സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിരുനാളാണു ക്രിസ്തുമസ്. ഇസ്രായേൽ ജനം ദീർഘകാലം കാത്തിരുന്നു, തങ്ങൾക്കായി ഒരു രക്ഷകൻ ജനിക്കുമെന്ന പ്രത്യാശയോടെ. ഈ രക്ഷകൻ തങ്ങളെ റോമൻ ആധിപത്യത്തിൽനിന്നു വിമോചിപ്പിക്കുമെന്നും അവർ പ്രത്യാശിച്ചു. തങ്ങളുടെ ചരിത്രത്തിൽ പലപ്പോഴായി പ്രത്യക്ഷപ്പെട്ട പ്രവാചകന്മാർ ഈ പ്രത്യാശ അവരിൽ ഊട്ടിവളർത്തി. ദൈവത്താൽ അയയ്ക്കപ്പെട്ട ഈ പ്രവാചകന്മാർ ഇസ്രായേൽ ജനത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സമഗ്രമായ വിമോചനമാണു മനസ്സിൽ കണ്ടത്. റോമൻ ആധിപത്യത്തിൽനിന്നുള്ള വിമോചനം അവർ ഉദ്ദേശിച്ചതേയില്ല. കർത്താവായ ക്രിസ്തുതന്നെ പറഞ്ഞതു, ‘സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കാനാണല്ലോ’.
പ്രതിബന്ധങ്ങൾ
പ്രതിസന്ധികളുടെ നടുവിലായിരുന്നു ക്രിസ്തുവിന്റെ ജനനം. സീസറിന്റെ കല്പനയനുസരിച്ചുള്ള ജനങ്ങളുടെ കണക്കെടുപ്പിനുവേണ്ടി ഗർഭിണിയായ മറിയത്തിന്റെയും യൗസേപ്പിന്റെയും ബേത്ലഹം യാത്ര, ബേത്ലഹത്തിൽ വിടുതി ലഭിക്കാത്ത അവസ്ഥ, കാലിത്തൊഴുത്തിൽ മറിയം കുഞ്ഞിനെ പ്രസവിക്കുന്ന സാഹചര്യം, ശിശുവിന്റെ ജനനത്തിനുശേഷം അധികം താമസിയാതെ യൗസേപ്പും മറിയവും ശിശുവും ഈജിപ്തിലേക്കു നടത്തുന്ന യാത്ര, അവിടത്തെ അഭയാർത്ഥി ജീവിതം ഇവയെല്ലാം യേശുവിന്റെ ജനനത്തോടനുബന്ധിച്ചുനടന്ന പ്രതികൂല സംഭവങ്ങളാണ്. അവയുടെ നടുവിൽ ഉള്ള യേശുവിന്റെ ജനനം സ്വർഗീയ ദൂതന്മാർക്കും യൗസേപ്പിനും മറിയത്തിനും ആട്ടിടയന്മാർക്കും ജ്ഞാനികൾക്കും സന്തോഷദായകമായിരുന്നു എന്നു നാം സുവിശേഷത്തിൽ വായിക്കുന്നു.
‘ഇതാ, സകലജനങ്ങൾക്കും ഉള്ള സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു’ (ലൂക്കാ 2:10-11). ഇപ്രകാരമാണു ദൈവദൂതൻ യേശുവിന്റെ ജനനവാർത്ത ഇടയന്മാരെ അറിയിക്കുന്നത്. ഈ അറിയിപ്പു കഴിഞ്ഞയുടനെ ദൈവദൂതൻന്മാരുടെ ഒരു ഗണം ഒന്നിച്ചുപാടി: ‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം’ (ലൂക്കാ 2:14). സന്മനസ്സുള്ള എല്ലാവർക്കും സന്തോഷവും സമാധാനവും യേശുവിന്റെ ജനനത്തിന്റെ അനുഭവമായിരുന്നു. എന്നാൽ യേശുവിന്റെ ജനനത്തിനു തടസങ്ങൾ സൃഷ്ടിക്കുന്നവരും അവിടത്തെ ജീവനു ഭീഷണിയാകുന്നവരും അന്നുണ്ടായിരുന്നു. ബത്ലഹമിലെത്തിയ യൗസേപ്പും ഗർഭിണിയായ മറിയവും സത്രത്തിൽ വിടുതി ലഭിക്കാതെ അലയുന്ന കാഴ്ച മനുഷ്യന്റെ ഹൃദയശൂന്യത വെളിപ്പെടുത്തുന്നു. ഇന്നും കുഞ്ഞുങ്ങളുടെ ജനനത്തെ തടയുന്ന തിന്മകളുടെ ശക്തി ലോകത്തിൽ എവിടെയുമുണ്ട്.
