കല്യാണ ദിനം അടുത്തു വരുമ്പോഴേക്കും ആ യുവാവിന്റെ ഹൃദയമിടിപ്പ് കൂടി.
വികാരിയച്ചന്നരികെ നമസ്ക്കാരം ചൊല്ലി കേൾപ്പിക്കാനുള്ള പേടിയായിരുന്നു കാരണം…
പതിവുപോലെ ആ ദിവസം വന്നു.
“നമസ്ക്കാരങ്ങൾ എല്ലാം അറിയാമോ?”
അച്ചൻ ചോദിച്ചു:
“അറിയാം”, അവൻ കള്ളം പറഞ്ഞു.
സ്വർഗ്ഗസ്ഥനായ പിതാവേ,
വിശ്വാസ പ്രമാണം തുടങ്ങി ഓരോന്നോരോന്നായി അച്ചനവനോട് ചോദിച്ചു. ഒന്നിനും ശരിയായ് ഉത്തരം നൽകാൻ അവന് കഴിഞ്ഞില്ല.
എല്ലാ ചോദ്യത്തിനും അവന്
ഒരു മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ:
“എല്ലാം പഠിച്ചതായിരുന്നു ….
ഇപ്പം മറന്നുപോയി.”
“വിവാഹം നടത്തണമെങ്കിൽ നമസ്ക്കാരം അറിയണം”
അച്ചന്റെ ശബ്ദമുയർന്നു.
അക്ഷമനായി അവൻ അച്ചനോട് തിരിച്ച് ചോദിച്ചു:
“നമസ്ക്കാരവും വിവാഹവും
തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?”
മനസിലുയർന്ന ദേഷ്യം കടിച്ചമർത്തി
അച്ചൻ പറഞ്ഞു:
“ബന്ധമുണ്ട്, അതുകൊണ്ടാണ് നമസ്ക്കാരങ്ങൾ പഠിക്കണമെന്ന് തിരുസഭ അനുശാസിക്കുന്നത്.
വിവാഹമെന്ന കൂദാശ കുടുംബ ജീവിതം നയിക്കാനുള്ള വിളിയാണ്.
അപ്പനും അമ്മയുമാകാനുള്ള
ദൈവീക ആഹ്വാനം. മക്കളെ വിശ്വാസത്തിൽ വളർത്തുക എന്നത് മാതാപിതാക്കളുടെ കടമയാണ്.
അതിന് ഏറ്റവും പ്രധാനമാണ് കുടുംബപ്രാർത്ഥന.
കുടുംബപ്രാർത്ഥന ചൊല്ലണമെങ്കിൽ ഞാനിന്ന് നിന്നോട് ചോദിച്ച നമസ്ക്കാരങ്ങളെല്ലാം അറിഞ്ഞിരിക്കണം.
ഈ പ്രാർത്ഥനകൾ അറിഞ്ഞില്ലെങ്കിൽ വിവാഹ ശേഷം നിന്റെ ജീവിതപങ്കാളി പ്രാർത്ഥനയ്ക്ക് മുട്ടുകുത്തുമ്പോൾ
നീ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറും. അതുകൊണ്ട് നമസ്ക്കാരങ്ങൾ പഠിക്കുക.”
പ്രാർത്ഥനകൾ പഠിച്ചുവരാമെന്ന് പറഞ്ഞ് ആ യുവാവ് പള്ളിമേടയിൽ നിന്നും യാത്രയായി.
എന്തിനാണ് നമസ്ക്കാരങ്ങൾ പഠിക്കുന്നതെന്ന് പലർക്കും നിശ്ചയമില്ല. ചെറുപ്പത്തിൽ പഠിച്ചത് പലതും വലുതാകുമ്പോൾ മറന്നു പോകുന്നു. അതിനർത്ഥം പ്രാർത്ഥനകളിൽ സജീവമായി പങ്കാളിയാകുന്നില്ലെന്ന് തന്നെയാണല്ലോ!
വിവാഹവിരുന്നിനെക്കുറിച്ചുള്ള ഉപമയിൽ ക്ഷണിക്കപ്പെട്ടവർ പലരും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയതിനെക്കുറിച്ച് വിശുദ്ധ ബൈബിൾ പ്രതിപാദിക്കുന്നുണ്ട്:
“എന്നാല്, ക്ഷണിക്കപ്പെട്ടവർ
അതു വകവയ്ക്കാതെ ഒരുവന് വയലിലേക്കും, വേറൊരുവന് വ്യാപാരത്തിനും പൊയ്ക്കളഞ്ഞു”
(മത്തായി 22 : 5).
പ്രാധാന്യം നൽകേണ്ടവയ്ക്ക്
പ്രാധാന്യം നൽകാതെ
മറ്റു പലതിനും അമിത പ്രാധാന്യം നൽകുമ്പോൾ
ജീവിതം തകരുമെന്നത് ഉറപ്പിച്ച് പറയുകയാണിവിടെ.
കുടുംബ ജീവിതത്തിന്റെ അടിസ്ഥാനമാണ് കുടുംബപ്രാർത്ഥനയും വ്യക്തിപരമായ പ്രാർത്ഥനയുമെന്ന് നമ്മൾ മറക്കരുത്.
പ്രാധാന്യം നൽകേണ്ടതിന്
പ്രാധാന്യം നൽകാതിരിക്കുമ്പോൾ
കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിന് അത് വിള്ളലേൽക്കുമെന്നത് സുനിശ്ചയമാണ്.
By, ഫാദർ ജെൻസൺ ലാസലെറ്റ്. നവംബർ 18-2021.
https://www.facebook.com/profile.php?id=100050372997201