ഏറെ സ്നേഹം നിറഞ്ഞ യുവജനസുഹൃത്തുക്കളെ, യുവാവായ യേശു നമുക്ക് കാണിച്ചുതരുന്ന ഒരു പാതയുണ്ട്… സ്നേഹത്തിന്റെ… സഹനത്തിന്റെ… സഹിഷ്ണതയുടെ… ഈ പാത പിഞ്ചെല്ലാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും… മലങ്കര മാർത്തോമ്മ സഭയിലെ ഒരു വൈദീകൻ കാത്തോലിക്ക സഭയുടെ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ അവഹേളിക്കുന്ന തരത്തിൽ പൊട്ടാഫോ എന്ന ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയുടെ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
മലങ്കര മാർത്തോമ്മ സഭയുടെ സിനഡിന്റെയോ, അഭിവന്ദ്യ പിതാക്കന്മാരുടെയോ അനുമതിയോ, അറിവോ ഇല്ലാതെയാണ് പ്രസ്തുത പ്രവർത്തനത്തിൽ ഏർപ്പെട്ടത് എന്ന് അറിയുവാൻ സാധിച്ചു. ഈയൊരു വിഷയവുമായി ബന്ധപ്പെട്ട് വളരെ ശക്തമായ നടപടികളും, ഇടപെടലുകളുമാണ് കഴിഞ്ഞ 48 മണിക്കൂറുകളായി സ്വീകരിച്ചു വരുന്നത്. ഈയൊരു വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ പ്രസ്തുത സഭയുടെ അധ്യക്ഷൻ മാർ തെയോഡോഷ്യസ് മെത്രാപോലീത്ത തിരുമേനിയുമായി സംസാരിച്ചിരുന്നു.
തുടർന്ന് ഈ വിഷയങ്ങൾ അവതരിപ്പിക്കുകയും ആശങ്കകളും പരാതിയും അറിയിക്കുകയും ചെയ്തിരുന്നു. അതേത്തുടർന്ന്, പിതാവിൽ നിന്നും നമുക്ക് സ്വീകാര്യമായ ഒരു മറുപടി ലഭിക്കുകയും തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി അറിയിക്കുകയും ചെയ്തു. പ്രസ്തുത വിഷയത്തിൽ തനിക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്യുമെന്ന് പിതാവ് ഉറപ്പ് നൽകുകയും, ഈ വൈദീകനിൽ നിന്നും ഉണ്ടായ തെറ്റിന് ഖേദം അറിയിക്കുകയും ചെയ്തു.
ഈ പരസ്യചിത്രം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇതിന്റെ നിർമ്മാതാക്കൾ, ആർട്ട് ഡയറക്ടർമാർ, പിന്നണി പ്രവർത്തകർ എന്നിവരെയും Potafo ഓൺലൈൻ ഭക്ഷണവിതരണ കമ്പനി കേന്ദ്രത്തിലും ബന്ധപ്പെടുകയും പ്രസ്തുത പരസ്യം സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും, ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാ രീതികളും, ആചാരാനുഷ്ഠാനങ്ങളും താറടിച്ചുകാണിക്കാനും അവഹേളിക്കാനും ശ്രമിക്കരുതെന്ന് അറിയിക്കുകയും ചെയ്തു.

തൽഫലമായി പ്രസ്തുത പോസ്റ്റ് പങ്കുവച്ച സ്ഥലങ്ങളിൽ നിന്നും പിൻവലിക്കുകയും ഉണ്ടായി. ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുകയാണ്….. ഞങ്ങളുടെ വേദനകൾ മനസ്സിലാക്കിയുള്ള അഭിവന്ദ്യ പിതാവിന്റെ ഇടപെടലുകൾക്ക്, നല്ല വാക്കുകൾക്ക് നന്ദി പറയുന്നു. ഈയൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത് മുതൽ ഈ നിമിഷം വരെ എല്ലാ കാര്യങ്ങളിലും കൂടെ നിൽക്കുകയും, നിർമ്മാതാക്കളെയും മേലധികാരികളെയും ബന്ധപ്പെടാനും പരാതികൾ തയ്യാറാക്കുന്നതിനും മുൻകൈ എടുത്ത കെ.സി.വൈ.എം കല്ലോടി മേഖല പ്രസിഡന്റ് ടിനു മങ്കൊമ്പിലിന് സമയ ബന്ധിതമായ ഇടപെടലുകൾക്കും, ശക്തമായ നടപടികൾക്കും ഏറെ സ്നേഹത്തോടെ നന്ദി പറയുന്നു.
ഒപ്പം പ്രസ്തുത വൈദീകനെ വിളിക്കുകയും സംസാരിക്കുകയും ചെയ്ത ദ്വാരക മേഖല പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള യുവജനങ്ങൾക്കും, ആദ്യം പോസ്റ്റർ ഇറക്കുകയും പിന്നീട് രൂപത സമിതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചു അത് പിൻവലിക്കുകയും ചെയ്ത ചുങ്കക്കുന്ന് മേഖല സമിതിക്കും, നിർദ്ദേശങ്ങൾക്ക് അനുസരിച്ചു വൈകാരികമായ ഒരു തരത്തിലേക്ക് കാര്യങ്ങൾ നീക്കാതെ പക്വമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഒപ്പം നിന്ന എല്ലാ സെക്രട്ടറിയേറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾക്കും മേഖല,യൂണിറ്റ് നേതൃത്വങ്ങൾക്കും സ്നേഹപൂർവ്വം നന്ദി.ശക്തമായ നിലപാടുകളിൽ ഉറച്ച പിന്തുണയുമായി കൂടെ നിന്ന് കെ.സി.വൈ.എം സംസ്ഥാന നേതൃത്വത്തിനും.. നന്ദി…നമുക്ക് ക്രിസ്തുവിൽ ഒന്നായി, പ്രസ്ഥാനത്തിലൂടെ മുന്നേറാം. ജയ് കെ സി വൈ എം.
By, ടിബിൻ പാറക്കൽ പ്രസിഡന്റ് കെ. സി. വൈ. എം മാനന്തവാടി രൂപത!