമങ്ങളിൽകൂടി അറിഞ്ഞപ്പോൾ സ്വമേധയാ കേസെടുത്ത അതേ വനിതാ കമ്മീഷനാണ് സന്യാസിനിമാർ പലപ്പോഴായി കൊടുത്ത ഒട്ടേറെ പരാതികളിൽ ഒന്നിൽപോലും നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്നിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷന്റെ നിലപാടുകളും ഇക്കാര്യത്തിൽ വ്യത്യസ്തമായിരുന്നില്ല.
സമൂഹമാധ്യമങ്ങളിൽ അടച്ചാക്ഷേപിക്കപ്പെടുന്ന അനുഭവങ്ങൾ ഒരു വ്യക്തിയിൽ നിന്നുതന്നെ പലതായപ്പോൾ സന്യാസിനിമാർ കേസുകൾ ഫയൽ ചെയ്യുകയും ഒടുവിൽ കോടതികളിൽവരെ കേസ് എത്തുകയുമുണ്ടായി. എന്നാൽ, ഒരു മാസത്തിനിടെ നടപടി സ്വീകരിക്കണമെന്ന പോലീസിനുള്ള കോടതി നിർദ്ദേശം പോലും നിരവധി മാസങ്ങൾക്കിപ്പുറവും പാലിക്കപ്പെടാതെ കിടക്കുകയാണ്. എങ്കിലും സന്യസ്തർ ഇക്കാര്യത്തിൽ പിന്നോട്ടില്ല എന്ന് ഉറപ്പിച്ചിരിക്കുന്നു. ഏതുവിധത്തിലുള്ള നിന്ദനങ്ങളെയും പീഡനങ്ങളെയും മരണത്തെവരെയും ഏറ്റെടുക്കാൻ തയ്യാറാണ് സന്യസ്തർ.
എന്നാൽ, ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ വ്യാജപ്രചാരണങ്ങളും ഗൂഢ നീക്കങ്ങളും സഭയ്ക്കും സന്യസ്തർക്കും മാത്രമല്ല, ഈ പൊതുസമൂഹത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കും നന്മയ്ക്കും വെല്ലുവിളിയാണ് എന്നതിനാൽ ഇത്തരം പ്രവർത്തനങ്ങളെ എല്ലാവിധത്തിലും ചെറുക്കുകതന്നെ ചെയ്യും. നന്മയുടെ ദീപങ്ങളെ കെടുത്തുന്നതിലൂടെ ധാർമികവും സേവനപരവുമായ അരാജകത്വം ഇവിടെ നിർമ്മിച്ചെടുക്കാം എന്ന് കണക്കുകൂട്ടുന്ന ശവംതീനികളുടെ ഗൂഢാലോചനകൾ വിജയിക്കുകയില്ല എന്നത് നിശ്ചയമാണ്.
By, അഡ്വ. സി. ജോസിയ SD
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വോയ്സ് ഓഫ് നൺസ്