ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് . യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്.
സാന്റാക്ലോസ് അപ്പൂപ്പൻ
ക്രിസ്തുമസ് നാളുകളിൽ സാർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ് സാന്റാക്ലോസ്. നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്റാക്ലോസായി മാറിയത്. ക്രിസ്തുമസ് ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താൽ ഡച്ചുകാർ സെന്റ് നിക്കോളസിനെ ക്രിസ്തുമസ് സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ് നിക്കോളസ് എന്നത് ലോപിച്ച് സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ് അപ്പൂപ്പൻ, ക്രിസ്തുമസ് പപ്പാ, അങ്കിൾ സാന്റാക്ലോസ് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു.
ക്രിസ്തുമസ് മരം
ക്രിസ്തുമസ് ആഘോഷത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ് ക്രിസ്തുമസ് മരം. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ് ജർമ്മൻകാർ ക്രിസ്തുമസ് മരത്തെ കണ്ടിരുന്നത്. ക്രിസ്തുമസ് നാളുകളിൽ പിരമിഡ് ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ തൂപികാഗ്രികളോ ആണ് ക്രിസ്തുമസ് മരമൊരുക്കാൻ സാധാരണ ഉപയോഗിക്കുന്നത്. അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്.
ക്രിസ്തുമസ് നക്ഷത്രം
ക്രിസ്തുമസ് നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളിൽ നിലവിലുണ്ട്. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്. യേശുവിന്റെ ജനനമറിഞ്ഞു ബെത്ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്.പുൽക്കൂട്ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ് ക്രിസ്തുമസ്സിന് പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ 1223ൽ വിശുദ്ധ ഫ്രാൻസിസ് അസീസി ഒരുക്കിയ പുൽക്കൂടാണ് ഈ ആചാരത്തെ സാർവത്രികമാക്കിയത്. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാൻസിസ് ജീവനുള്ള മൃഗങ്ങളുമായി യഥാർഥ കാലിത്തൊഴുത്താണ് അവതരിപ്പിച്ചത്. ഏതായാലും പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുൽക്കൂട് ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളിൽ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട് ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ക്രിസ്തുമസ് കാർഡുകൾ
ക്രിസ്തുമസ് ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്തുമസ് കാർഡുകളാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം; എന്ന വാക്കാണ് ക്രിസ്തുമസ് കാർഡുകളിലേക്ക് പടരുന്നത്. ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്. നൂറ്റാണ്ടുകളോളം യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് കാർഡുകളിൽ പതിപ്പിച്ചിരുന്നത്. എന്നാൽ ക്രിസ്തുമസ് ആഘോഷത്തെ കൂടുതൽ ജനകീയമാക്കുവാൻ ഇന്ന് മതപരമായ ചിത്രങ്ങൾ ഒഴിവാക്കിയാണ് ക്രിസ്തുമസ് കാർഡുകൾ അണിയിക്കുന്നത്.1846 -ലാണ് ആദ്യ ക്രിസ്തുമസ് കാർഡ് ഉപയോഗിച്ചിട്ടുള്ളത്.
By, Deepu