വീണ്ടുമൊരു ക്രിസ്തുമസ് വരവായി . ആകാശത്തിലെ നക്ഷത്രങ്ങൾക്കപ്പുറം വിണ്ണിലാകെ താരകങ്ങൾ ഉദിച്ചു തുടങ്ങി. കൊട്ടാരങ്ങളല്ല , കാലിത്തൊഴുത്തുകൾ ഉണ്ണീശോക്കായി മെനഞ്ഞു തുടങ്ങി. കൊട്ടും പാട്ടും കരോളും സാന്റാ ക്ലോസും ഒക്കെയായി വാനവരാകെ ആഘോഷങ്ങളുടെ ആവേശത്തിലാണ്.
ഒന്ന് ചിന്തിച്ചാൽ ക്രിസ്തുമസ് എന്ന് പറയുന്നത് ആഘോഷങ്ങളുടെയും ആരവങ്ങളുടെയും ദിനങ്ങൾ മാത്രം ആയിരുന്നോ ??
വിവാഹനിശ്ചയം ഉറപ്പിച്ച കന്യകയായ യുവതി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിളിയായിരുന്നു ക്രിസ്തുമസ്.
പരിശുദ്ധാത്മാവിനാൽ ഗർഭിണിയായ മറിയം സ്വർഗീയപുത്രനെ ഉദരത്തിൽ വഹിക്കാൻ ദൈവദൂതന് നൽകിയ സമ്മതമായിരുന്നു ക്രിസ്തുമസ്.
സ്വർഗീയസന്ദേശം മനസിൽ ശങ്ക കൂടാതെ നിറവേറ്റി, മറിയത്തെ ഭാര്യയായി സ്വീകരിച്ച നീതിമാനായ ജോസഫിന്റെ ഏറ്റെടുക്കലായിരുന്നു ക്രിസ്തുമസ്.
നീതിമാന്റെ കൈയും പിടിച്ചു ഉദരത്തിൽ ഉരുവായ ശിശുവിനെയും വഹിച്ചു കൊണ്ടുള്ള പരിശുദ്ധ അമ്മയുടെ മരുഭൂമിയിലൂടെയുള്ള സഹനയാത്രയായിരുന്നു ക്രിസ്തുമസ്.
ഒടുവിൽ വിജനതയുടെ വിദൂരതയിൽ കാലിത്തൊഴുത്തിലെ കച്ചക്കുള്ളിൽ സ്വയം ശൂന്യവൽക്കരിച്ചു , മാനവരാശിയുടെ രക്ഷക്കായി ആ ഉണ്ണീശോ ഭൂജാതനായി…
ആഘോഷങ്ങളും ആരവങ്ങളും അലങ്കാരങ്ങളും വേണ്ട എന്നല്ല ഇതിനർത്ഥം. അതിനൊക്കെയും അപ്പുറം എന്നെയും നിന്നെയും കാത്തിരിക്കുന്ന സ്വർഗീയവിളി സ്വായത്തമാക്കുക എന്നതാകണം ഓരോ തിരുപ്പിറവിയുടെയും ലക്ഷ്യം.
തിരഞ്ഞെടുക്കപ്പെടലിന്റെയും , സമ്മതം നൽകലിന്റെയും, ഏറ്റെടുക്കലിന്റെയും, സഹനത്തിന്റെയും, സ്വയം ശൂന്യവൽക്കാരണത്തിന്റെയും വിളിയാകണം നമുക്കോരോരുത്തർക്കും. ക്രിസ്തുമസ്.
അതിനായി
പരിശുദ്ധ അമ്മയുടെ സക്രാരിയാകുന്ന ഉദരത്തിൽ ഉണ്ണീശോയോടൊപ്പമുള്ള ഒരു തിരുപ്പിറവിക്കായി നമുക്കും ഒരുങ്ങാം . ഇനിയുള്ള 25 ദിനങ്ങൾ ദൈവം അതിനായി നമ്മെ ഒരുക്കി തീർക്കട്ടെ.
ആമ്മേൻ.
നിതിൻ പോൾ മുണ്ടുമാക്കിൽ