തൻ്റെ മകൻ്റെ ജനനത്തിന് വേണ്ടി ഏറെ യാതനകൾ സഹിച്ചവളാണ് പരിശുദ്ധ അമ്മ. തൻ്റെ വിവാഹത്തിന് മുൻപേ അപമാനഭാരം താങ്ങുക എന്നത് എത്രയോ ദുഷ്കരമാണ്. ഒരു സ്ത്രീ താങ്ങാവുന്നതിനുമപ്പുറം സഹനങ്ങളേറ്റുവാങ്ങി നൽകിയ പുണ്യ ജന്മമായിരുന്നു ഈശോയുടേത്.
മനുഷ്യ ജീവിതത്തിൽ സഹനം ഏറ്റവുമധികം നിരാശ നൽകുന്ന ഒരു വാക്കാണ്. ജീവിത പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും അലട്ടുമ്പോൾ മദ്യത്തിലും മയക്കുമരുന്നിലുമായി അഭയം പ്രാപിക്കുന്നവർ ആത്മഹത്യകളിൽ ശരണം തേടുന്നവരൊക്കെ നമ്മുടെ കണ്മുന്നിലുണ്ട്. പരിശുദ്ധ അമ്മയെപ്പോലെ സഹിക്കുവാനും ക്ഷമയോടെ കാത്തിരിക്കാനുമുള്ള കൃപയാണ് നമുക്കുവേണ്ടത്. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോയ പരിശുദ്ധ അമ്മയുടെ സാന്നിധ്യം നമുക്കിടയിലും കുടുംബത്തിലും ശക്തിയായി മാറേണ്ടതുണ്ട്.
അമ്മയുടെ സഹനങ്ങൾ ഒരു ജീവിതകാലം മുഴുവനും ഉണ്ടായിരുന്നു. ജനനം മുതൽ അങ്ങ് കാൽവരി കുരിശുവരെ. ക്രിസ്തുമസിന്റെ ധ്യാന ചിന്തകളിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം നമുക്ക് തണലായി മാറണം. സഹനങ്ങൾ സന്തോഷപൂർവം സ്വീകരിച്ച് പരിശുദ്ധ അമ്മയുടെ നീലകാപ്പയിൽ അഭയം പ്രാപിക്കാം. തിരുകുടുംബത്തിന്റെ അനുഗ്രഹമായവൾ നിൻ്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
By, റിയ ലിൻസ്