മുൻവിധി എന്നൊരു ചിന്തയുണ്ട് നമ്മുടെ ജീവിതങ്ങളിൽ… ഒരു കാര്യം ഇങ്ങനെയായിരിക്കും അല്ലെങ്കിൽ ഒരാൾ അങ്ങനെയായിരിക്കും അതുമല്ലെങ്കിൽ ആ സംഭവം ഇങ്ങനെയായിത്തീരും എന്നൊക്കെ… പക്ഷെ അങ്ങനെ സംഭവിക്കാതെയാവുമ്പോ ഉണ്ടാവുന്ന ചില പ്രശ്നങ്ങൾ… ചിലർക്ക് നിരാശ, ചിലർക്ക് സങ്കടം, മറ്റു ചിലർക്ക് ദേഷ്യം, അരിശം… അത് ശരിയായില്ല എന്ന തോന്നൽ… അങ്ങനെയങ്ങനെ…. സത്യത്തിൽ ആരുടെ ഭാഗത്താണ് തെറ്റ്?
നമ്മൾ വിചാരിച്ച പോലെ ചുറ്റും നടക്കണം എന്ന് കരുതുന്നതിലാണോ ശരി? അതോ ആയിരിക്കുന്ന പോലെ അല്ലെങ്കിൽ അത് സംഭവിച്ച പോലെ അതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതാണോ ശരി? ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ… വിധികളും മുൻവിധികളും അവിടെയിരിക്കട്ടെ… കാരണം വിധികളെ വിധിക്കുന്നതുതന്നെ ഒരു മുൻവിധിയായി മാറിയാലോ… പറയാൻ കാരണം കൊളോസിയം കണ്ടത് കൊണ്ടാണ്…. അതിന്റെ അകത്തളങ്ങളെക്കുറിച്ച് ‘അത് ഇങ്ങനെയായിരിക്കും’ എന്നൊരു ചിന്തയുണ്ടായിരുന്നു മനസ്സിൽ… പക്ഷെ കയറിക്കഴിഞ്ഞാണ് മനസിലായത് അങ്ങനെയല്ലെന്ന്….
ഒരുപക്ഷെ ഗ്ലാഡിയേറ്റർ പോലുള്ള ചില സിനിമകളുടെ സ്വാധീനമാകാം മനസ്സിൽ അങ്ങനെയൊരു രൂപം കടന്നു കൂടാൻ കാരണം… അതല്ലെങ്കിലും പലതിലും അങ്ങനെയാണ്… പലതിനെക്കുറിച്ചും മാധ്യമങ്ങൾ ഉണ്ടാക്കി വയ്ക്കുന്നൊരു ലോകമുണ്ട്… അതിലൂടെ കടന്നു പോകുന്നൊരാൾക്ക് യഥാർത്ഥ ലോകത്തെ കാണുമ്പോ അത്ര പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.. ഒന്ന് മാത്രമേയുള്ളൂ… നമ്മൾ ചിന്തിക്കുന്നതിനും കാണുന്നതിനും മനസിലാക്കുന്നതിനും അപ്പുറത്തേക്കാണ് പലതിന്റെയും യാഥാർഥ്യം… നമ്മളുണ്ടാക്കുന്ന മുൻവിധികളല്ല ജീവിതവും ലോകവും എന്നുള്ളത് വല്ലാതെ ഓർമ്മപ്പെടുത്തുന്നു കൊളോസിയം.
By, റിന്റോ പയ്യപ്പിള്ളി