ഓരോരോ കാര്യങ്ങൾ പറഞ്ഞു ഗർഭഛിദ്രം നടത്തുന്നവർ, പെൺമക്കളെ ഇഷ്ടപ്പെടാതെ ഇല്ലായ്മ ചെയ്യുന്നവരൊക്കെ മനുഷ്യസമൂഹത്തിൽ ഉണ്ടല്ലോ. ഗർഭസ്ഥയായ ഒരു സ്ത്രീക്കു ലഭിക്കേണ്ട പരിഗണനയും ആദരവും മറിയത്തിനു ലഭിക്കുന്നില്ല. സ്ത്രീ അപമാനിക്കപ്പെടുന്ന എത്രയോ സന്ദർഭങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നു!
സ്വന്തം താത്പര്യങ്ങളും സുഖസൗകര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയാണു സത്രത്തിലെ ആളുകൾ മറിയത്തിന് അത്യാവശ്യ സന്ദർഭമായിരുന്നിട്ടുപോലും താമസിക്കുവാനൊരു ഇടം കൊടുക്കാതിരുന്നത്. ‘യൂദയായുടെ രാജാവ്’ എന്ന തന്റെ സ്ഥാനത്തിനു ഭീഷണിയാകുമെന്നു കരുതിയാണു ഹേറോദേസ് യേശുവിനെ വധിക്കാനാഗ്രഹിച്ചത്. അതിനായി നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കൊലചെയ്തു രക്തപ്പുഴ ഒഴുക്കാൻ അയളുടെ ദുഷ്ടമനസ് പദ്ധതിയിട്ടു പ്രവർത്തിച്ചു. എങ്കിലും ദൈവകരം ഉണ്ണിയേശുവിനെ രക്ഷിച്ചു. ഇത്തരം സ്വാർത്ഥപ്രേരിതമായ പ്രവർത്തനങ്ങൾ ഇന്നും മനുഷ്യസമൂഹത്തിൽ അരങ്ങേറുന്നുണ്ട്. തങ്ങളുടെ ഭരണപരാജയങ്ങളെ മൂടിമറയ്ക്കാൻവേണ്ടി യുദ്ധങ്ങൾ പ്രഖ്യാപിച്ചു നിരപരാധരുടെ മരണത്തിനു കാരണക്കാരാകുന്ന ഭരണാധികാരികൾ ഇന്നുമുണ്ടല്ലോ.
സ്വന്തം താത്പര്യങ്ങൾ നിലനിർത്താൻവേണ്ടി തങ്ങൾക്കു ഭീഷണിയാകുമെന്നു കരുതുന്നവർക്കെതിരെ ആസൂത്രിതമായ പദ്ധതികൾ വഴി അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവർ ഇന്നും സമൂഹത്തിൽ ഉണ്ട്. എല്ലാ ഭീകരപ്രസ്ഥാനങ്ങളും ഏതെങ്കിലും ശത്രുവിനോ ശത്രുക്കൾക്കോ രാജ്യത്തിനോ എതിരായിട്ടാണു ഗൂഢാലോചനകളും അക്രമപ്രവർത്തനങ്ങളും നടത്തുന്നത്. പ്രത്യക്ഷത്തിൽ സുഹൃത്തുക്കളും സഹകാരികളും എന്നു തോന്നത്തക്കവിധം പ്രവർത്തിക്കുമ്പോഴും കൂടെ നിൽക്കുന്നവർക്കെതിരെ കരുക്കൾ നീക്കി അവരെ നശിപ്പിക്കുന്നവരുമുണ്ട്. യേശുവിന്റെ ജീവിതത്തിൽ അവിടത്തെ പ്രതിയോഗികൾ ഇത്തരം കാപട്യത്തിന്റെ ഉടമകളായിരുന്നു.
