ജോസഫ് പാണ്ടിയപ്പള്ളിൽ
ക്രിസ്മസ് രാത്രി ദേവാലയത്തിലെത്തുമ്പോൾ ദേവാലയം മറ്റേതൊരു ദിവസത്തിനേക്കാൾ മനോഹരമായി അലങ്കരിച്ചിരിക്കുന്നത് എല്ലാ വർഷവും എന്നെ ആകർഷിക്കാറുണ്ട്. മനോഹരമായ പുൽക്കൂട്, ക്രിസ്മസ് ട്രീ, അലങ്കരിച്ച അൾത്താര, നക്ഷത്രങ്ങൾ, വൈദ്യുതിദീപാലങ്കാരം തുടങ്ങിയവ ക്രിസ്മസ് സന്ദേശം ഉൾക്കൊള്ളാൻ മനസിനെയും ഹൃദയത്തെയും തുറക്കുകയും ഒരുക്കുകയും ചെയ്യും.
ഇ വർഷത്തെ പുൽക്കൂടും അലങ്കാരങ്ങളും കണ്ടപ്പോൾ ഏതാനും വർഷങ്ങൾക്ക് മുൻപ് യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂടുകളുടെ പ്രദർശനം സന്ദർശിച്ച കാര്യം ഓർമ്മയിലെത്തി. യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂടുകളുടെ പ്രദർശനം ബെൽജിയത്തിന്റെയും ജർമ്മനിയുടെയും അതിർത്തിഗ്രാമമായ ലോസ്ഹായിമിലാണ് സ്ഥിതിചെയ്യുന്നത്. എല്ലാ ദിവസവും സന്ദർശിക്കാവുന്ന വലിയൊരു പ്രദർർശനശാലയിൽ ഒരുക്കിയിരിക്കുന്ന ഈ പുൽക്കൂടുകളുടെ പ്രദർശനത്തിൽ ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, തെക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള നൂറിൽപരം വ്യത്യസ്ത പുൽക്കൂടുകളും പ്രദർശനശാലക്ക് പുറത്ത് ജീവനുള്ള മൃഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സജീവമായ ഒരു പുൽക്കൂടും ഉണ്ട്.
നൂറിൽപരം വ്യത്യസ്തങ്ങളായ പുൽക്കൂടുകളിൽ അതത് പ്രദേശത്തെ സംസ്കാരവും ശൈലിയും പുൽക്കൂടിന്റെ നിർമ്മിതിയിലും രൂപങ്ങളുടെയും പ്രതിമകളുടെയും രൂപത്തിലും നിറത്തിലും കാണാനാകും. പ്രത്യേകിച്ച് ഓരോ പുൽക്കൂടിലും മാതാവിന്റെയും യൗസേപ്പിതാവിന്റെയും ഉണ്ണീശോയുടെയും നിറത്തിലും രൂപത്തിലും ആകൃതിയിലും വസ്ത്രധാരണത്തിലും മുഖശ്ചായയിലും ഈ സാംസ്കാരികവും വംശീയവുമായ വ്യത്യസ്തത പ്രകടമാണ്.
ഈ സാംസ്കാരികവും വംശീയവുമായ വ്യത്യസ്തതയോടൊപ്പം ഈ നൂറിൽപരം പുൽക്കൂടുകളിൽ രണ്ടു പൊതുഘടകങ്ങൾ എനിക്ക് കാണാനായി.
ഒന്നാമതായി ഈശോയും മാതാവും യൗസേപ്പിതാവും എല്ലാ പുൽക്കൂടുകളിലും കച്ചികൾക്കിടയിലും മൃഗങ്ങൾക്ക് നടുവിലും ആട്ടിടയർക്ക് മുന്പിലുമായിരുന്നു പ്രതിഷ്ടിക്കപ്പെട്ടിക്കുന്നത്. നമുക്ക് ചിന്തിക്കാനാവാത്തവിധം ലളിതവും അസാദ്ധാരണവുമായ ചുറ്റുപാടും സാഹചര്യവും ആണ് എല്ലാ പുൽക്കൂടിലും ഒരുക്കിയിരിക്കുന്നത്. ഇന്ന് ഒരു കുട്ടി ജനിക്കുന്ന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈശോ ജനിച്ചത് തികച്ചും മനുഷ്യത്വരഹിതമായ സാഹചര്യത്തിലും ചുറ്റുപാടിലുമാണ് എന്ന് പറയേണ്ടിവരും.
