കൊച്ചി: തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിങ് പ്രസിഡന്റുമായ പിടി തോമസ് അന്തരിച്ചു. 71 വയസായിരുന്നു. ദീർഘ കാലമായി അർബുദ ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. തമിഴ്നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം.
1991 മുതൽ നിയമസഭാംഗമായ പിടി തോമസ് തൊടുപുഴ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായി. 2016 ലും 2021 ലുമാണ് തൃക്കാക്കര മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയത്. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. പരിസ്ഥിതി വിഷയങ്ങളില്‍ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗില്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു.
1950 ഡിസംബര്‍ 12ന് ഇടുക്കിയിലാണ് പിടി തോമസിന്റെ ജനനം. ഉപ്പുതോട് പുതിയപറമ്പില്‍ തോമസും അന്നമ്മയുമാണ് മാതാപിതാക്കൾ. തൊടുപുഴ ന്യൂമാന്‍ കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പഠനം. കെ.എസ്.യു വഴിയാണ് അദ്ദേഹം പൊതുരംഗത്തേക്ക് എത്തുന്നത്.
കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടർ, കെഎസ്യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്കാരിക സംഘടനയായ സംസ്കൃതിയുടെ സംസ്ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ- ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.

തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിങ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പിടി തോമസിന്റെ (PT THomas) നിര്യാണത്തിൽ മുഖ്യമന്ത്രിയും (Chief Minister) മറ്റ് നേതാക്കളും അനുശോചനം അറിയിച്ചു. ശ്രദ്ധേയനായ പാർലമെന്റേറിയനെയാണ് കേരളത്തിന് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പറഞ്ഞു.
തൻ്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രാസംഗികനും, സംഘടകനുമായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഊർജസ്വലതയും അർപ്പണബോധവുമുള്ള നിയമസഭാംഗമായും, പാർലമെന്റേറിയനെന്ന നിലയിലും ജനങ്ങൾക്ക് പ്രിയങ്കരനായ വ്യക്തിയായിരുന്നു പിടി തോമസെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയെന്ന് നിലയിലും ശ്രീ പി.ടി.തോമസ് എം.എൽ.എ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങൾക്കും എന്റെ അനുശോചനം അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.