“യാക്കോബിൽ നിന്ന് ഒരു നക്ഷത്രം ഉദിക്കും , ഇസ്രായേലിൽ നിന്ന് ഒരു ചെങ്കോൽ ഉയരും”. രക്ഷനെ പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്ക് അവൻ വന്നു. ആകാശത്തോളം ഉയർന്നു പൊങ്ങിയ കൊട്ടാര കെട്ടുകളിൽ ആയിരുന്നില്ല, മറിച്ച്, ഭൂമിയോളം താഴ്ത്തപ്പെട്ട പുൽത്തൊട്ടിയിലാണ് അവൻ പിറന്നു വീണത്. അധികാരത്തിന്റെ ചെങ്കോലും ,കിരീടവും ഇല്ലാതെ …… മോടി കൂടിയ പുതുവസ്ത്രങ്ങൾ ഇല്ലാതെ….. പരിചാരകരും, പരിവാരങ്ങളും ഇല്ലാതെ…. കുളിരു കോരുന്ന പാതിരാവിൽ ചോർന്നൊലിക്കുന്ന ഒരു കാലിത്തൊഴുത്തിൽ ഉലകിന്റെ ഉടയോൻ പിറന്നു വീണു.
യാക്കോബിൽ നിന്നുദിച്ചുയരേണ്ട നക്ഷത്രം, ഇസ്രായേലിൽ നിന്നുയർന്നു പൊങ്ങേണ്ട ചെങ്കോലിനവകാശി ഇങ്ങനെയാണോ ഈ ഭൂമിയിലേക്ക് വരേണ്ടത്. കുറഞ്ഞ പക്ഷം അടിസ്ഥാന സൗകര്യങ്ങളുള്ളൊരിടമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. എന്തേ ഇങ്ങനെ ഒരു ജനനം എന്ന് ചിന്തിക്കുന്നവർക്ക് മുന്നിൽ അവന്റെ ജീവിതം തന്നെ ഉത്തരം നല്കുന്നു.
പടയാളികളും പടയോട്ടങ്ങളുമില്ലാതെ, സ്നേഹം കൊണ്ട് ലോകം നേടിയ രാജാവായിരുന്നു അവൻ. അധികാരത്താൽ ആധിപത്യം നേടാതെ…. അനുകമ്പയാൽ അലയടി തീർത്ത വൻ . സിംഹാസനങ്ങളിൽ വാണരുളിയവനല്ല….മറിച്ച് ഒരു നോക്കു കാണാൻ ആഗ്രഹിച്ചവർക്കിടയിലേക്ക് സൗഖ്യമായി… സാന്ത്വനമായി ഇറങ്ങി ചെന്നൊരു രാജാവ്. സമൂഹം അറപ്പോടും വെറുപ്പോടുo കൂടെ മാറ്റി നിർത്തിയവരെ മാറോട് ചേർത്തൊരു രാജാവ് …. പാപികളേയും കല്ലെറിയപ്പെട്ടവരേയും കൈപിടിച്ചുയർത്തിയ രാജാവ് ….. ഉടഞ്ഞു പോയ ഹൃദയങ്ങളിൽ ഉയർപ്പിന്റെ മഹിമ നൽകിയവൻ. അന്ധനു പ്രകാശമായി, ബധിരനു സംഗീതമായി, മുടന്തനു സൗഖ്യമായി, തളർന്നവന് താങ്ങായി എന്തിനേറെ….
താരാട്ടു പാടിയവർക്കും തലോടിയവർക്കും എന്നതു പോലെ തന്നെ തള്ളിപ്പറഞ്ഞവർക്കും തള്ളിക്കളഞ്ഞർക്കുo വേണ്ടിക്കൂടി ഉള്ളും ഉള്ളവും ഉയിരും നല്കാൻ തയ്യാറായ ഏതൊരു രാജാവാണുള്ളത്. കാലിത്തൊഴുത്തിലെ കുറവ് അറിഞ്ഞവനല്ലാതെ വേറാർക്കും സാധിക്കില്ല. സ്വർഗ്ഗവും, ഭൂമിയുo ഒന്നു പോലെ അവനു മുന്നിൽ മുട്ടുമടക്കപ്പെടുമ്പോൾ സുഖ സൗകര്യങ്ങളുടെ ശീതള പായയിൽ പിറന്നു വീഴാൻ അവനു യാതൊരു തടസവുമുണ്ടായിരുന്നില്ല. പാപമൊഴികെ മറ്റെല്ലാത്തിലും നമ്മെപ്പോലെ നമുക്കിടയിൽ നിലകൊള്ളാൻ കാലിത്തൊഴുത്തിനോളം അവനു താഴണമായിരുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ എനിക്കും, നിനക്കും, നമുക്കോരോരുത്തർക്കും വേണ്ടി നമ്മിലൊരുവനാകുവാൻ കാലിത്തൊഴുത്തോളം അവൻ ചെറുതായി.
കാലിത്തൊഴുത്തോളം ചെറുതായി കാൽവരിയോളം വലുതാക്കാൻ കാലികൾക്കിടയിൽ ജനിച്ചവനല്ലാതെ മറ്റാർക്കും സാധിക്കില്ല …. കാലങ്ങൾക്കിപ്പുറം ഇന്നും ക്രിസ്തുമസിനായി ഒരുങ്ങുമ്പോൾ ഹൃദയത്തിനുള്ളിൽ സ്നേഹം കൊണ്ടൊരു പുൽകൂട് കെട്ടാം ….. കാലിത്തൊഴുത്തിനേക്കാൾ കറകൾ ഏറെ ഉള്ള നമ്മുടെ ഹൃദയത്തിലേക്കും അവൻ വരും … പ്രാർത്ഥനയോടെ പ്രതീക്ഷയോടെ കാത്തിരിക്കാം.
By, Nimmy Jose