എല്ലാ പുൽക്കൂടുകളിലും ദൃശ്യമായ ലാളിത്യം ക്രിസ്തുവിന്റ ജനനം എത്ര ലളിതവും ദാരിദ്രവും ആയിരുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തും. മഹാന്മാർ പലരും സമ്പത്തിന്റെയും ആഡംബരത്തിന്റെയും നടുവിൽ വളർന്നവരല്ല എന്ന സത്യം മാത്രമല്ല ഇവിടെ ശ്രദ്ധേയം. അതിലുപരി അത്യുന്നതനും ക്രിസ്തുവുമായ ഈശോ പിറന്നത് സത്രത്തിൽ ഇടം കിട്ടാതെ, ഒരു ഭവനത്തിലും അഭയം ലഭിക്കാതെ, വെറുമൊരു കാലിതൊഴുത്തിലാണ് എന്നതാണ്. ലാളിത്യത്തിന്റെ മഹനീയതയും, ലാളിത്യം ഉന്നതവും, മഹത്യപൂർണ്ണവും എന്നും, ലാളിത്യത്തിന്റെ മഹത്വവൽക്കരണമാണ് വിഷയം.
പുൽക്കൂട്ടിൽ പിറന്ന ഈശോ ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും ഉദാത്ത മാതൃകയാണ്. എത്രമാത്രം ഉന്നതവും മഹത്വപൂർണ്ണവും ആകുന്നോ അത്രമാത്രം ലളിതമാകും. ഏറ്റം ഉന്നതമായതും മഹത്വപൂർണ്ണവും ആയവ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും ഏറ്റം ലളിതമായിട്ടായിരിക്കും. ഏറ്റവും ചെറുതും നിസ്സാരവും ഏറ്റം വലുതും പ്രാധാന്യമുള്ളതുമാകാം. ഏറ്റവും ദുര്ബലമെന്ന് തോന്നുന്നവ ഏറ്റം ശക്തമായെന്നു വരാം. പുൽക്കൂട്ടിൽ പിറന്ന ക്രിസ്തു നൽകുന്ന ഈ പാഠങ്ങൾ ഇന്നും നമ്മൾ അനുദിനം ബോധ്യപ്പെടുന്ന സത്യമാണ്. ഇന്നും എന്നും ശക്തിയും മഹത്വവും വലിപ്പവും ലാളിത്യത്തിലാണ്.
ലോസ്ഹൈമിലെ പുൽക്കൂടുകളിൽ എന്നെ ആകർഷിച്ച രണ്ടാമത്തെ കാര്യം: വിവിധ ഭൂകണ്ഡങ്ങകിൽനിന്നും വിവിധ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തരൂപത്തിലും നിറത്തിലും വലിപ്പത്തിലും മുഖശ്ചായയിലുമുള്ള ഇശോയുടെയും മറിയത്തിന്റെയും യൗസേപ്പിതാവിന്റെയും മുഖഭാവങ്ങൾ സന്തോഷവും സംതൃപ്തിയും ആൽമവിശ്വാസവും പ്രകടമാക്കുന്ന രീതിയിലാണ് എല്ലാ കലാകാരന്മാരും രൂപപ്പെടുത്തിയത്.
എനിക്കു തോന്നുന്നു, പിറക്കാനൊരിടം പോലും കിട്ടാതിരുന്ന സഹചര്യത്തിൽ മാനസിക സങ്കർഷവും അസ്വസ്ഥതയും ഉണ്ടായെങ്കിലും അടിസ്ഥാനപരമായ ശുഭാപ്തിവിശ്വാസവും സംതൃപ്തിയും സന്തോഷവും പ്രതീക്ഷയും എന്നും പുലർത്തിയിരുന്നവരായിരുന്നു യൗസേപ്പിതാവും മാതാവും. ഒരു പുൽക്കൂടെങ്കിലും കിട്ടിയതിൽ അവർ സന്തോഷവും സംത്ര്യതിയും അനുഭവിച്ചു. പകരം നിരാശരോ അസഹിഷ്ണരോ ദുഖിതരോ ആകാമായിരുന്നു അവർക്ക്.
എന്നാൽ അവർ അടിസ്ഥാനപരമായി ജീവിതം കാഴ്ച്ചയായും സ്നേഹത്തിന്റെ അർച്ചനയായും ജീവിച്ചു എന്നാണെനിക്ക് തോന്നുക. നൂറിൽപരം പുൽക്കൂടുകൾ നിർമ്മിച്ച നൂറിൽപരം കലാകാരൻമാർ അറിഞ്ഞോ അറിയാതെയോ അവരുടെ കലാസൃഷ്ടിയിൽ ഈശോയുടെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും മുഖഭാവങ്ങളിൽ നേരത്തെ പരസ്പരം ബന്ധപ്പെടാതെയും പറഞ്ഞുറപ്പിക്കാതെയും ഒരേ വികാരങ്ങളും ഭാവങ്ങളും പ്രകടമാക്കി എന്നത് ഏറെ സന്തോഷകരമാണ്.
