മാത്യൂ ചെമ്പുകണ്ടത്തിൽ എഴുതുന്നു: ഇന്ത്യയിലെ എല്ലാ ക്രൈസ്തവര്‍ക്കും ചേര്‍ന്നു പ്രവര്‍ത്തിക്കാൻ അഖിലേന്ത്യാ തലത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് “കാസ” (CASA – Christian Association and Alliance for Social Action) എന്ന ക്രൈസ്തവ സംഘടന മുന്നിട്ടിറങ്ങണമെന്ന വാദത്തിന് പ്രസക്തിയേറുന്നു.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ എല്ലാ വിഭാഗം ക്രൈസ്തവ സഭകളുടെയും പിന്തുണ നേടിയ പ്രസ്ഥാനമാണ് കാസ. കേരളത്തിലെ ക്രൈസ്തവ സഭകളെയെല്ലാം ഇതിനോടകം ഒരേനിരയിൽ ചേർത്തു നിർത്താനും വിശ്വാസികളും നേതാക്കന്മാരുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും കാസ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടിരിക്കുന്നു. അതിനാൽ എല്ലാ ക്രൈസ്തവ സഭകളുടെയും പിന്തുണയുള്ള രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണത്തിന് മുൻകൈയെടുക്കാൻ ‘കാസ’യോളം യോഗ്യതയുള്ള സംഘടന ഇല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ക്രൈസ്തവ സഭകളുടെ സാമൂഹിക – രാഷ്ട്രീയ പുരോഗതിക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് കാസ സ്വീകരിച്ചിട്ടുള്ളത്. ‘കാസ’യെ മറ്റ് ക്രൈസ്തവ സംഘടനകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഇത്തരം നിലപാടുകളാണ്. രാഷ്ട്രീയ, ലൗജീഹാദ് വിഷയങ്ങളിൽ കാസയുടെ സഭാ സ്നേഹം ക്രൈസ്തവരെല്ലാം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയുള്ള പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പിന്തുണ നേടിയെടുത്തു കൊണ്ട് മുന്നേറുക എന്ന കാലഘട്ടം ഏൽപ്പിക്കുന്ന ദൗത്യമാണ് കാസയുടെ നേതൃത്യം ഏറ്റെടുക്കേണ്ടത്.
ക്രൈസ്തവ സമൂഹം നേരിടുന്ന സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ കേരള, കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ശക്തമായ രാഷ്ട്രീയ മുന്നേറ്റം ഇന്ന് അനിവാര്യമാണ്. വോട്ടുവിഹിതം കാണിച്ചാല്‍ മാത്രം പ്രസാദിക്കുന്ന മൂര്‍ത്തികളായി എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികൾ മാറിയതിനാല്‍ തങ്ങളുടെ വോട്ടുവിഹിതം സമാഹരിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. വോട്ടുവിഹിതത്തിന്റെ തോതനുസരിച്ചു മാത്രമേ നീതിയും അവകാശങ്ങളും ലഭിക്കൂ എന്നൊരു തോന്നല്‍ എല്ലാ വിഭാഗം ജനങ്ങളിലുമുണ്ട്.