ഫരിസേയരും സദ്ദുക്കായരും നിയമപണ്ഡിതരും പുരോഹിതപ്രമാണികളും ഇപ്രകാരം കപടതനിറഞ്ഞ പ്രവർത്തനങ്ങൾ യേശുവിനെതിരെ നിരന്തരം നടത്തിക്കൊണ്ടിരുന്നു. അവരുടെ കാപട്യത്തിന്റെ ക്രൂരമായ പ്രകടനമാണു യേശുവിന്റെ സഹനത്തിലും കുരിശുമരണത്തിലും നാം കാണുന്നത്. എന്നാൽ കപടത നിറഞ്ഞ ലോകത്തിൽ സത്യം എന്നേക്കുമായി നിരസിക്കപ്പെടുകയില്ല. ദൈവത്തിന്റെ പ്രവർത്തനം സത്യത്തെ വിജയത്തിലെത്തിക്കും. യേശുവിന്റെ ഉത്ഥാനം സത്യത്തിന്റെ വിജയമാണ്.
രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സത്യത്തെയും നീതിയെയും നിരാകരിച്ചു കപടതന്ത്രങ്ങളിലൂടെ സ്വാർത്ഥലാഭങ്ങൾ തേടുന്നവരെ ഇന്നും കാണാൻ കഴിയും. ഭരണതലങ്ങളിലും നീതിന്യായസംവിധാനങ്ങളിൽപോലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുമ്പോൾ നിരപരാധികളായ മനുഷ്യരാണു ബലിയാടുകളായിത്തീരുന്നത്. കാപട്യംനിറഞ്ഞ ഇത്തരം പ്രവർത്തനശൈലി മതനേതാക്കളെയും ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്നു ഭാവിക്കുന്നവരെപോലും സ്വാധീനിച്ചെന്നുവരാം.
അങ്ങനെ വരുമ്പോൾ ക്രിസ്തുവിന്റെ സന്ദേശവും സാക്ഷ്യവുമാണു മനുഷ്യസമൂഹത്തിൽ വികലമായി ചിത്രീകരിക്കപ്പെടുന്നത്. അന്ന് എന്നതുപോലെ ഇന്നും ക്രിസ്തുവിന്റെ സ്ഥാനത്തു നിരപരാധികൾ പീഡിപ്പിക്കപ്പെടുകയും കുരിശിന്റെ അനുഭവത്തിലേക്ക് ആനയിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ലൗകികശക്തികളുടെ സമ്മർദ്ദത്തിൽ നിരപരാധികൾക്കുവേണ്ടി നിലകൊള്ളാൻ നിർമ്മലമനസ്സർക്കും നീതിബോധമുള്ളവർക്കും സാധിക്കാതെവരുന്ന സാഹചര്യങ്ങൾ ഇന്നും നമുക്കു കാണാം.
പ്രത്യാശ
ദുഃഖകരമായ ഈ ലോക ജീവിത സാഹചര്യങ്ങളിലും ക്രിസ്തു ലോകത്തിലുദിച്ച പ്രത്യാശയുടെ ഉദയസൂര്യനാണ്. ‘അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു’ (മത്താ. 4:16). എന്നാണു യേശുവിന്റെ ദൗത്യത്തെക്കുറിച്ചു മത്തായിശ്ലീഹ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രത്യാശ ഇന്നു നമുക്കുമുണ്ടാകണം. കോവിഡ് 19 മഹാമാരി ലോകജനതയെ നിശ്ശേഷം നശിപ്പിക്കുമെന്നു നാം ഭയപ്പെട്ടിരുന്നു.