മാതാവിന്റെയും യൗസേപ്പിതാവിന്റെയും ഈ സന്തോഷവും സംതൃപ്തിയും ലാളിത്യവും ശുഭാപ്തിവിശ്വാസവും എല്ലാ ക്രിസ്മസുകളിലും നമ്മൾ പ്രഘോഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ദിനത്തിൽ സുഹൃത്തുക്കൾക്കും സ്വന്തപ്പെട്ടവർക്കും ക്രിസ്മസ് അശംസക നേരുമ്പോൾ മാതാവിന്റെയും യൗസേപ്പിതാവിന്റെയും മുഖത്ത് എന്നും പ്രതിഫലിച്ചിരുന്ന സന്തോഷവും സംതൃപ്തിയുമാണ് നമ്മളും ആശംസിക്കുന്നത്. ക്രിസ്മസിന് ഭവനം അലംകരിച്ചപ്പോഴും, നല്ല ഭക്ഷണം പാകം ചെയ്തപ്പോഴും സങ്കർഷത്തിന് നടുവിലും സന്തോഷവും സംതൃപ്തിയും പ്രകടമാക്കിയ മാതാവിന്റെയും യൗസേപ്പിതാവിന്റെയും ജീവിതത്തികവും പൂർത്തീകരണവുമാണ് നമ്മളും പ്രകടമാക്കുക.
എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും സന്തോഷിക്കാനും ശുഭാപ്തിവിശ്വാസം പുലർത്താനും മതിയായ കാരണങ്ങൾ എന്നും നമുക്കുണ്ടാകും. അത്തരം കാരണങ്ങളാണ് ക്രിസ്മസിന് നമ്മെ ഭരിക്കേണ്ടതും നയിക്കേണ്ടതും. ക്രിസ്മസ് ദിനത്തിൽ നമ്മൾ സന്തോഷിക്കണം; ക്രിസ്മസ് നമ്മൾ ആഘോഷിക്കണം; ക്രിസ്മസിന്റെ സന്തോഷവും സമാധാനവും നമ്മൾ പങ്കുവെക്കണം. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും വിപരീതമാണ് ദുഖവും നിരാശയും അസഹിഷ്ണതയും.
പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പിതാവും നസ്രത്തിൽ നിന്നും ബെത്ലഹേമിലേക്കും ബെത്ലഹേമിൽ നിന്നും ഈജിപ്തിലേക്കും യാത്രയായപ്പോൾ ദൈവപരിപാലനയിൽ ആശ്രയിക്കുകയും ഈശോയുടെ സാന്നിധ്യത്തിൽ സന്തോഷിക്കയും ചെയ്തപോലെ നമുക്കും ക്രിസ്മസ് സന്തോഷത്തിന്റെയും ദൈവപരിപാലനയുടെയും അനുഭവം നൽകട്ടെ!
“ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന് നിങ്ങളെ അറിയിക്കുന്നു” എന്ന് പറഞ്ഞ മാലാഖായുടെ വാക്കുകൾ നമ്മുടെ ഹൃദയങ്ങളിലും മുഴങ്ങട്ടെ! നമ്മെ ഭയപ്പെടുത്താത്ത, നമുക്ക് സന്തോഷം നൽകുന്ന ഈ ക്രിസ്മസ്-രാത്രിയിൽ നമുക്കു ചുറ്റുപാടുമുള്ള രോഗികളെയും വൃദ്ധരെയും ഒറ്റപ്പെട്ടവരെയും ദുഖിതരെയും ഓർക്കാം; അവർക്കായി പ്രാർത്ഥിക്കാം; അവരെ സന്ദർശിച്ചു ക്രിസ്മസിന്റെ സന്തോഷം പങ്കുവെക്കാം.
ദൈവം നമ്മോടുകൂടെ!
ഇമ്മാനുവേൽ!
അവിടുന്നിലാണ് നമ്മുടെ പ്രതീക്ഷ!
അവനാണ് നമ്മുടെ രക്ഷകൻ.
അവനെ നമുക്ക് സ്തുതിക്കാം.
ഹാലേലൂയ.
ഹാപ്പി ക്രിസ്മസ്!