എന്നാൽ, വർഷം തോറും ജനസംഖ്യയില്‍ കാര്യമായ കുറവു നേരിടുന്നുവെന്നതും തങ്ങൾ അസംഘടിതരുമാണെന്ന യാഥാർത്ഥ്യം ക്രൈസ്തവ സമൂഹത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. കേരളത്തിലെ മതപ്രീണന രാഷ്ട്രീയത്തെ അതേനിലയില്‍ നേരിടാതെ മുന്നോട്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. രാഷ്ട്രീയ ധാര്‍മ്മികതയും മതേതരത്യവും ഉയർത്തിപ്പിടിക്കുന്ന വെറും പരസ്യബോർഡുകളായി ക്രൈസ്തവ സമൂഹം നിലകൊണ്ടാൽ, അതിന്റെ രക്തസാക്ഷിയായി മാറാൻ അധികകാലം വേണ്ടി വരില്ല എന്ന തിരിച്ചറിവ് ക്രൈസ്തവരില്‍ ശക്തമാവുകയാണ്.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നാണ് പറയുന്നതെങ്കിലും ക്രൈസ്തവര്‍ അലമുറയിട്ടു കരഞ്ഞിട്ടും ബധിരകര്‍ണ്ണങ്ങളിലാണ് അതെല്ലാം എത്തിച്ചേരുന്നത്. സംവരണ വിഷയത്തില്‍ പരാജയപ്പെട്ട വിഭാഗത്തെ പ്രസാദിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ നേരിട്ട് സുപ്രീം കോടതിയില്‍ പോയതും ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ സ്വകാര്യവേദികളിലെ പ്രസംഗങ്ങളില്‍ പോലും ഇടതു വലതു – നേതാക്കന്മാർ പരസ്യമായി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും അഭിപ്രായം പറയുന്നതുമെല്ലാം മതപ്രീണന രാഷ്ട്രീയത്തെ മുന്നിൽകണ്ടു മാത്രമാണ്. അതിനാൽ, മതപരമായി സംഘടിച്ച് വോട്ടു വിഹിതം ഉയര്‍ത്തിക്കാണിച്ചാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്ന അസംതുലിതാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതിന് ക്രൈസ്തവർക്ക് സ്വന്തമായി രാഷ്ട്രീയ സംഘടന ഉണ്ടാകേണ്ടതുണ്ട്.
തകർന്നുകൊണ്ടിരിക്കുന്ന കേരളാ കോൺഗ്രസ് രാഷ്ട്രീയം വാസ്തവത്തിൽ ക്രൈസ്തവർക്ക് കടുത്ത ബാധ്യതയായി നിലനിൽക്കുന്നു. ഇടത് – വലത് മുന്നണികളുടെ റാൻമൂളികളായ ഈ “കൊമ്പൻ മീശക്കാരുടെ രാഷ്ട്രീയം” തകർച്ചയുടെ ഒടുവിലത്തെ പടിയിലാണ്. “എനിക്കു ശേഷം പ്രളയം” എന്നു ചിന്തിക്കുന്ന കേ-കോ നേതാക്കൾക്ക് രാഷ്ട്രീയമെന്നത് തങ്ങളുടെ പണവും പേരും പ്രശസ്തിയും ഉയർത്താനുള്ള മാർഗ്ഗം മാത്രമാണ്. മക്കൾ രാഷ്ട്രീയത്തിലൂടെ അധഃപതനത്തിൻ്റെ ആഴത്തിലേക്ക് നിപതിച്ച ഈ പ്രസ്ഥാനങ്ങളെല്ലാം ഇന്ന് മരണക്കിടക്കയിലാണ്. അവരെ ദയാവധത്തിന് വിട്ടുകൊടുക്കുക മാത്രമേ ഇനി ചെയ്യാനുള്ളൂ.
മലയാളി ക്രൈസ്തവ സമൂഹം ലൗ ജിഹാദ് വിഷയത്തിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണ് എന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ഇതിനേക്കാൾ ഗൗരവുള്ള നിരവധി വിഷയങ്ങളെ നമ്മൾ കാണാതെ പോകുന്നുണ്ട്. കേരളത്തിലെ ഭൂരിപക്ഷം ക്രൈസ്തവരും ഒരു ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെയുള്ള സ്ഥലത്തിനുള്ളില്‍ കൃഷിചെയ്യുന്ന കര്‍ഷകരാണ്. അവര്‍ ഇന്ന് നേരിടുന്നത് ഗുരുതരമായ വന്യമൃഗശല്യമാണ്. പന്നിയെന്ന ക്ഷുദ്രജീവിയുടെ നിയന്ത്രണാതീതിമായ പെരുപ്പം ഏതാനും വർഷങ്ങൾക്കുള്ളിൽ കര്‍ഷകരെ കാര്‍ഷികവൃത്തിയില്‍നിന്ന് എന്നെന്നേക്കുമായി പിന്തിരിപ്പിക്കും.
