പരസ്പരം അറിയുമ്പോഴാണ് ബന്ധം വളരുന്നതെന്ന സത്യം എത്രയോ ശരിയാണ്. ഞാൻ യേശുക്രിസ്തുവിനെ അറിയാൻ തുടങ്ങിയപ്പോൾ മുതലാണ് അവൻ എനിക്ക് ഒരാവേശമായി മാറാൻ തുടങ്ങിയത്. അവനെക്കുറിച്ചുള്ള അന്വേഷണമാണ് ജീവിതത്തെ പോസിറ്റീവായി കാണാൻ എനിക്ക് കാരണമായത്. പലതും എന്നിൽ അഭിനിവേശമായി മാറിയത്. ഞാൻ ഇപ്പോൾ എന്താണോ അത് ദൈവകൃപയാലാണ്.
യുവസഹജമായ മനോഭാവങ്ങൾ വർധിച്ചപ്പോൾ ശരിയും തെറ്റും വിവേചിക്കാൻ എന്നെ സഹായിച്ചത് യേശുവിനോടുള്ള വ്യക്തിബന്ധം മാത്രമാണ്. ജീവിതയാത്രയിൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് കുതിച്ചുകൊണ്ടിരുന്നപ്പോൾ ജീവിത മൂല്യങ്ങളെ സംരക്ഷിക്കാൻ സഹായിച്ചത് സായാഹ്നനേരങ്ങളിലെ യേശുവിനോടോത്തുള്ള കൂടിക്കാഴ്ചകളായിരുന്നു. ജീവിതത്തെക്കുറിച്ചു ഇന്നേവരെ മടുപ്പ് തോന്നാതെ ഓരോ ദിവസവും പുതിയസ്നേഹത്താൽ ചലിപ്പിച്ചത് യേശുവിന്റെ പ്രബോധനങ്ങൾ മാത്രമാണ്. അവന്റെ പേഴ്സണാലിറ്റി, വ്യത്യസ്തതകളോട് അവനുള്ള സമീപനം, എല്ലാറ്റിലുമുപരി എല്ലാവരോടുമുള്ള പകരം വയ്ക്കാനാവാത്ത സ്നേഹം!
എനിക്ക് അനേകരെ സുഹൃത്തുക്കളായി കിട്ടിയിട്ടുണ്ട്. എന്നാൽ യേശുക്രിസ്തുവുമായുള്ള സൗഹൃദമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. അതെന്നെ പരിധികവിഞ്ഞു ഉന്മത്തനാക്കി. എന്നെ മനസ്സിലാക്കിയ, ഉചിതമായി എന്നെ തിരുത്തിയ, തീരുമാനങ്ങളെടുക്കാൻ എന്നെ സഹായിച്ച, പ്രോത്സാഹനങ്ങളിലൂടെ എന്നെ വഴിനടത്തിയ, എന്റെ കുറ്റബോധങ്ങളെ ഏറ്റെടുത്ത, അസാധ്യമെന്നു കരുതിയവയെ പരിശ്രമിച്ചുനോക്കാൻ പരിശീലിപ്പിച്ച, തെറ്റുകൾക്ക് പ്രതിവിധി പറഞ്ഞുതന്ന, ജീവിതത്തിന്റെ ലക്ഷ്യത്തെ നിർവചിക്കാൻ സഹായിച്ച, ഞാൻ ചോദിക്കാതെ തന്നെ കണ്ടറിഞ്ഞു എന്നെ സഹായിച്ച എല്ലാറ്റിലുമുപരി എന്നെ ശ്രവിക്കുന്നതിൽ മടുപ്പ് കാണിക്കാത്ത എന്റെ പ്രിയമിത്രം യേശുവായിരുന്നു.
അവൻ എനിക്ക് അങ്ങകലെയുള്ളതോ, അപാരവിശുദ്ധിമൂലം സമീപിക്കാനാവാത്തതോ, അനന്ത വിഹായസ്സുകൾക്കുള്ളിലായതിനാൽ എത്തിപ്പിടിക്കാനാവാത്തതോ സർവ്വചരാചരസൃഷ്ടാവായതിനാൽ അതിഭീകരസംഭവമോ ഒന്നുമല്ല. എന്നോടൊപ്പം നടക്കുന്ന, എന്റെ സമപ്രായമുള്ള, എന്നോടൊപ്പം സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന എന്റെ പ്രിയസുഹൃത്താണ്. ഈ ബോധ്യവും ഈ സത്യവുമാണ് എന്നെ യേശുവിൽ വളരാൻ ഏറെ സഹായിച്ചത്. ഈയൊരു സൗഹൃദത്തിലേക്ക് നിങ്ങളേയും ഞാൻ ക്ഷണിക്കുന്നു. വന്നുകാണുക !
യേശു നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! അവന് പറഞ്ഞതു കേട്ട് ആ രണ്ടു ശിഷ്യന്മാര് യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞ്, അവര് തന്റെ പിന്നാലെ വരുന്നതുകണ്ട്, ചോദിച്ചു: നിങ്ങള് എന്തന്വേഷിക്കുന്നു? അവര് ചോദിച്ചു: റബ്ബീ – ഗുരു എന്നാണ് ഇതിനര്ഥം – അങ്ങ് എവിടെയാണു വസിക്കുന്നത്? അവന് പറഞ്ഞു: വന്നു കാണുക. ( വി യോഹന്നാൻ 1:37-38)
By, അഗസ്റ്റിൻ ക്രിസ്റ്റി