ഈ മഹാബാധയുടെ ബാക്കിപത്രം പൂർണമായിട്ടില്ല. വ്യാധി ഇപ്പോഴും തുടരുകയാണല്ലോ. ഇതിനകം അമേരിക്കയിൽ 8 ലക്ഷം പേരും ബ്രസീലിൽ 6.1 ലക്ഷം പേരും ഇന്ത്യയിൽ 4.75 ലക്ഷം പേരും മരണമടഞ്ഞുകഴിഞ്ഞു. കോവിഡിന്റെ മൂന്നാം വകഭേദം വ്യാപിക്കുന്ന സന്ദർഭമാണല്ലോ ഇത്. ഈ പുതിയ വൈറസിന്റെ ആക്രമണത്തിൽ മരണം കുറവാണെങ്കിലും രോഗവ്യാപനം അതിശീഘ്രമാണ്. എങ്കിലും ഇതുവരെയും പ്രതിരോധവും ചികിത്സയും വഴി പിടിച്ചുനിന്ന മനുഷ്യസമൂഹം കോവിഡ് മഹാമാരിയെ അതിജീവിക്കുമെന്ന പ്രത്യാശ നമ്മെ ശക്തിപ്പെടുത്തുന്നു.
ഏതൊരു പ്രതിസന്ധിയിലും പ്രത്യാശയാണു നമ്മെ നയിക്കേണ്ട ചാലകശക്തി. കോവിഡുകാലത്തു നാം പഠിച്ച വലിയൊരു പാഠമാണിത്. വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും തലത്തിൽ ഏതു പ്രതിസന്ധികളുടെ സമയത്തും ചെറുത്തുനിൽക്കുവാനുള്ള ശക്തി നാം സംഭരിക്കണം. യൗസേപ്പിനും മറിയത്തിനും അതുണ്ടായിരുന്നു. എന്നാൽ അവർ തനിയെയല്ല ആ ശക്തി നേടിയത്, പിന്നെയോ ദൈവത്തോടൊപ്പമാണ്. ദൈവാശ്രയത്വം എല്ലാക്കാര്യങ്ങളിലും അവരുടെ അടിസ്ഥാനശക്തിയായിരുന്നു.
ഈ ശക്തി മനുഷ്യനു നൽകാനാണു ദൈവപുത്രൻ മനുഷ്യനായത്. അവിടത്തെ രക്ഷാകരദൗത്യത്തിലൂടെ അവിടന്ന് ഇന്നും മനുഷ്യനെ ശക്തിപ്പെടുത്തുന്നുണ്ട്. അവിടന്നിൽ ആശ്രയിക്കുന്നവർക്ക് ആ ശക്തി ലഭിക്കും. ഏതു പ്രതിസന്ധിയെയും നേരിടാനും വിജയിക്കാനും അവിടത്തെ ശക്തി ഇന്നു മനുഷ്യനു പ്രത്യാശ നൽകുന്നു. അവിടത്തോടൊപ്പം പ്രവർത്തിക്കുന്നവർക്കു സത്യവും നീതിയും വൈകിയെങ്കിലും നേടുവാൻ കഴിയും. പ്രത്യാശയോടെ കാത്തിരിക്കണം; ദൈവത്തിൽ ആശ്രയിച്ചു പരിശ്രമിക്കണം. കാത്തിരിപ്പുകഴിഞ്ഞു സന്തോഷവും സമാധാനവും ലഭിക്കുമെന്നതാണു ക്രിസ്തുമസ് നൽകുന്ന സന്ദേശം.