ഇത് ക്രൈസ്തവസമൂഹത്തിന്റെ തുടര്‍ന്നുള്ള അതിജീവനത്തെയാണ് ബാധിക്കുക. ഇതിനെതിരേ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഈ ആവശ്യത്തിനായി ഇനി കേരളസര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും തോന്നുന്നില്ല. കൂടാതെ തേങ്ങ, റബ്ബര്‍, കുരുമുളക് തുടങ്ങി എല്ലാവിധ കാര്‍ഷികോത്പന്നങ്ങളുടെ അടിസ്ഥാനവില താഴ്ന്നുപോകാതെ സംരക്ഷിക്കേണ്ടതിനും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ഇവിടെയെല്ലാം ക്രൈസ്തവ സമൂഹത്തിൻ്റെ ശബ്ദമാകാൻ ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം അത്യന്തതാപേക്ഷിതമാണ് എന്നത് വ്യക്തമാക്കുന്നു.
തിരുവനന്തപുരം മുതല്‍ ചാവക്കാട് വരെയുള്ള തീരപ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ 200 ഓളം മത്സ്യബന്ധന ബോട്ടുകളാണ് ലത്തീന്‍ സമുദായത്തില്‍പെട്ട സഹോദരങ്ങള്‍ക്ക് വില്‍പ്പന നടത്തി മത്സ്യബന്ധനത്തില്നിന്നും പിന്മാറേണ്ടി വന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ വ്യക്തി കഴിഞ്ഞ ദിവസം വ്യക്തിപരമായി എന്നോടു വെളിപ്പെടുത്തിയതാണ് ഈ വിവരം.
മണ്ണെണ്ണയുടെ വിലക്കയറ്റം എല്ലാ മത്സ്യബന്ധന തൊഴിലാളികളേയും ബാധിച്ചുവെങ്കിലും സമൂഹത്തിലെ അടിസ്ഥാനവര്‍ഗ്ഗം നേരിടുന്ന ഇത്തരം പ്രതിസന്ധികൾക്കു നേരേ സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയമാണ്. ഇതുപോലുള്ള നിരവധി വിഷയങ്ങളില്‍ രാഷ്ട്രീയമായി ഇടപെടാന്‍ നമുക്ക് കെട്ടുറപ്പുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇടത് -വലത് മുന്നണികളില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ക്രൈസ്തവര്‍ ഇന്ന് കൂട്ടത്തോടെ ബിജെപി പാളയത്തിലേക്ക് കയറിച്ചെല്ലുന്നുണ്ട്. ക്രൈസ്തവർ നിരുപാധികമായി ബിജെപിക്ക് കീഴടങ്ങുന്നത് ക്രൈസ്തവ സമൂഹത്തിന് യാതൊരു ഗുണവും ചെയ്യില്ല. ബിജെപിയില്‍ ലയിച്ച അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവരുടെ സ്ഥിതിയായിരിക്കും ഫലം. ക്രൈസ്തവര്‍ സ്വതന്ത്ര രാഷ്ട്രീയപ്രസ്ഥാനമായി സംഘടിച്ച് മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായാല്‍ മാത്രമേ അത് സഭയ്ക്കും സമൂഹത്തിനും ഗുണം ചെയ്യുകയുള്ളൂ.
കേരളത്തിലും ഗോവയിലും നിരവധി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവർ ബിജെപിയോട് ചേർന്നു നിൽക്കുമ്പോഴും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്രഹിന്ദു സംഘടനകളിൽ നിന്ന് ക്രൈസ്തവർ കടുത്ത പീഡനങ്ങൾ നേരിടുന്നുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് രാഷ്ട്രീയ ഇടപെടലുകൾ വഴിയാണ്.
ഇതിൽ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം, അഖിലേന്ത്യാ തലത്തിൽ ശക്തമായ ഒരു ക്രിസ്റ്റ്യൻ രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാകണം എന്നതാണ്. ഇത്തരമൊരു പ്രസ്ഥാനത്തിന് CASA പോലൊരു ജനകീയ സംഘടന രൂപം കൊടുത്താൽ അത് ഇന്ത്യൻ ക്രൈസ്തവരിൽ ഏറെ പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമായി വളരും.
By, മാത്യൂ ചെമ്പുകണ്ടത്തിൽ