പഴയനിയമത്തിൽ പ്രവാചകന്മാരിലൂടെ ദൈവം നമുക്ക് നൽകിയ പ്രവചനങ്ങളുടെ അല്ലെങ്കിൽ നിയമങ്ങളുടെ പൂർത്തീകരണമാണ് പുതിയനിയമത്തിലെ ഈശോമിശിഹാ . ദൈവപുത്രന്റെ പ്രസംഗങ്ങളിലും പ്രബോധനങ്ങളിലും അതൃപ്തി തോന്നിയ ഫരിസേയരും , നിയമജ്ഞരും , കപടനാട്യക്കാരും യേശുവിനെ പറ്റി ഒരുപാട് അപവാദങ്ങൾ പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഈശോമിശിഹാ മലയിലെ തന്റെ പ്രസംഗത്തിലൂടെ ജനങ്ങളെ ഉദ്ബോധിപ്പിച്ച നിയമത്തിന്റെ പൂർത്തീകരണമാണ് വി. മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം 17 മുതൽ 20 വരെയുള്ള തിരുവചനങ്ങളിൽ നമുക്ക് കാണുവാൻ കഴിയുന്നത് .
നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് മിശിഹാ വന്നിരിക്കുന്നത് . തെറ്റിദ്ധാരണകളുടെയും , പ്രശ്നങ്ങളുടെയും , പ്രതിസന്ധികളുടെയും നടുവിൽ നിങ്ങൾ ദൈവത്തെ കുറ്റപ്പെടുത്തുമ്പോൾ ദൈവവചനത്തെ തിരസ്കരിക്കുമ്പോൾ ദൈവീകനിയമങ്ങളെ ലംഘിക്കുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ സ്വർഗ്ഗരാജ്യത്തിൽ ചെറിയവരാക്കിക്കൊണ്ടിരിക്കുകയാണ് .
ആകാശവും ഭൂമിയും കടന്നു പോകുന്നത് വരെ സമസ്തവും നിറവേറുവോളം നിയമത്തിൽ നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് വചനത്തിലൂടെ അവിടുന്ന് നമുക്ക് വെളിപ്പെടുത്തി തരുന്നു. മിശിഹായുടെ ഒരു പ്രവചനങ്ങളെയും നമുക്ക് നിഷേധിക്കാനോ തള്ളിക്കളയാനോ സാധിക്കുകയില്ല , കാരണം പ്രവചനങ്ങളുടെ പൂർത്തീകരണം എന്ന് പറയുന്നത് തന്നെ മിശിഹാ തമ്പുരാനാണ് .
പിതാവായ ദൈവം ഏശയ്യാ പ്രവാചകന് വെളിപ്പെടുത്തിയ പ്രവചനങ്ങളിൽ വച്ച് ഏറ്റവും വലിയ പ്രവചനം ” കന്യക ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും അവൻ ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും .” (ഏശയ്യാ 7:14). ആ വചനത്തിന്റെ സാക്ഷാത്കാരമാണ് പരിശുദ്ധ മറിയത്തിൽ ജന്മം എടുത്ത് കാലിത്തൊഴുത്ത് മുതൽ കുരിശുമരം വരെയുള്ള പ്രയാണത്തിന്റെ പൂർണ്ണതയിൽ കാൽവരി മലയിൽ മാറു കീറി നമ്മെ ഓരോരുത്തരെയും തന്റെ സ്നേഹത്താൽ പരിപോഷിപ്പിക്കാൻ കുർബാനയോളം ചെറുതായ പൊന്നു തമ്പുരാൻ…
അത് കൊണ്ട് തന്നെ പ്രവചനങ്ങളുടെ പൂർത്തീകരണമായ മിശിഹാ നമ്മെ പ്രവചനങ്ങളിൽ അല്ലെങ്കിൽ നിയമങ്ങളിൽ അടിയുറച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്നു . അതിനായി അവിടുത്തെ ഓരോ വചനങ്ങളും നമുക്ക് നമ്മുടെ ജീവിതത്തിൽ അന്വർത്ഥമാക്കാം . നിയമത്തെ ലംഘിക്കുകയും അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാതിരിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവനായി തീരുന്നു . എന്നാൽ നിയമം അനുസരിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവനെന്ന് വിളിക്കപ്പെടും .
നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം സ്വർഗ്ഗരാജ്യത്തിൽ എത്തിച്ചേരുക എന്നതായിരിക്കട്ടെ . അതിനുള്ള എളുപ്പവഴിയാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നാം കണ്ട നിയമത്തിന്റെ പൂർത്തീകരണം . വചനത്തിൽ അടിയുറച്ചു ജീവിക്കുകയും , നിയമങ്ങൾ അനുസരിക്കുകയും , അത് പഠിപ്പിക്കുകയും ചെയ്യുമ്പോൾ നിന്റെ ജീവിതം നീ അറിയാതെ തന്നെ മറ്റുള്ളവർക്ക് പ്രചോദനമായി മാറുകയാണ് .
സർവ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും നിയമത്തിന്റെ പൂർത്തീകരണമാക്കിത്തീർക്കട്ടെ . അത് വഴി നാം ഓരോരുത്തരും സ്വർഗ്ഗരാജ്യത്തിന് അവകാശികളായിത്തീരട്ടെ ..
നിയമത്തിന്റെ പൂര്‍ത്തീകരണം…
നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന് സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും.
എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന് സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. (മത്തായി 5:17-20)
പ്രാർത്ഥനയോടെ, Nithin Paul Mundumakil